തിരുവനന്തപുരം : യൂണിസെഫുമായി സഹകരിച്ച് കുടുംബശ്രീ ബാലസഭകളില് നടപ്പാക്കി വരുന്ന 'മീനാ സാമൂഹിക ആശയസമ്പര്ക്ക പരിപാടി' യുടെ രണ്ടാംഘട്ടമായ മീനയുടെ ലോകം പ്രതിവാര റേഡിയോ പരിപാടി ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് സാമൂഹ്യ ക്ഷേമമന്ത്രി ഡോ. എം കെ മുനീറിന്റെ അധ്യക്ഷതയില് വി ജെ ടി ഹാളില് വൈകിട്ട് 5 ന് നടക്കുന്ന ചടങ്ങില് ആരോഗ്യമന്ത്രി വി എസ് ശിവകുമാര് 'മീനയുടെ ലോകം' ശീര്ഷകഗാനം പ്രകാശനം ചെയ്യും.കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും ആശയവിനിമയശേഷി വര്ധിപ്പിക്കുന്നതിനുമുതകുന്ന വിവിധ കലാപരിപാടികള് ആയിരിക്കും ഇതിന്റെ ഉള്ളടക്കം. റേഡിയോ പരമ്പരയുടെ ഒന്നാം ഭാഗം മേയര് അഡ്വ. കെ ചന്ദ്രികയും ലോഗോ ആകാശവാണി മേഖലാ അഡീഷണല് ഡയറക്ടര് ജനറല് ജി ജയലാലും പ്രകാശനം ചെയ്യും. കായികതാരം ശ്രീമതി കെ എ ബീനമോള് സമ്മാനവിതരണം നിര്വഹിക്കും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര് അരുണാ സുന്ദരരാജന്, യൂണിസെഫ് ഫസ്റ്റ് ഓഫീസര് ഇന് ചാര്ജ്ജ് അരുണാരത്നം, ദുരദര്ശന് ഡയറക്ടര് പി കെ സുഭാഷ്, ആകാശവാണി സ്റ്റേഷന് ഡയറക്ടര് കെ എ മുരളീധരന്, പ്രോഗ്രാം എക്സിക്യൂട്ടീവ് ലീലാമ്മ മാത്യു, കുടുംബശ്രീ ഡയറക്ടര് പി കെ തോമസ് എന്നിവര് സംസാരിക്കും.
പ്രക്ഷേപണ കലയിലും ബാലസാഹിത്യത്തിലും നിപുണരായ ഒരു സംഘം പ്രതിഭാശാലികളും ബാലസഭാംഗങ്ങളും തങ്ങളുടെ കഴിവുകള് കോര്ത്തിണക്കുന്ന ഈ പരമ്പര ഞായറാഴ്ചകളില് വൈകിട്ട് 4 മുതല് 4.20 വരെ ആകാശവാണിയുടെ എല്ലാ കേരള നിലയങ്ങളും പ്രക്ഷേപണം ചെയ്യും. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.55 മുതല് 3.15 വരെ പുനഃപ്രക്ഷേപണവുമുണ്ടാകും. ബാലസഭകളില് ഈ പരിപാടി കണ്ടശേഷം അംഗങ്ങള് അറിയിക്കുന്ന അഭിപ്രായങ്ങളും അനുഭവങ്ങളും തുടര്ന്നുള്ള പരിപാടികളില് ഉള്പ്പെടുത്തും.ഉദ്ഘാടന ചടങ്ങിനുശേഷം കുട്ടികളുടെ നാടകവേദിയായ രംഗപ്രഭാത് അവതരിപ്പിക്കുന്ന നാടകം, ജോബി സംഘത്തിന്റെ മിമിക്രി, സൂപ്പര് ട്രൂപ്പ് ഓര്ക്കസ്ട്രയുടെ ഗാനസന്ധ്യ എന്നീ കലാപരിപാടികള് ഉണ്ടായിരിക്കും. ആകാശവാണിയുടെ കേരളനിലയങ്ങള് ഉത്ഘാടനചടങ്ങുകള് തല്സമയം പ്രക്ഷേപണം ചെയ്യും.
|