വി ബി നന്ദകുമാര്‍
''അമ്മേ നിങ്ങള്‍ക്ക് ഞങ്ങളുണ്ട്. രക്ഷയ്ക്കായി'' എന്ന് പ്രഖ്യാപിക്കുന്നതിന് തുല്യമായാണ് അവര്‍ ആറുപേരും ചേര്‍ന്ന് പറമ്പിക്കുളം വനത്തിനുള്ളിലെ തേക്ക് വൃക്ഷമുത്തശ്ശിക്ക് ചുറ്റും കൈകോര്‍ത്തത്. അന്ന് ലോകമാതൃദിനമായിരുന്നു. പ്രകൃതിക്ക് ജീവവായുവും തണലും മഴയും ചുരത്തുന്ന അമ്മമാരാണ് വൃക്ഷങ്ങള്‍. അത്തരത്തിലുള്ള അനേകായിരം വൃക്ഷങ്ങളില്‍ പ്രധാനിയാണ് കന്നിമാറാ തേക്ക് മരവും. പ്രതിസന്ധികളെയും പരുക്കന്‍ യാഥാര്‍ഥ്യങ്ങളെയും തരണം ചെയ്ത് ജീവിതവിജയം കൊതിക്കുന്ന രമാദേവി എന്ന അമ്മയ്ക്ക് ചുറ്റും പഞ്ചരത്‌നങ്ങളായ ഉത്ര, ഉത്രജ, ഉത്രജന്‍, ഉത്തര, ഉത്തമ എന്നിവര്‍ കൈകോര്‍ത്ത് കൊണ്ട് മരമുത്തശ്ശിയുടെ തണലിന് കീഴെ നിന്നപ്പോള്‍ അത് ഒരു ഉത്തമപ്രതീകമായി മാറി. പ്രകൃതിയും മാതാവും ഒന്നാണെന്നും അമ്മയെ സംരക്ഷിക്കുന്നത് തന്നെയാണ് പ്രകൃതി സംരക്ഷണവുമെന്ന് പ്രതിഫലിക്കുന്ന പ്രതീകം. വിധികരുതി വച്ച നീറ്റലുകളെ സ്‌നേഹവും ഒത്തൊരുമയും കൊണ്ട് നേരിട്ട പഞ്ചരത്‌നങ്ങളും അമ്മയും കോടാലി കൈകളെ തനിസ്വരൂപം കാട്ടി വിരട്ടിഓടിച്ച കന്യകയായ മരമുത്തശ്ശിക്ക് കീഴില്‍ ഒത്തു കൂടിയത് ലോകമാതൃ ദിനത്തിലാണെന്നത് തികച്ചും യാദൃശ്ചികം.
പഞ്ചരത്‌നങ്ങള്‍ പാലക്കാട്ട്
ഒരമ്മയ്ക്ക് ഒരു ദിവസം നിമിഷങ്ങളുടെ വ്യത്യാസത്തില്‍ പിറന്നുവീണ അഞ്ചുമക്കള്‍, പഞ്ചരത്‌നങ്ങള്‍ പാലക്കാട്ടെത്തിയത് അതിഥികളായാണ്. ജില്ലാ ഭരണകൂടവൂം നാഷണല്‍ സര്‍വീസ് സൊസൈറ്റി ഓഫ് ഇന്ത്യ എന്ന സന്നദ്ധസംഘടനയും ചേര്‍ന്നാണ് ഇവരെ പാലക്കാട്ടേയ്ക്ക് അതിഥികളായി ക്ഷണിച്ചത്. ഒലവക്കോട് റയില്‍വേസ്റ്റേഷനില്‍ വന്നിറങ്ങിയപ്പോള്‍ തന്നെ പഞ്ചരത്‌നങ്ങളെയും അമ്മയേയും ഷാഫി പറമ്പില്‍ എം എല്‍ എ സ്വീകരിച്ച് പാലക്കാട്ടേയ്ക്ക് സ്വാഗതം ചെയ്തു. നഗരസഭാ മുന്‍ അധ്യക്ഷ പി എ രമണീഭായിയും സംഘത്തില്‍ ഉണ്ടായിരുന്നു. അവിടെനിന്ന് നേരെ കളക്ടറേറ്റിലേക്ക്. ജില്ലാകളക്ടര്‍ പി എം അലി അസ്ഗര്‍ പാഷയുടെ വക സ്‌നേഹവിരുന്നും അഭിനന്ദനങ്ങളും.
