Home കായികം ചരമം പ്രവാസി Photo Gallery
 
മുഖപ്രസംഗം
DATE : 2012-05-30
സാം പിത്രോദ എന്ന 'മെന്റര്‍' !

 

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു ജാലവിദ്യയിലാണു താല്‍പര്യം. ഒന്നും ചെയ്യാത്തപ്പോഴും എന്തെല്ലാമോ ചെയ്തു എന്ന പ്രതീതി ജനിപ്പിക്കുക. എന്നിട്ട് ആ പ്രതീതിക്കു ചുറ്റും വിശ്വാസ്യത ജനിപ്പിക്കാനുള്ള പ്രചാരണ കോലാഹലങ്ങള്‍ സംഘടിപ്പിക്കുക. ഒരുകൊല്ലം യു ഡി എഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത് ഇങ്ങനെയാണ്. നൂറുദിന പരിപാടി, ഒരുവര്‍ഷ പരിപാടി, ബഹുജന സമ്പര്‍ക്ക പരിപാടി ഇവയിലൂടെയെല്ലാം സര്‍ക്കാര്‍ എന്ന ഭരണഘടനാ സംവിധാനത്തെ മുഖ്യമന്ത്രി എന്ന ഒരാളിന്റെ 'ഉറക്കമില്ലായജ്ഞ' മാക്കി ചുരുക്കുകയായിരുന്നു യു ഡി എഫ്. പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ കഴിയാതെ പോയ മന്ത്രിമാരും സ്തുതിപാഠകവൃന്ദവും ചേര്‍ന്ന് മുഖ്യമന്ത്രിക്കു ചുറ്റും നിന്ന് 'അഹോഭയങ്കരം' എന്നു വാഴ്ത്തുകയായിരുന്നു. അങ്ങനെ വാഴ്ത്തിപ്പാടാന്‍ നിശ്ചിത ഇടവേളയോടെ എന്തെങ്കിലും ഒന്ന് കണ്ടുപിടിക്കാന്‍ മുഖ്യമന്ത്രിക്കു സാമര്‍ഥ്യമേറും. സംസ്ഥാന പുരോഗതിക്കുവേണ്ടി ഒന്നും ചെയ്യാതെ ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രി ഇപ്പോഴിതാ ഏറ്റവും പുതിയ 'പ്രചാരണ ബ്രാന്റ്' പുറത്തിറക്കിയിരിക്കുന്നു. അതാണു സാംപിത്രോദ.
ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരനായ സാംപ്രിത്രോദ തന്റേതായ രീതിയില്‍ വികസനത്തെ സമീപിക്കുന്ന ആളാണ്. തന്റെ സ്വന്തം ബിസിനസ് ലോകം കെട്ടിപ്പടുക്കുന്നതില്‍ ആ കാഴ്ചപ്പാടുകള്‍ പിത്രോദയെ സഹായിച്ചിട്ടുണ്ടാകും. അത്തരം സമീപനങ്ങളുടെയും കാഴ്ചപ്പാടുകളുടെയും ആരാധകനായതുകൊണ്ടാകും മുന്‍ 'അണ്‍ക്ടാഡ്' ഉദ്യോഗസ്ഥനായ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പിത്രോദയെ തന്റെ സാമ്പത്തിക ഉപദേഷ്ടാവാക്കി. അങ്ങനെ ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യത്തെ ആരും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഇരട്ട അക്കത്തിലേയ്ക്കു വളരുമെന്ന ഗവണ്‍മെന്റിന്റെ അവകാശവാദത്തിനെന്തുപറ്റി എന്ന