ന്യൂഡല്ഹി: മുന്മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ഭീഷണിക്ക് മുന്നില് ബി ജെ പി ദേശീയനേതൃത്വം മുട്ടുമടക്കി. കര്ണാടകയില് സദാനന്ദ ഗൗഢക്കുപകരം ജഗദീഷ് ഷെട്ടര് മുഖ്യമന്ത്രിയാകും. നാല് വര്ഷത്തിനുള്ളില് കര്ണാടകത്തില് അധികാരമേല്ക്കുന്ന മൂന്നാമത്തെ മുഖ്യമന്ത്രിയാകും ഷെട്ടര്. ലിംഗായത്ത് സമുദായത്തില്പ്പെട്ട ഷെട്ടര് ഇപ്പോള് ഗ്രാമവികസന മന്ത്രിയാണ്.
ഇന്നലെ ചേര്ന്ന ബി ജെ പി കോര്കമ്മറ്റി യോഗമാണ് നേതൃമാറ്റത്തിനുള്ള തീരുമാനമെടുത്തത്. ഷെട്ടര് ഡല്ഹിയിലെത്തി ബി ജെ പി പ്രസിഡന്റ് നിതിന് ഗഡ്കരിയെയും മുതിര്ന്ന നേതാവ് എല് കെ അദ്വാനിയെയും സന്ദര്ശിച്ചശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് കോര്കമ്മറ്റി യോഗത്തിന്റെ തീരുമാനങ്ങള് വിശദീകരിച്ച രവിശങ്കര് പ്രസാദ് പറഞ്ഞത്. നേതൃമാറ്റമുണ്ടായില്ലെങ്കില് പിന്തുണ പിന്വലിക്കുമെന്ന് യെദ്യൂരപ്പ ഭീഷണി മുഴക്കിയിരുന്നു. കഴിഞ്ഞയാഴ്ച ഒമ്പതു മന്ത്രിമാര് രാജിക്കത്തുകള് ഏല്പ്പിച്ചതായി റിപ്പോര്ട്ടുകളുണ്ടായിരുന്നു.
അഴിമതി ആരോപണങ്ങള് ഉയര്ന്നതിനെ തുടര്ന്ന് രാജിവെക്കാന് നിര്ബന്ധിതനായ യെദ്യൂരപ്പക്കു പകരം കഴിഞ്ഞവര്ഷം ഓഗസ്റ്റിലായിരുന്നു ഇപ്പോഴത്തെ മുഖ്യമന്ത്രി സദാനന്ദ ഗൗഡ അധികാരമേറ്റത്. യെദ്യൂരപ്പയുടെ ഗ്രൂപ്പില്പ്പെട്ട ആള്തന്നെയായിരുന്നു ഗൗഡയും. എന്നാല് പിന്സീറ്റിലിരുന്ന് ഭരണം നിയന്ത്രിക്കാനുള്ള യെദ്യൂരപ്പയുടെ ശ്രമങ്ങള് ഇരുവരെയും അകറ്റി. ഇതിനെതുടര്ന്നാണ് നേതൃമാറ്റം എന്ന ആവശ്യം യെദ്യൂരപ്പ ഉയര്ത്തിയത്. യെദ്യൂരപ്പയുടെ സമ്മര്ദ്ദങ്ങള്ക്ക് വഴങ്ങി തീരുമാനമെടുക്കരുതെന്ന് സദാനന്ദ ഗൗഡ പാര്ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല് പാര്ട്ടി നേതൃത്വം ഗൗഡയെ കൈവിടുകയാണുണ്ടായത്.
ബി ജെ പി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാല് അധികാരമൊഴിയുമെന്ന് കോര്കമ്മറ്റി യോഗതീരുമാനത്തിനു ശേഷം മുഖ്യമന്ത്രി ഗൗഡ പറഞ്ഞു. കര്ണ്ണാടകയെ സംബന്ധിച്ച തീരുമാനം ഞായറാഴ്ച ഉണ്ടാകുമെന്ന് ബി ജെ പി നേതാവ് അരുണ് ജെയ്റ്റ്ലി പറഞ്ഞു. മുഖ്യമന്ത്രി സദാനന്ദ ഗൗഡ ഞായറാഴ്ച ഡല്ഹിയില് എത്തി ബി ജെ പി നേതാക്കളുമായി ചര്ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനം കടുത്ത വരള്ച്ചയെ നേരിടുന്ന സാഹചര്യത്തിലാണ് ഭരണ അസ്ഥിരതയുണ്ടാക്കിക്കൊണ്ടുള്ള നേതൃത്വമാറ്റമുണ്ടാകുന്നത്. കര്ണാടകയിലെ 123 താലൂക്ക് പ്രദേശങ്ങള് വരള്ച്ച ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്.
1989 ല് വന് ഭൂരിപക്ഷത്തോടെ അധികാരത്തില് തിരിച്ചെത്തിയ കോണ്ഗ്രസ് (ഐ)യുടെ ഭരണത്തിന് കീഴില് കര്ണാടകത്തിലുണ്ടായ രാഷ്ട്രീയ അസ്ഥിരതക്ക് സമാനമായ സംഭവങ്ങളാണ് ഇപ്പോഴുണ്ടായിട്ടുള്ളത്. അന്ന് അഞ്ച് വര്ഷത്തിനുള്ളില് മൂന്ന് മുഖ്യമന്ത്രിമാരുണ്ടായി. ആദ്യം മുഖ്യമന്ത്രിയായിരുന്ന വീരേന്ദ്രപാട്ടിലിനെ മാറ്റി എസ് ബംഗരപ്പ മുഖ്യമന്ത്രിയായി. പിന്നീട് ബംഗരപ്പയെ മാറ്റി വീരപ്പമൊയ്ലി മുഖ്യമന്ത്രിയായി. 1994 ലെ തിരഞ്ഞെടുപ്പില് ജനതാദള് കോണ്ഗ്രസ് (ഐ)യെ നിലംപരിശാക്കിയിരുന്നു.
|