സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ബഷീറിന്റെ രചനാവൈഭവത്തില്‍ പിറന്ന കഥാപാത്രങ്ങള്‍ ചലച്ചിത്രത്തിലേക്ക് ഒരുങ്ങുമ്പോള്‍ അതില്‍ തന്റെ വേഷമെന്തായിരിക്കും... രൂപത്തിലും ഭാവത്തിലും കഥാലോകത്തെ അമ്പരപ്പിച്ച ബഷീറിയന്‍ കഥാപാത്രങ്ങളാവാന്‍ കഴിഞ്ഞ മൂന്ന് ദിവസമായി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്ററിലെത്തിയത് നൂറുകണക്കിന് കലാകാരന്‍മാരും അഭിനേത്രികളും.
പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ബാല്യകാലസഖി എന്ന ചിത്രത്തിന് വേണ്ടിയാണ് ബഷീര്‍ കഥാപാത്രങ്ങളുടെ ശില്‍പ്പശാല സംഘടിപ്പിച്ചത്. മലയാള സിനിമാചരിത്രത്തില്‍തന്നെ ഇടംനേടുന്ന ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളുടെ പ്രാരംഭഘട്ടമെന്ന നിലയിലാണ് ശില്‍പ്പശാല. കേരളത്തില്‍ മൂന്ന് യൂണിവേഴ്‌സിറ്റി യൂണിയനുകളാണ് ശില്‍പ്പശാലകളുടെ സംഘാടകര്‍. അഞ്ച് മുതല്‍ അറുപത് വയസുവരെയുള്ളവരാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സ്റ്റുഡന്റ്‌സ് സെന്ററില്‍ തങ്ങളുടെ അഭനയമികവ് പ്രകടമാക്കിയത്.
കേരള സര്‍വകലാശാല യൂണിയന്‍ സംഘടിപ്പിക്കുന്ന ശില്‍പ്പശാലയുടെ ഉദ്ഘാടനം തിരുവനന്തപുരം വിമന്‍സ് കോളജില്‍ ഒ എന്‍ വി കുറുപ്പാണ് നിര്‍വഹിച്ചത്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന ഈ ചിത്രത്തില്‍ മലയാള സിനിമയിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം 35 പുതുമുഖ അഭിനേതാക്കള്‍ക്കും ഈ ചിത്രത്തില്‍ അവസരം നല്‍കും. ബാലതാരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് തലത്തിലുള്ള അഭിനേതാക്കളെയാണ് തിരഞ്ഞെടുക്കുന്നത്. ഇങ്ങനെ കണ്ടെത്തുന്നവര്‍ക്ക് പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് സിനിമാഭിനയത്തിനുള്ള പ്രത്യേക പരിശീലനവും നല്‍കും. തിരുവനന്തപുരത്തെ ക്യാമ്പില്‍ അഞ്ഞൂറോളം അഭിനേതാക്കളാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി എത്തിയത്. ആകെ ലഭിച്ച അയ്യായിരത്തോളം അപേക്ഷകളില്‍ നിന്നും തിരഞ്ഞെടുത്ത രണ്ടായിരം പേരെയാണ് സംസ്ഥാനത്ത് മൂന്നിടങ്ങളിലെ ശില്‍പ്പശാലകളിലേക്ക് ക്ഷണിച്ചിട്ടുള്ളത്. പ്രവാസി ജീവിതം നയിക്കുന്ന അഭിനേതാക്കല്‍ക്കായി ദുബായിലായിരിക്കും ശില്‍പ്പശാല. എം ജി സര്‍വകലാശാലാ യൂണിയന്‍ സംഘാടനമൊരുക്കുന്ന ശില്‍പ്പശാല ഓഗസ്റ്റ് മൂന്ന് മുതല്‍ അഞ്ച് വരെ തീയതികളില്‍ നടക്കും. കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ സംഘടിപ്പിക്കുന്ന ശില്‍പ്പശാല ഓഗസ്റ്റ് അവസാനവാരത്തിലും നടത്തും. തികച്ചും വ്യത്യസ്തമായ ചിലമത്സരങ്ങളും ശില്‍പ്പശാലയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സുല്‍ത്താന് ഒരു കത്ത് എന്ന് പേരിട്ട മത്സരത്തില്‍ ബഷീറിന് ഒരു കത്തെഴുതുന്ന മത്സരമാണ് നടത്തിയത്. ഇതിന്റെ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ശില്‍പ്പശാലയുടെ ഉദ്ഘാടന ചടങ്ങില്‍ വിതരണം ചെയ്തു. എം ജി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കായി ബഷീര്‍ കഥാപാത്രങ്ങളുടെ കാരിക്കേച്ചര്‍ രചനയാണ് മത്സരം. കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കായി ബഷീറിയന്‍ രചനകളുടെ കാലിക പ്രസക്തി എന്ന വിഷയത്തില്‍ ലേഖനരചനാമത്സരമാണ് സംഘടിപ്പിക്കുന്നത്.
അഭിനയിക്കാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നും യോഗ്യരായവരെ കണ്ടെത്തുന്നതിന് സംസ്ഥാനത്തുടനീളമായി നടത്തുന്ന തീവ്രശ്രമത്തിന്റെ ഭാഗമായുള്ള ശില്‍പ്പശാലയ്ക്ക് ചലച്ചിത്രലോകത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നാടകരംഗത്തും ദൃശ്യമാധ്യമരംഗത്തും കഴിവ് തെളിയിച്ച പ്രമോദ് പയ്യന്നൂര്‍ തന്റെ കന്നി ചലച്ചിത്രസംരംഭത്തിന്റെ അണിയറ പ്രവര്‍ത്തനത്തിലും ആസ്വാദന തലത്തിലും തികച്ചും വ്യത്യസ്തമാക്കുന്നതിന് പ്രയത്‌നമാണ് നടത്തുന്നത്. ഈ ചിത്രങ്ങളിലെ ഗാനങ്ങള്‍ തലമുറകളുടെ സംഗമം എന്ന നിലയില്‍ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. അതിമനോഹരമായ ഗാനങ്ങളാണ് ഈ ചിത്രത്തിനായി ഒരുക്കിയിട്ടുള്ളത്. രണ്ടാംഘട്ടപ്രവര്‍ത്തനം എന്ന നിലയിലാണ് നടീനടന്‍മാരെ കണ്ടെത്താനുള്ള ശില്‍പ്പശാല. ഫിലിം ആക്ടിംഗ് ട്രെയിനിംഗ് രംഗത്തെ പ്രമുഖരാണ് ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കുന്നത്. ലിവിന്‍ ആര്‍ട്‌സിന്റെയും ഏസ്തിസ് മീഡിയയുടെയും ബാനറില്‍ എം ബി മൊഹ്‌സിനാണ് ബാല്യകാലസഖി നിര്‍മിക്കുന്നത്. സജീബ് ഹാഷിം, ഇടയത്ത് രവി എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.
|