ചോദ്യം ഉയര്‍ന്നുവരുന്നുണ്ട്. വളര്‍ച്ചാ നിരക്ക് രണ്ടുകൊല്ലത്തിനിടയിലെ ഏറ്റവും താഴ്ന്ന തോതില്‍ 6.9 ശതമാനത്തിലാണിപ്പോള്‍ നില്‍ക്കുന്നതെന്ന് ധനശാസ്ത്രജ്ഞന്മാര്‍ പരിതപിക്കുന്നുണ്ട്. സാംപിത്രോദയുടെ സാമ്പത്തിക ഉപദേശങ്ങള്‍ക്കും പ്രണബ്കുമാര്‍ മുഖര്‍ജിയുടെ രാഷ്ട്രീയ കൗശലം നിറഞ്ഞ അനുഭവ സമ്പത്തിനും  പ്രധാനമന്ത്രിയുടെ നിര്‍വികാര നിര്‍ഗുണ നിസംഗ നേതൃത്വത്തിനും ഈ ദുസ്ഥിതിയില്‍ നിന്ന് ഇന്ത്യയെ രക്ഷപ്പെടുത്താനായില്ല. ഈ പശ്ചാത്തലത്തിലാണ് വികസനം വാചകമടിയില്‍ മാത്രം ഒതുങ്ങിയ കേരളത്തിന്റെ രക്ഷയ്ക്കുവേണ്ടി ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് സാം പിത്രോദയെ ആനയിക്കുന്നത്. വികസനത്തിനും കുറുക്കു വഴികളില്ലെന്ന ലളിതമായ സത്യമാണ് ഗവണ്‍മെന്റ് മറക്കുന്നത്.
കേരളത്തിന്റെ 'മെന്റര്‍' എന്ന വിശേഷണമാണ് ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് സാം പിത്രോദയ്ക്കു നല്‍കുന്നത്. മാര്‍ഗദര്‍ശി, തലതൊട്ടപ്പന്‍, രക്ഷകന്‍ തുടങ്ങിയ അര്‍ഥങ്ങളിലെല്ലാം ഉപയോഗിക്കപ്പെടുന്ന ഇംഗ്ലീഷ് പദമാണ് 'മെന്റര്‍'. ജനാധിപത്യ വ്യവസ്ഥയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്‍മെന്റ് അങ്ങനെ ഒരു പദം ഏറ്റുവാങ്ങുന്നത് അത്ഭുതകരമായിരിക്കുന്നു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ഓരോരോ ചെറു ടീമുകളെ നയിക്കാന്‍ 'മെന്റര്‍' മാരുണ്ടാകാറുണ്ട്. സര്‍ക്കാരിനെ ആകെത്തന്നെ ഒരു കോര്‍പ്പറേറ്റ് സ്ഥാപനമായി കാണണമെന്ന ആഗോളവല്‍ക്കരണ തത്വശാസ്ത്രത്തിനു കീഴ്‌പ്പെട്ട ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഇത്തരം മെന്റര്‍മാര്‍ അലങ്കാരമായി തോന്നുന്നുണ്ടാകണം.
തന്റെ വീക്ഷണത്തിലും ശൈലിയിലും ഊന്നി നിന്നുകൊണ്ട് ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റിന്റെ 'മെന്റര്‍' സാം പിത്രോദ ഒരു പത്തിന പരിപാടിയാണ് അവതരിപ്പിക്കുന്നത്. വാക്കുകളിലോ അവതരണത്തിലോ പുതുമയുണ്ടാകുമെന്നല്ലാതെ ഈ പരിപാടിയില്‍ ഒന്നുപോലും പുതിയതല്ല. നോളജ് സിറ്റിയാണ് പരിപാടിയുടെ തിലകക്കുറിയായി അവതരിപ്പിക്കപ്പെടുന്നത്. ഈ വിജ്ഞാന നഗരിവഴി 20,000 തൊഴിലവസരങ്ങള്‍ നേരിട്ടും