ഒരു ഏകാധിപതികൂടി അവസാനം തുറുങ്കിലേയ്ക്ക്. മൂന്നുപതിറ്റാണ്ടിലേറെ എല്ലാ ജനാധിപത്യ അവകാശങ്ങളും മര്യാദകളും നിയമങ്ങളും ലംഘിച്ച് ഈജിപ്ത് ജനതയുടെമേല്‍ അടക്കിവാണ മുന്‍പ്രസിഡന്റ് ഹൊസ്‌നി മുബാറക്കാണ് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് തോറ ജയില്‍ ആശുപത്രിയില്‍ അടയ്ക്കപ്പെട്ടത്. ഇത് അറബ് മേഖലയില്‍ മാത്രമല്ല ലോകത്ത് അവിടവിടയായി അവശേഷിക്കുന്ന ഏകാധിപതികള്‍ക്കും അവരെ താങ്ങിനിലനിര്‍ത്തുന്ന സാമ്രാജ്യശക്തികള്‍ക്കും ഇത് മറ്റൊരു മുന്നറിയിപ്പാണ്. മുബാറക്കിനോടൊപ്പം ശിക്ഷിക്കപ്പെട്ടവരില്‍ മുന്‍ ആഭ്യന്തരമന്ത്രി ഹബീബ് അഡ്‌ലിയും ഉള്‍പ്പെടുന്നു. മുബാറക്കിന്റെ ആണ്‍മക്കളും ചില ബന്ധുക്കളും മന്ത്രിസഭാംഗങ്ങളും അനുചരന്മാരും കൂട്ടക്കൊലക്കുറ്റത്തില്‍ നിന്നും വിമുക്തരായിട്ടുണ്ട്. അഴിമതി, അധികാരദുര്‍വിനിയോഗം, കുറ്റകരമായ സാമ്പത്തിക ഇടപാടുകള്‍ എന്നിവയ്ക്ക് ഇവര്‍ തുടര്‍ന്നും വിചാരണ നേരിടണം. മുബാറക്കിന്റെ മൂന്നുപതിറ്റാണ്ട് നീണ്ട സ്വേച്ഛാഭരണകാലത്തെ ''ഇരുണ്ട യുഗമെന്നും'' ''കാളരാത്രി''കളെന്നുമാണ് വിധിപ്രഖ്യാപിച്ച ജഡ്ജ് അഹമ്മദ് കിഫാത്ത് കടുത്ത ഭാഷയില്‍ അപലപിച്ചത്. ഈ സ്വേഛാധിപതിയുടെ ഭരണകാലത്തുടനീളം രാജ്യത്ത് നിലനിന്നിരുന്നത് അടിയന്തരാവസ്ഥ നിയമങ്ങളാണ്. നൈല്‍ വിപ്ലവത്തിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ദിവസമാണ് ആ കഠോരനിയമങ്ങള്‍ക്ക് അറുതി വന്നത്. വിപ്ലവാനന്തര അന്വേഷണം വന്‍അഴിമതികളുടെയും അനധികൃത സ്വത്ത്‌സമ്പാദനത്തിന്റെയും ഞെട്ടിപ്പിക്കുന്ന കഥകളാണ് പുറത്തുകൊണ്ടുവന്നത്. മുബാറക്കിന്റെ മാത്രം സ്വകാര്യസമ്പത്ത് 7000 കോടി ഡോളറില്‍ അധികംവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. മക്കളും കുടുംബാംഗങ്ങളും മറ്റനുചരന്മാരും കവര്‍ച്ച നടത്തിയതിന്റെ കണക്കുകള്‍ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളു.
മുബാറക്കിനു ലഭിച്ച കടുത്തശിക്ഷ സമാനരീതിയില്‍ ഭരണം തുടരുന്ന അറബ് ലോകത്തെ സ്വേഛാധിപതികളില്‍ മനംമാറ്റത്തിനു വഴിതെളിക്കുമെന്ന് ആരും കരുതുന്നില്ല. സൗദി അറേബ്യയിലടക്കം സമീപ രാജ്യങ്ങളിലെല്ലാം പലരൂപത്തിലും ഭാവത്തിലും അളവിലുമുള്ള ഏകാധിപത്യ ഭരണസംവിധാനങ്ങളാണ് നിലനില്‍ക്കുന്നത്. ജനാധിപത്യ രാഷ്ട്രീയസ്വാതന്ത്ര്യത്തിന്റെ നിഷേധം അവയുടെ മുഖമുദ്രയാണ്. എണ്ണസമ്പന്നങ്ങളായ അത്തരം എമിറേറ്റുകളിലും ഷേക്ക്ഡമുകളിലും ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. രാജ്യത്തിന്റെയും ജനങ്ങളുടെയും പൊതുസമ്പത്തായ എണ്ണയടക്കമുള്ള പ്രകൃതിവിഭവങ്ങള്‍ ഷേക്കുമാരും അമീര്‍മാരും സ്വന്തം കുടുംബസ്വത്തായി കണക്കാക്കി കൊള്ളയടിക്കുന്നു. വര്‍ണത്തിന്റെയും വംശത്തിന്റെയും പേരില്‍ വിവേചനം നിലനിര്‍ത്തി ഭിന്നിപ്പിച്ച് അടിച്ചമര്‍ത്തല്‍ തുടരുന്നു. ദുഃസ്ഥിതിക്കെതിരെ മേഖലയില്‍ എവിടെയെങ്കിലും പ്രതിഷേധമുയര്‍ന്നാല്‍ മേഖലയിലെ ഭരണാധികാരികള്‍ കൈകോര്‍ത്ത് അവയെ അടിച്ചമര്‍ത്തുന്നു. ജനാധിപത്യത്തേയും മനുഷ്യാവകാശങ്ങളെയും തല ഉയര്‍ത്താന്‍ അനുവദിക്കാതെ അടിച്ചമര്‍ത്തുന്നു. ലിംഗപരമായ വിവേചനവും അടിച്ചമര്‍ത്തലും ധാര്‍മിക പൊലീസിംഗും സ്വേഛാഭരണത്തിന്റെ മുഖമുദ്രകളാണ്. ലോകത്തെങ്ങും ജനാധിപത്യത്തിനുവേണ്ടി അന്താരാഷ്ട്ര മര്യാദകളും നിയമങ്ങളും ലംഘിച്ച് ഹിംസാത്മക ഇടപെടലിനുമടിക്കാത്ത അമേരിക്കയുടെയും പാശ്ചാത്യ സാമ്രാജ്യത്വശക്തികളുടെയും പിന്തുണയോടെയാണ് ഇതെല്ലാം നടമാടുന്നത്. വ്യത്യസ്തമായി ചിന്തിക്കുന്ന സിറിയയെ കടിച്ചുകീറാനുള്ള ശ്രമമാണ് ഇവര്‍ സംഘടിതമായി നടത്തിവരുന്നത്.
