തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം അശാസ്ത്രീയമാണെന്ന് നടന്‍ തിലകന്‍ പറഞ്ഞു. അവാര്‍ഡ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനയുഗത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹമിങ്ങനെ അഭിപ്രായപ്പെട്ടത്. പ്രേക്ഷകാംഗീകാരത്തിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് കൊടുക്കേണ്ടത്. ഇന്ത്യന്റുപ്പിയില്‍ അവാര്‍ഡ് കിട്ടുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ആ ചിത്രത്തിലെ അഭിനയത്തിന് അവാര്‍ഡ് കിട്ടേണ്ടതാണെന്ന് അഭിപ്രായപ്പെട്ടവരെറെയാണ്.
ചലച്ചിത്ര വകുപ്പ് മന്ത്രി ഈ അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ടോ എന്നെനിക്കുറപ്പില്ല. പക്ഷെ സാഹചര്യങ്ങള്‍ വച്ചുനോക്കുമ്പോള്‍ അങ്ങനെ സംഭവിക്കാനും സാധ്യതയുണ്ട്. ഇതിനുമുമ്പും പ്രേക്ഷകാംഗീകാരം ലഭിച്ചിട്ടും എന്നെ തഴഞ്ഞ അനുഭവങ്ങള്‍ നിരവധിയാണ്. മൂന്നാം പക്കത്തിലെ സംസ്ഥാന അവാര്‍ഡിന്റെ കാര്യത്തിലായിരുന്നാലും പെരുന്തച്ചന് കിട്ടാതെ പോയ ദേശീയ അവാര്‍ഡിന്റെ കാര്യത്തിലായിരുന്നാലും ഇടപെടലുകള്‍ കാരണം കിട്ടാതെ പോയിട്ടുണ്ട്. ഇത്തവണ മികച്ച നടനല്ല മികച്ച മേക്കപ്പിനാണ് അവാര്‍ഡ് കൊടുത്തിട്ടുള്ളത്.
സഹനടന്റെ അവാര്‍ഡ് കൊടുക്കുന്നതെന്തിനാണെന്നും മനസിലാവുന്നില്ല. ഫിലിംഫെയര്‍ മികച്ച സഹനടനുള്ള അവാര്‍ഡ് എനിക്കിപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അത് ആ പേരില്‍ തന്നെയാണ് അവര്‍ തരുന്നതെങ്കില്‍ ഞാനത് തിരസ്‌ക്കരിക്കും. സപ്പോര്‍ട്ടിംഗ് ആക്ടര്‍ എന്നത് പ്രഹസനമാണ്.
പ്രണയത്തില്‍ മോഹന്‍ലാലിന് കിട്ടാതെപോയതിലും ഞാന്‍ നേരത്തെ പറഞ്ഞ സംശയങ്ങളുണ്ട്. അദ്ദേഹം മികച്ച നടനാണ്. സാധാരണഗതിയില്‍ അത്തരം വേഷങ്ങള്‍ മോഹന്‍ലാല്‍ നന്നാക്കാറുണ്ട്. മികച്ച ചിത്രം ഇന്ത്യന്‍ റുപ്പിയാണെന്ന് പറയുന്നു. ആ ചിത്രം എന്തുകൊണ്ടാണ് മികച്ചതായെന്നുകൂടി എല്ലാവരും ഓര്‍ക്കണം. കള്ളക്കളി കളിച്ചാല്‍ ജനം അറിയും.
|