പറമ്പിക്കുളം കടുവാസംരക്ഷണ കേന്ദ്രത്തില്‍
പിറ്റെന്ന് രാവിലെ പറമ്പിക്കുളം വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലേയ്ക്കായിരുന്നു യാത്ര. പാലക്കാട് ജില്ലയെ പരിചയപ്പെടുത്താനും ജില്ലയിലെ പ്രധാന കേന്ദ്രങ്ങളെ കാണിച്ചുകൊടുക്കുന്നതിനുവേണ്ടിയാണ് പഞ്ചരത്‌നങ്ങളെ പാലക്കാട്ടേയ്ക്ക് ക്ഷണിച്ചത്. കുട്ടികളെ പുറത്തൊക്കെ കൊണ്ടുപോയി കാഴ്ച കാണിക്കാന്‍ കഴിയുന്നില്ല എന്ന് അമ്മ രമാദേവിയുടെ അഭിപ്രായം പത്രങ്ങളിലൂടെ വായിച്ചതിനാലാണ് നാഷണല്‍ സര്‍വീസ് സൊസൈറ്റി ഓഫ് ഇന്ത്യ എന്ന സംഘടന പഞ്ചരത്‌നങ്ങളെയും അമ്മയേയും പാലക്കാട്ടേയ്ക്ക് ക്ഷണിക്കാന്‍ തീരുമാനിച്ചത്. ഒരു ദിവസം കാട്ടില്‍ വന്യമൃഗങ്ങളെയും കണ്ട് കഴിച്ചുകൂട്ടാനായിരുന്നു തീരുമാനം. രാവിലെതന്നെ പറമ്പിക്കുളത്തേക്ക് യാത്രതിരിച്ചു. നഗരസഭ മുന്‍ അധ്യക്ഷ രമണീഭായിതന്നെ തന്റെ വാഹനം പഞ്ചരത്‌നങ്ങള്‍ക്കായി വിട്ടുകൊടുത്തു. നീണ്ടയാത്ര. തമിഴ്‌നാട്ടില്‍ കയറി പൊള്ളാച്ചിയും കടന്നുവേണം തിരികെ കേരളത്തിന്റെ പറമ്പിക്കുളത്ത് എത്താന്‍. ഉച്ചയോടെ പറമ്പിക്കുളത്തെത്തിയപ്പോള്‍ അവിടെ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ വിജയാനന്ദന്റെ വക സ്വീകരണം. ഉച്ചഭക്ഷണവും അദ്ദേഹത്തിന്റെ വകതന്നെ. പറമ്പിക്കുളം വനത്തിനുള്ളിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ പറമ്പിക്കുളം കടുവാസംരക്ഷണ കേന്ദ്രത്തെ കുറിച്ചുള്ള വിവരണം അടങ്ങുന്ന ലഘുചിത്രം പ്രദര്‍ശിപ്പിച്ചു. ദൈവത്തിന്റെ സ്വന്തം നാടിന്റെ പ്രകൃതിസൗന്ദര്യം എത്രമനോഹരവും വശ്യവുമാണെന്ന് ഈ ലഘുചിത്രത്തിലൂടെ തന്നെ ബോധ്യമാകും. മാത്രമല്ല വനത്തിനുള്ളില്‍ കടന്നാല്‍ സഞ്ചാരികള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും ചിത്രം പഠിപ്പിക്കുന്നു. എന്‍ എസ് എസ് ഐയുടെ സെക്രട്ടറി കെ വേണുഗോപാലും ഭാര്യ ഷൈലയും മകള്‍ അഖിലയും പറമ്പിക്കുളം യാത്രയില്‍ ഒപ്പമുണ്ടായിരുന്നു. കാട്ടിനുള്ളിലേക്ക് കടന്നപ്പോള്‍ തന്നെ പഞ്ചരത്‌നങ്ങള്‍ ഉഷാറായി. പീലിവിടര്‍ത്തി നില്‍ക്കുന്ന നിരവധി മയിലുകള്‍, വനത്തില്‍ സ്വാതന്ത്രമായി മേഞ്ഞുനടക്കുന്ന പുള്ളിമാന്‍ കൂട്ടങ്ങള്‍, സന്ദര്‍ശകരുടെ വാഹനത്തിന് തൊട്ടടുത്ത്കൂടെ നടന്നുപോകുന്ന കാട്ടുപോത്തുകൂട്ടങ്ങള്‍, കൂട്ടംകൂട്ടമായി മേഞ്ഞുനടക്കുന്ന ആനകള്‍, വിവിധതരം കുരങ്ങുകള്‍ പറമ്പിക്കുളം വനത്തിലുള്ള കാഴ്ച വൈവിധ്യങ്ങള്‍ ഇതൊക്കെയാണ്. ഇതിനെല്ലാം പുറമേയാണ് സുഖകരമായ തണുത്ത വനാന്തരീക്ഷവും