പശ്ചിമേഷ്യയിലും ലോകത്തും ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കുന്നതിന് ഏറ്റവും കനത്ത വിഘാതം സയണിസ്റ്റ് രാഷ്ട്രീയവും പലസ്തീന്‍ രാഷ്ട്രമുയര്‍ത്തുന്ന വെല്ലുവിളിയുമാണ്. പലസ്തീന്‍ പ്രശ്‌നപരിഹാരത്തിന് ഏറ്റവും വലിയ പ്രതിബന്ധമായിരുന്ന ഘടകങ്ങളില്‍ ഒന്നാണ് മുബാറക്ക് ഭരണകൂടം അമേരിക്കന്‍ സാമ്രാജ്യത്വവുമായി ചേര്‍ന്ന് കൈക്കൊണ്ട വഞ്ചനാപരമായ നിലപാട്. മുബാറക്ക് ഭരണകൂടത്തിന് അറുതിവന്നുവെന്നത് പ്രശ്‌നപരിഹാരത്തിനു വഴിതുറക്കണമെന്നില്ല. ഈജിപ്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റും ഈ മാസം തന്നെ നടക്കുന്ന രണ്ടാംവട്ട തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറുന്ന പ്രസിഡന്റും ജനത പൊതുവിലും ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് എന്തെന്ന് ലോകം ഉറ്റുനോക്കുന്നു. ഇക്കാര്യത്തില്‍ വാഷിംഗ്ടണ്‍ പലസ്തീന്‍ അനുകൂല കരുനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മധ്യപൂര്‍വേഷ്യ തുടര്‍ന്നുവരുന്ന അവസരവാദപരമായ നിലപാടുകളില്‍ ഈജിപ്തിന് എന്ത് സ്വാധീനം ചെലുത്താനാവുമെന്ന് കാത്തിരുന്നു കാണുകതന്നെ വേണം.
മുബാറക്കിന്റെ വിചാരണയും ശിക്ഷയും ജനാധിപത്യത്തിന്റെ വിജയമാണെന്നതില്‍ തെല്ലും സംശയമില്ല. പക്ഷേ ഈജിപ്ത്‌വിപ്ലവത്തിന്റെ ഗതിവിഗതികള്‍ ലോക ജനാധിപത്യസമൂഹം ഉല്‍ക്കണ്ഠയോടെയാണ് നോക്കിക്കാണുന്നത്. കഴിഞ്ഞ വര്‍ഷാവസാനം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇസ്‌ലാം ബ്രദര്‍ഹുഡിനും ഇസ്‌ലാമിക യാഥാസ്ഥിതികശക്തികള്‍ക്കും വന്‍വിജയം നേടാനായി. എന്നാല്‍ ഒന്നാംഘട്ട പ്രസിഡന്റ് വോട്ടെടുപ്പിന്റെ ഫലം ഈജിപ്ത് സമൂഹത്തിലെ കടുത്ത ചേരിതിരിവാണ് കാട്ടിതരുന്നത്. മുബാറക്കിനൊപ്പം നിന്നിരുന്ന സ്വേഛാധിപത്യശക്തികള്‍ അധികാരം കയ്യാളാന്‍ കഠിനയത്‌നം നടത്തും. മിതവാദികളായ ഇസ്‌ലാമിക ശക്തികള്‍ക്കും പുരോഗമന മതേതര ഇടതുപക്ഷശക്തികള്‍ക്കും ഭിന്നത കൈവെടിഞ്ഞ് വിപ്ലവത്തിന്റെ നേട്ടങ്ങള്‍ സംരക്ഷിക്കാന്‍ കൈകോര്‍ക്കാന്‍ സന്നദ്ധമാകുമോ? അത്തരമൊരു നീക്കത്തിനു മാത്രമെ അറബ് മേഖലയില്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും നീതിപൂര്‍വമായ ഒരു സമൂഹസൃഷ്ടിയുടെയും പുതുയുഗപ്പിറവിക്കു വഴിതുറക്കൂ.
|