ദുബൈ: ഈവര്‍ഷം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്തിട്ടുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വിരാട് കൊഹ്‌ലിയെയും സച്ചിന്‍ ടെണ്ടുല്‍ക്കറെയും 2012ലെ ഐ സി സി അവാര്‍ഡുകള്‍ക്കായി നാമനിര്‍ദേശം ചെയ്തു.
ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍, വണ്‍ഡേ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡുകള്‍ക്കായാണ് കൊഹ്‌ലിയുടെ പേര് നിര്‍ദേശിക്കപ്പെട്ടതെങ്കില്‍ ഐ സി സി പീപ്പിള്‍സ് ചോയിസ് അവാര്‍ഡിനുവേണ്ടിയാണ് ടെണ്ടുല്‍ക്കറുടെ പേര് വീണ്ടും നിര്‍ദേശിച്ചിരിക്കുന്നത്.
ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര, ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ വെര്‍നോണ്‍ ഫിലാണ്ടര്‍, ജാക്വിസ് കാലിസ്, ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരുടെ പേരുകളാണ് പീപ്പിള്‍സ് ചോയ്‌സിനായി നിര്‍ദേശിച്ചിട്ടുള്ള മറ്റു പേരുകള്‍.
ചരിത്രത്തില്‍ മൂന്നാം തവണയാണ് ആരാധകര്‍ക്ക് അവാര്‍ഡ് ജേതാവിനെ കണ്ടെത്താനുള്ള അവസരം നല്‍കുന്നത്. ഇത്തവണ നിര്‍ദേശങ്ങള്‍ ഐ സി സിയുടെ ഔദ്യോഗിക ഫെയ്‌സ്ഫുക്ക് പേജായ ംംം.ളമരലയീീസ.രീാ/രൃശരസലശേരരല്‍ ആരാധകര്‍ക്ക് വോട്ട് രേഖപ്പെടുത്താം. ഈമാസം 31വരെയാണ് വോട്ടുചെയ്യാന്‍ അവസരമുള്ളത്.
സച്ചിനും(2010) സംഗക്കാരയുമാണ്(2011) മുമ്പ് ഈ അവാര്‍ഡിന് അര്‍ഹരായിട്ടുള്ളത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി, ഓപ്പണര്‍ ഗൗതം ഗംഭീര്‍ എന്നിവരെയും ഈവര്‍ഷത്തെ മികച്ച ഏകദിന ക്രിക്കറ്റര്‍ക്കുള്ള അവാര്‍ഡിനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിനായി ഒരു ഇന്ത്യക്കാരനെയും ശുപാര്‍ശ ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലേക്കായി ആറ് കളിക്കാരുടെ പേരുകള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. പാകിസ്ഥാന്റെ സെയ്ദ് അജ്മല്‍, ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല, ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്, സംഗക്കാര, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്, വെസ്റ്റിന്‍ഡീസിന്റെ സ്റ്റഫാനി ടെയ്‌ലര്‍ എന്നിവരാണവര്‍.
കൊളംബോയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിനു മുന്നോടിയായി ശ്രീലങ്കയില്‍ സെപ്റ്റംബര്‍ 15ന് ചേരുന്ന ഐ സി സിയുടെ യോഗത്തിലാകും അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുക.
11 വ്യക്തിഗത അവാര്‍ഡുകള്‍ക്ക് പുറമേ ഈവര്‍ഷത്തെ മികച്ച ടെസ്റ്റ്, ഏകദിന ടീമുകളെയും തിരഞ്ഞെടുക്കും.
വെസ്റ്റിന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റനും ഐ സി സി ക്രിക്കറ്റ് കമ്മിറ്റിയുടെ ഇപ്പോഴത്തെ ചെയര്‍മാനുമായ ക്ലൈവ് ലോയ്ഡ് തലവനായുള്ള അഞ്ചംഗ സെലക്ഷന്‍ പാനലാണ് അവാര്‍ഡിന് പരിഗണിക്കാനുള്ളവരുടെ പട്ടിക തയ്യാറാക്കുന്നത്.
ഇത്തവണ ഐ സി സി വണ്‍ഡേ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും ഐ സി സി വിമന്‍ ട്വന്റി-20 ക്രിക്കറ്റര്‍ ഓഫ് ദ അവാര്‍ഡുംകൂടി പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
|