കൊല്ലം: കപ്പല്കൊലക്കേസില് ഇറ്റാലിയന് നാവികര്ക്ക് ജാമ്യം നിന്നവരില് ഒരാള് വിദേശത്ത് പോകാന് അനുമതി തേടിക്കൊണ്ടുള്ള അപേക്ഷ ജില്ലാ സെഷന്സ് ജഡ്ജി പി ഡി രാജന് തള്ളി. ജാമ്യവ്യവസ്ഥകള് മുന്നോട്ടുവച്ചിട്ടുള്ളത് ഹൈക്കോടതിയായതിനാല് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന് ജഡ്ജി ഉത്തരവില് വ്യക്തമാക്കിയിട്ടുണ്ട്.
ഇറ്റാലിയന് നാവികരായ ലസ്തോറെ മാസി മിലിയാനോ, സാല്വത്തോരെ ഗിറോണ് എന്നിവരുടെ രണ്ട് ആള്ജാമ്യക്കാരിലൊരാളായ ശക്തികുളങ്ങര വള്ളിക്കീഴ് ദേവീകൃപയില് ജ്യോതികുമാറാണ് വിദേശത്ത് പോകുന്നതിനായി കോടതിയെ സമീപിച്ചത്.
ജാമ്യവ്യവസ്ഥകള് പുറപ്പെടുവിച്ചിട്ടുള്ളത് ഹൈക്കോടതി ആയതിനാല് വിചാരണ കോടതി ഇത് പരിഗണിക്കേണ്ടതില്ലെന്ന് സ്പെഷ്യല് പബ്ലിക് പ്രോസിക്യൂട്ടര് ജി മോഹന്രാജ് കഴിഞ്ഞദിവസം കോടതിയില് ബോധിപ്പിച്ചിരുന്നു. ഹൈക്കോടതി കര്ശനമായ ജാമ്യവ്യവസ്ഥകളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
നാവികരും ജാമ്യക്കാരും രാജ്യം വിട്ടുപോകുന്നത് ഹൈക്കോടതി വിലക്കിയ സാഹചര്യത്തില് ഇത് അനുവദിക്കാനാവില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
ജൂണ് രണ്ടിനാണ് ഇറ്റാലിയന് നാവികര്ക്ക് ഹൈക്കോടതി ഉത്തരവ് പ്രകാരം സിജെഎം കോടതി ജാമ്യം അനുവദിച്ചത്. എന്എസ് പ്രോപ്പര്ട്ടി ആന്റ് ബില്ഡേഴ്സ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് പാര്ട്ണറാണ് ജ്യോതികുമാര്. ബിസിനസ്സ് ആവശ്യത്തിന് രണ്ടാഴ്ചത്തേക്ക് ദുബായില് പോകുന്നതിനാണ് കോടതിയില് അപേക്ഷ നല്കിയിരുന്നത്.
|