രണ്ട് ലക്ഷം അവസരങ്ങള്‍ പരോക്ഷമായും ഉണ്ടാകുമെന്നാണ് സാം പിത്രോദ പറയുന്നത്. ഇതുപോലെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങളുടെ വാഗ്ദാനങ്ങളുമായി യു ഡി എഫ് സര്‍ക്കാര്‍ അവതരിപ്പിച്ച 'ജിം (ഗ്ലോബല്‍ ഇന്‍വസ്റ്റേഴ്‌സ് മീറ്റ്) പദ്ധതികള്‍ കേരളം മറന്നിട്ടില്ല. കേരളത്തിന്റെ വികസന ചര്‍ച്ചകളില്‍ സ്ഥാനം പിടിച്ച നിര്‍ദേശങ്ങള്‍ പലതും പിത്രോദയും ആവര്‍ത്തിക്കുന്നു. ജലഗതാഗതത്തിനുള്ള സാധ്യത ആരായല്‍. അതില്‍ പ്രധാനമാണ്. മുന്‍രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍കലാം കേരള നിയമസഭയില്‍ അവതരിപ്പിച്ച പത്തിനപരിപാടിയിലെ മുഖ്യനിര്‍ദേശമായിരുന്നു ഇത്. തീര്‍ച്ചയായും അതിന്റെ സാധ്യത ഗൗരവപൂര്‍വം പരിശോധിക്കപ്പെടേണ്ടതാണ്. മാലിന്യ നിര്‍മാര്‍ജനവും ആയുര്‍വേദ വികസനവും ഇ-ഗവേണന്‍സും എല്ലാം ആദ്യമായി പറയുന്നത് പിത്രോദ ആണെന്ന മട്ടിലാണ് പ്രചാരണങ്ങളുടെ പോക്ക്. അദ്ദേഹം പറയുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പ്രവൃത്തി പരിചയ ശാക്തീകരണവും മെഡിക്കല്‍ ഇന്‍ഷ്വറന്‍സും റിട്ടയര്‍ ചെയ്തവരുടെ സേവനം പ്രയോജനപ്പെടുത്തലും അതിവേഗ റയില്‍ ഇടനാഴിയും പരമ്പരാഗത വ്യവസായങ്ങളുടെ നവീകരണവും എല്ലാം എത്രയോ കാലമായി പലരൂപത്തില്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. അവയുടെയെല്ലാം മേല്‍ ഒരു പിത്രോദാ സീല്‍പതിച്ചതുകൊണ്ട് കേരള വികസനത്തിന്റെ പൊതുവഴി വെട്ടിത്തുറക്കപ്പെടുമെന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. സത്യവുമായി ബന്ധമുള്ള പ്രചാരവേലയല്ല, അതെന്ന് വളരെവേഗം കേരളത്തിനു ബോധ്യപ്പെടും.
ആയിരത്തോളം വിദേശ സര്‍വകലാശാലകളും അയ്യായിരത്തില്‍പ്പരം വിദേശകമ്പനികളും ഇന്ത്യയിലേയ്ക്ക് കടന്നുവരാന്‍ തക്കം പാര്‍ത്തിരിക്കുന്നു. അവയില്‍ പലതും ജ്ഞാന-വിജ്ഞാന മേഖലകളില്‍ എന്തെങ്കിലും തരത്തിലുള്ള അംഗീകാരമുദ്ര നേടിയവയല്ല. നവലിബറല്‍ നയങ്ങളുടെ ചുവടുപറ്റി വിദ്യാഭ്യാസം കമ്പോളവല്‍ക്കരിക്കപ്പെടുന്ന ഇന്ത്യന്‍ ചുറ്റുപാടുകളില്‍ നിന്ന് ലാഭം കൊയ്യാനാണ് അവരുടെ വരവ്. നോളജ് സിറ്റി അത്തരക്കാരുടെ വിഹാരവേദിയാകില്ലെന്നതിന് എന്താണുറപ്പ് ?
