നാട്യങ്ങളില്ലാത്ത മനുഷ്യനായിരുന്നു ശങ്കരാടി. ഒക്‌ടോബര്‍ എട്ടിന് ശങ്കരാടി നമ്മെ വിട്ടുപിരിഞ്ഞിട്ട് പത്ത് വര്‍ഷം തികയുന്നു. സിനിമയ്ക്കകത്തുള്ളവര്‍ക്ക് ശങ്കരാടി കാരണവര്‍ ആയിരുന്നു. ബീഡിയും വലിച്ച് നടക്കുന്ന അദ്ദേഹത്തെ കണ്ടാല്‍ സിനിമാ താരത്തിന്റെ ആര്‍ഭാടമൊന്നും തോന്നില്ലായിരുന്നു. വടക്കന്‍ പറവൂര്‍ മേമന വീട്ടില്‍ കണക്ക ചെമ്പകരാമന്‍ പരമേശ്വരന്‍ പിള്ളയുടെയും ചെറായി ശങ്കരാടി ജാനകിയമ്മയുടെയും മകനായ ചന്ദ്രശേഖരന്‍ മേനോന്‍ എന്ന ശങ്കരാടി എന്നും സ്വഭാവനിഷ്ഠയുള്ള വ്യക്തിയായിരുന്നു. താന്‍ വിശ്വസിച്ച ആദര്‍ശങ്ങളും പ്രത്യയശാസ്ത്രങ്ങളും ശങ്കരാടി മരണം വരെ മുറുകെപ്പിടിച്ചു. നാടകത്തിലും സിനിമയിലും വരുന്നതിനു മുമ്പ് അദ്ദേഹം കറയറ്റ ഒരു കമ്മ്യൂണിസ്റ്റായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് ശങ്കരാടി കെ പി എ സി നാടക ട്രൂപ്പില്‍ എത്തിച്ചേരുന്നത്. സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി വേണ്ടത്ര അംഗീകാരവും പ്രോത്സാഹനവും നല്‍കിയിരുന്ന ഒരു കാലമായിരുന്നു അത്.
നാടകജീവിതത്തില്‍ നിന്ന് ശങ്കരാടിയെ സിനിമയില്‍ എത്തിക്കാന്‍ വഴിയൊരുക്കിയത് പ്രശസ്ത സിനിമാ നിര്‍മാതാവും സംവിധായകനുമായ കുഞ്ചാക്കോയാണ്. ആദ്യമായി ശങ്കരാടി അഭിനയിച്ചത് സത്യന്റെ അച്ഛനായിട്ടാണ്. ഇരുപത്തിയേഴു വയസുകാരന്‍ അന്‍പതുകാരന്റെ അച്ഛനായി, കടലമ്മ എന്ന ചിത്രത്തില്‍. പിന്നീട് എഴുന്നൂറോളം സിനിമകളില്‍ എന്തെല്ലാം വേഷങ്ങള്‍. ബറോഡയില്‍ മറൈന്‍ എന്‍ജിനീയറിംഗ് പഠിക്കാന്‍ പോയിരുന്നെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അവിടെയും ശങ്കരാടി കമ്മ്യൂണിസ്റ്റായിരുന്നു. ഇതിന്റെ പേരില്‍ അദ്ദേഹം ജയില്‍ശിക്ഷ അനുഭവിച്ചു. ശങ്കരാടിയുടെ ബീഡിവലി വളരെ പ്രസിദ്ധമാണ്. എല്ലാവരും ബീഡി ചുണ്ടോടടിപ്പിക്കുമ്പോള്‍ അദ്ദേഹം ചുണ്ട് ബീഡിയുടെ അടുത്തേയ്ക്ക് കൊണ്ട് പോകുമായിരുന്നു. ഒരുകാലത്ത് ശങ്കരാടി മലയാളസിനിമയുടെ അനിവാര്യഘടകമായിരുന്നു. ഇരുട്ടിന്റെ ആത്മാവിലെ അച്യുതന്‍ നായരും അസുരവിത്തിലെ അധികാരിയും ശങ്കരാടിക്ക് ഒന്നാംകിട നടനെന്ന ഖ്യാതി നേടിക്കൊടുത്തു. വാഴ്‌വേമായം, എഴുതാത്ത കഥ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ഗവണ്‍മെന്റ് അവാര്‍ഡ് 1970 ല്‍ അദ്ദേഹത്തിന് ലഭിച്ചു. നിര്‍മാല്യത്തിലെ വെളിച്ചപ്പാടായി അഭിനയിക്കാന്‍ ക്ഷണം കിട്ടിയപ്പോള്‍ ശങ്കരാടി