തൂണക്കടവ് ഡാം
നാല്‍പത്തേഴിനം മത്സ്യവൈവിധ്യ സമ്പത്താണ് തൂണക്കടവ് ഡാമിന്റെ പ്രത്യേകത. പറമ്പിക്കുളം ഡാമില്‍ നിന്നും ഏഴുകിലോമീറ്ററിലധികം താഴെയാണ് തൂണക്കടവ് ഡാം സ്ഥിതി ചെയ്യുന്നത്. പറമ്പിക്കുളം ഡാം റിസര്‍വോയറിന് ഉള്ളിലെ പറമ്പിക്കാലയില്‍ നിന്ന് മൂന്നരകിലോമീറ്റര്‍ (8165 അടി) തുരങ്കത്തിലൂടെ വരുന്ന വെള്ളമാണ് തൂണക്കടവ് ഡാമില്‍ സംഭരിക്കുന്നത്. രണ്ട് ലോറികള്‍ക്ക് ഒരുമിച്ച് സഞ്ചരിക്കാന്‍ കഴിയുന്നത്ര വിസ്തൃതി (16.75 അടി) തുരങ്കത്തിനുണ്ട്. 64359 കിലോമീറ്ററാണ് പറമ്പിക്കുളം വനത്തിന്റെ മൊത്തം വിസ്തൃതിയായി കണക്കാക്കുന്നത്. 2011 സെന്‍സസിലെ കണക്കനുസരിച്ച് 36 കടുവകളും 260 ആനകളും നാല് ഇനത്തില്‍പ്പെട്ട അനേകം മാനുകളും ധാരാളം കാട്ടുപോത്തുകളും മഌവുകളും ഈ വനത്തിലുള്ളതായാണ് കണക്കാക്കിയിരിക്കുന്നത്. 268 ഇനം പക്ഷികള്‍ ഉള്ള പറമ്പിക്കുളം വനത്തിലെ പക്ഷികളുടെ ചിലമ്പലുകള്‍ ആസ്വാദ്യകരം തന്നെയാണ്. പഞ്ചരത്‌നങ്ങളില്‍ രണ്ടാമൂഴക്കാരി ഉത്രജയ്ക്കാണ് പ്രകൃതിയുടെ വശ്യസൗന്ദര്യം ഏറെ ഇഷ്ടപ്പെട്ടത്. ഭാവിയില്‍ ജേര്‍ണലിസ്റ്റ് ആകണമെന്ന് ആഗ്രഹിക്കുന്ന അഞ്ചാമത് രത്‌നം ഉത്തമ ഒപ്പം സഞ്ചരിച്ച ആദിവാസിയായ ഗൈഡില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് നോട്ടുബുക്കില്‍ രേഖപ്പെടുത്തുന്നുണ്ടായിരുന്നു. മറ്റുള്ള സഹോദരങ്ങളെല്ലാം ഡോക്ടറും എന്‍ജിനീയറുമൊക്കെയാകണമെന്ന് ആശിക്കുമ്പോള്‍ ജേര്‍ണലിസ്റ്റ് ആകണമെന്ന് ആശിക്കാന്‍ കാരണം? ഉത്തമയുടെ ഉത്തരം വ്യക്തമാണ്. മാധ്യമങ്ങളാണ് പ്രത്യേകിച്ച് പത്രമാധ്യമങ്ങളാണ് ഞങ്ങളുടെ കഥ ലോകത്തിനെ അറിയിച്ചത്. അതുകൊണ്ടു മാത്രമാണ് തകര്‍ന്നു പോകാവുന്ന ജീവിതം ഞങ്ങള്‍ക്ക് ശോഭനമായത്. ''ഇതേതരത്തില്‍ ഒരു ജേര്‍ണലിസ്റ്റായി മറ്റുള്ളവര്‍ക്ക് വേണ്ടിയും എഴുതണം അതാണ് എന്റെ ആഗ്രഹം'' ഉത്തമമായ ജീവിത വീക്ഷണമാണ് ഉത്തമയ്ക്കുള്ളത്. മയിലുകളുടെ നൃത്തവും മാനുകളുടെ ഓട്ടവും ക്യാമറയില്‍ പകര്‍ത്തി അവര്‍ ആസ്വദിച്ചു.