സാം പിത്രോദയെ നയിക്കുന്നത് ഒരു വികസന ദര്‍ശനമാണ്. പണമെറിയുന്നവര്‍ക്ക് കൈനിറയെ ലാഭം വേണമെന്നതാണ് ആ ദര്‍ശനത്തിന്റെ കാതല്‍. കേരളത്തിന്റെ പ്രത്യേകതകളും വികസന സ്വപ്നങ്ങളും ജനങ്ങളുടെ ജീവിത പുരോഗതിയും എത്രമാത്രം സുരക്ഷിതമാണെന്നത് വിദേശ നിക്ഷേപകരുടെ പ്രശ്‌നമല്ല. വികസനവാഗ്ദാനവുമായി ഏഷ്യന്‍-ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ പറന്നിറങ്ങിയ വിദേശമൂലധനം ലാഭത്തോത് കുറഞ്ഞാല്‍ തിരിച്ചു പറന്നുപോകുന്ന അനുഭവങ്ങളും വേണ്ടുവോളമുണ്ട്. ഈ പാഠങ്ങളെല്ലാം കണക്കിലെടുക്കാതെ പിത്രോദ മാഹാത്മ്യം പാടിയതുകൊണ്ട് മാത്രം ഇന്ത്യയോ കേരളമോ വികസിക്കാന്‍ പോകുന്നില്ല. കേരളത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസ-സാമൂഹ്യ സുരക്ഷാ മണ്ഡലങ്ങളിലെ നേട്ടങ്ങള്‍ കണ്ണിലെ കൃഷ്ണമണിയെന്നപോലെ സംരക്ഷിക്കപ്പെടണം. പരമ്പരാഗത വ്യവസായങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന ജനലക്ഷങ്ങളെ പരിഗണിക്കണം. കേരളത്തിന്റെ പാരിസ്ഥിതിക പരിരക്ഷയ്ക്ക് പരമാവധി ഉറപ്പുണ്ടാകണം. അതെല്ലാം കണക്കിലെടുക്കുന്ന വികസന പാതയാണ് നമുക്കാവശ്യം. സാം പിത്രോദയെന്ന 'മെന്റര്‍' ഇതെല്ലാം നോക്കിക്കൊള്ളും എന്ന് ചിന്തിക്കുന്നതില്‍ അര്‍ഥമില്ല. ''ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങള്‍ തിരഞ്ഞെടുത്ത ജനാധിപത്യ സര്‍ക്കാരിന്'' ഇതൊന്നും വിസ്മരിക്കാനവകാശമില്ല. പിത്രോദ സ്തുതിഗീതം പാടുമ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പക്ഷേ വിസ്മരിക്കുന്നത് ഈ മൗലികമായ പ്രമാണങ്ങളാണ്. ജനങ്ങള്‍ കണ്ണടച്ച് ഈ തെറ്റുകളെ ശരിവെയ്ക്കുമെന്ന് സര്‍ക്കാര്‍ വ്യാമോഹിക്കരുത്.
 
Email
Feedback
 മുഖപ്രസംഗം
   ഈ വിഴുപ്പു ഭാണ്ഡം വലിച്ചെറിയുക
...............................................................................
   ലി കചിയാങിന്റെ സന്ദര്‍ശനവും ഇന്ത്യാ-ചൈന ബന്ധത്തിന്റെ ഭാവിയും
...............................................................................
   ഞങ്ങള്‍ അവര്‍ക്ക് പത്തില്‍പത്തും ശുപാര്‍ശ ചെയ്യുന്നു!
...............................................................................
  സ്‌പോട്ട് ഫിക്‌സിംഗും ശ്രീശാന്തും ക്രിക്കറ്റിന്റെ കച്ചവടവല്‍ക്കരണവും
...............................................................................
   പകര്‍ച്ചരോഗങ്ങളെയും കാലവര്‍ഷത്തെയും കാത്തിരിക്കുന്ന കേരളം
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയിലൂടെ സാറാ അബൂബക്കര്‍ വളരെ പെട്ടെന്നാണ് കന്നഡ സാഹിത്യ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ...
 
പ്രതികരിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം: ഡോ: ബി സന്ധ്യ ഐ പി എസ്  
സംഗീതം തന്നെ ജീവിതം  
ആഴക്കടലിന്റെ തോഴി  
എണ്‍പതിന്റെ നിറവില്‍ 'മഹിളാലയം ചേച്ചി'  
ഭാഷക്കും സംസ്‌കാരത്തിനുമായി നിലകൊണ്ട കവിത  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies