ആലപ്പുഴ: ഗുജറാത്ത് കലാപത്തിന്റെ കഥപറയുന്ന കുത്ബുദ്ദീന്‍ അന്‍സാരിയെന്ന ഏകാങ്ക നാടകത്തിന്റെ അവതരണം സംഘപരിവാര്‍ വിലക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നു.
ഫാസിസവും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവുമാണ് ഇത്തരം വിലക്കുകളെന്ന്് പ്രതിഷേധവുമായി രംഗത്തെത്തിയ വിവിധ സംഘടനകളും സാംസ്‌കാരിക പ്രവര്‍ത്തകരും അഭിപ്രായപെടുന്നു. തിരുവമ്പാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഗുജറാത്ത് കലാപത്തിന്റെ പ്രതീകമായ കുത്ബുദ്ദീന്‍ അന്‍സാരിയുടെ കഥപറയുന്ന നാടകം ഇന്നലെ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ നാടകം അവതരിപ്പിച്ചാല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന ബിജെപിയുടെയും സംഘപരിവാര സംഘടനകളുടെയും മുന്നറിയിപ്പിനെത്തുടര്‍ന്ന് നാടകം വേണ്ടെന്നുവയ്ക്കുകയായിരുന്നു. ഗോപി കുറ്റിക്കോല്‍ സംവിധാനം ചെയ്ത ഏകാംഗനാടകത്തില്‍ കുത്ബുദ്ദീന്‍ അന്‍സാരിയായി അഭിനയിക്കുന്നത് കേരളകൗമുദി സീനിയര്‍ ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദറാണ്.
കലാപത്തില്‍ നിന്ന് രക്ഷപ്പെട്ട കുത്ബുദ്ദീന് പിന്നീടുണ്ടാകുന്ന അനുഭവങ്ങളും ആത്മസംഘര്‍ഷങ്ങളുമായിരുന്നു നാടകത്തിന്റെ പ്രമേയം. നാടകം ഗുജറാത്ത് മുഖ്യമന്ത്രിയെ കരിവാരിത്തേക്കുന്നതാണെന്നാരോപിച്ചാണ് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയത്.
ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം ചേര്‍ന്ന സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി കമ്മറ്റിയുടെ അടിയന്തരയോഗം നാടകം വേണ്ടെന്നുവയ്ക്കുകയായിരുന്നു. എന്നാല്‍ ഒരു വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന നാടകം ആഘോഷപരിപാടിക്കിടെ അവതരിപ്പിച്ചാല്‍ ആഘോഷപരിപാടികളുമായി പിന്നീട് സഹകരിക്കില്ലെന്നാണ് തങ്ങള്‍ അറിയിച്ചതെന്നാണ് സംഘപരിവാര്‍ സംഘടനാനേതാക്കള്‍ പറയുന്നത്.
|