തേക്ക് മുത്തശ്ശി
പറങ്കികള്‍ കാട്ടിലെ വില മതിക്കാന്‍ കഴിയാത്തത്ര തേക്ക് മരങ്ങള്‍ മുറിച്ചുകടത്തിയ കാലം. ഘാതകര്‍ ഉള്‍ക്കാട്ടിലെ ഒരു തേക്ക് മരത്തിന്റെ കടയ്ക്കലും കോടാലി വച്ചു. തേക്ക് മരത്തില്‍ നിന്ന് കുടുകുടേ ചോരപൊടിഞ്ഞു. രണ്ടാമത് ഒന്നുകൂടി വെട്ടാന്‍ അവര്‍ക്ക് ധൈര്യം വന്നില്ല. തനി സ്വരൂപം കാട്ടി വൃക്ഷഘാതകരെ ഭയപ്പെടുത്തിയ തേക്ക് മരത്തെ അന്നു മുതല്‍ കന്നിമാതാവായി ആരാധിച്ചുതുടങ്ങി. ഇന്നും 450 വര്‍ഷം കഴിഞ്ഞിട്ടും തലയെടുപ്പോടെ കന്നികയായ തേക്ക് മുത്തശ്ശി കാട്ടിനുള്ളില്‍ പ്രകൃതിക്ക് അനുഗ്രഹമായി നില്‍ക്കുന്നു. കന്നിമാറാ എന്നറിയപ്പെടുന്ന ഈ തേക്ക് മരത്തിന് മൂന്നരകോടിയിലധികം രൂപയാണ് വനംവകുപ്പ് മൂല്യം നിശ്ചയിച്ചിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ നമ്മുടെ വനത്തില്‍നിന്നും ആയിരംകോടി രൂപയിലധികം വിലവരുന്ന തേക്കുമരങ്ങളാണ് മുറിച്ചുകടത്തിയത്. കാട്ടിനുള്ളില്‍ റയില്‍വേ പാളങ്ങള്‍ ഉണ്ടാക്കി അതിലൂടെ ഗുഡ്‌സ് വാഗണുകളിലാണ് തടികടത്തിയത്. പഴയ റയില്‍പാളത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോള്‍ പറമ്പിക്കുളം വനത്തിനുള്ളില്‍ കാണാനാകും.
ടിപ്പുസുല്‍ത്താന്‍കോട്ട
ടിപ്പുസുല്‍ത്താന്‍ പാലക്കാട്ട് നിര്‍മ്മിച്ച കോട്ടയും മറ്റ് ചില ഉല്ലാസകേന്ദ്രങ്ങളിലുമാണ് അവസാനദിവസം പഞ്ചരത്‌നങ്ങള്‍ സന്ദര്‍ശിച്ചത്. രാവിലത്തെ ഇളം വെയിലില്‍ കോട്ട മുഴുവനും ചുറ്റിനടന്നു കണ്ട് ക്ഷീണിച്ച് നില്‍ക്കുമ്പോള്‍ കോട്ടയ്ക്കകത്തുള്ള സബ്ജയില്‍ അധികൃതര്‍ പഞ്ചരത്‌നങ്ങളെ കണ്ട് ജയില്‍ കാണാന്‍ ക്ഷണിച്ചു. മദര്‍തെരേസയുടെ അനുയായികളായ സിസ്റ്റര്‍മാരുടെ അനുഗ്രഹവും ആശംസയും കുട്ടികള്‍ക്കും മാതാവിനും ലഭിച്ചു. ആഴ്ചയിലൊരിക്കല്‍ തടവുകാരുടെ മാനസാന്തരത്തിനായി പ്രാര്‍ഥിക്കാന്‍ വരുന്നവരാണ് സിസ്റ്റര്‍മാര്‍. ജയിലിന് പുറത്തിറങ്ങിയ ഉടനെ ഉത്രജന്‍ ജയിലില്‍ കയറാന്‍ കഴിഞ്ഞ അനുഭവം നാട്ടിലെ ബന്ധുക്കളിലൊരാളിനോട് ഫോണില്‍ പങ്കുവച്ചു.
മണ്ണാര്‍ക്കാട് മഹാവിഷ്ണുക്ഷേത്രത്തില്‍
നാട്ടുകാരും ഭക്തജനങ്ങളും ചേര്‍ന്ന് മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് വിഷ്ണുക്ഷേത്രത്തില്‍ വച്ച് പഞ്ചരത്‌നങ്ങളെ സ്വീകരിച്ചു. ഒളപ്പമണ്ണ ദേവസ്വത്തിന് കീഴിലാണ് ഈ ക്ഷേത്രം. അഞ്ച് കുഞ്ഞുങ്ങളെ പ്രസവിച്ച രമാദേവിയെ ലളിതമായ ചടങ്ങില്‍ അനുമോദിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തു.
പാലക്കാട്ട് നിന്ന് മടക്കയാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ കുട്ടികള്‍ക്ക് സൈലന്റ് വാലി കാണാന്‍ കഴിയാത്തതിലുള്ള നിരാശ ഉണ്ടായിരുന്നു. അമ്മ രമാദേവി പറഞ്ഞു. ''വരാം നമുക്ക് ഇനിയും വരാം. അന്ന് സൈലന്റ്‌വാലിയിലേക്കായിരിക്കും നമ്മള്‍ ആദ്യം പോകുക.
ചിത്രങ്ങള്‍: വി ബി നന്ദകുമാര്‍