അത് നിരസിക്കുകയും പൊക്കമില്ലായ്മ പ്രശ്‌നമായതു കാരണം ആ റോള്‍ പി ജെ ആന്റണി ഭംഗിയായി കൈകാര്യം ചെയ്യുമെന്നും പറഞ്ഞ് അദ്ദേഹം അതില്‍നിന്നും പിന്‍തിരിഞ്ഞു. രാഷ്ട്രീയ ജീവിതത്തിലെയും സിനിമയിലെയും തിരക്കില്‍ വൈവാഹിക ജീവിതം തുടങ്ങാന്‍ അദ്ദേഹം വിസ്മരിച്ചുപോയി. ഒടുവില്‍ അമ്പത്തിരണ്ടാം വയസിലാണ് വിവാഹത്തിന് സമയം കണ്ടെത്തിയത്. തികഞ്ഞ കമ്മ്യൂണിസ്റ്റായിരുന്ന ശങ്കരാടിയുടെ ചില കമ്മ്യൂണിസ്റ്റ് കഥാപാത്രങ്ങളെ ഇവിടെ അനുസ്മരിക്കാം. ഇങ്കിലാബ് സിന്ദാബാദിലെ നീര്‍ക്കുന്നം നീലാംബരന്‍, അഭയത്തിലെ സഖാവ് ശങ്കരന്‍, നീലക്കണ്ണുകളിലെ തൊഴിലാളി നേതാവ്, നേതാവിലെ കൃഷ്ണന്‍, നഖങ്ങളിലെ അച്യുതന്‍ നായര്‍ എന്നിവ എടുത്തുപറയത്തക്കവയാണ്. അസുരവിത്ത്-അധികാരി, ത്രിവേണി-ശങ്കരപിള്ള, അരനാഴികനേരം-ഗീവര്‍ഗീസച്ചായന്‍, ഫുട്‌ബോള്‍ ചാമ്പ്യന്‍-കോച്ച് രാമകൃഷ്ണപിള്ള, ഇതാ ഇവിടെവരെ-ശിവരാമന്‍ നായര്‍, ഒരുയുഗസന്ധ്യ-അടിയാന്‍ കുട്ടായി, സുഖമോദേവി-ക്യാപ്റ്റന്‍ രാജശേഖരന്‍, ഹലോ ഡാര്‍ലിങ്-പലിശ പാച്ചുപിള്ള, ചീനവല-കോന്തി, മിനിമോള്‍-ലോറി ഡ്രൈവര്‍, മനസ്സൊരു മയില്‍-ഡോ പിള്ള, ഗുരുവായൂര്‍ കേശവന്‍-കാര്യസ്ഥന്‍ ഗോവിന്ദന്‍ നായര്‍, ഇന്നലെ ഇന്ന്-നാണു ആശാന്‍, പ്രഭാതസന്ധ്യ-അടുക്കളക്കാരന്‍ നമ്പൂതിരി, ദൂരം അരികെ-സ്റ്റേഷന്‍ മാസ്റ്റര്‍, അങ്ങാടി-അഡ്വ കരുണാകരന്‍, അമ്മിണി അമ്മാവന്‍-അമ്മാവന്‍ തുടങ്ങി എത്രയെത്ര അനശ്വര കഥാപാത്രങ്ങളെയാണ് ശ്രീ ശങ്കരാടി അവതിപ്പിച്ചിട്ടുള്ളത്. തോപ്പില്‍ഭാസിയുടെ മൂലധനം നാടകം സിനിയാക്കിയപ്പോള്‍ മുസ്ലീം കഥാപാത്രത്തെ അവതരിപ്പിച്ചത് ശങ്കരാടിയാണ്. നാടകത്തിലും സിനിമയിലും ഒരുപോലെ ശോഭിച്ച അദ്ദേഹം മലയാള സിനിമയിലെ എണ്ണംപറഞ്ഞ സ്വഭാവ നടനായിരുന്നു. നാടകത്തെ നാടകമായും സിനിമയെ സിനിമയായും വേറിട്ട് കണ്ട് തന്മയത്വമാര്‍ന്ന അഭിനയം കാഴ്ചവയ്ക്കാനുള്ള അസാധാരണമായ കഴിവ് ശങ്കരാടിക്കുണ്ടായിരുന്നു.
വ്യതിരിക്തവും അപൂര്‍വവുമായ ഒരു പ്രതിഭയുടെ ഉടമയായിരുന്നു ശങ്കരാടി. രംഗവേദിക്കും ദൃശ്യവേദിക്കും അദ്ദേഹം നല്‍കിയ സംഭാവനകള്‍ ചെറുതല്ല. അദ്ദേഹത്തിന്റെ പ്രത്യേകത നിറഞ്ഞ അഭിനയശൈലിക്ക് പകരംവയ്ക്കാന്‍ മറ്റൊന്നില്ല തന്നെ. അദ്ദേഹത്തെയും അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളെയും കലാലോകം വിസ്മരിക്കില്ല എന്നു തന്നെ കരുതാം. ശങ്കരാടിക്കുപകരം മലയാള സിനിമയില്‍ ശങ്കരാടി മാത്രം.
|