കോട്ടയം: നാടന്‍ കലാമേഖലയ്ക്ക് ഉണര്‍വ് പകരുന്നതിനും കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് കേരള ഫോക്‌ലോര്‍ അക്കാദമി സംഘടിപ്പിക്കുന്ന സാംസ്‌കാരിക യാത്രയെ വരവേല്‍ക്കാന്‍ കോട്ടയം നഗരം ഒരുങ്ങി. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ 'സമ്പന്നപൈതൃകം-സൗഹൃദകേരളം' എന്ന സന്ദേശവുമായി സെപ്റ്റംബര്‍ നാലിന് തിരുവനന്തപുരത്ത് ആരംഭിച്ച യാത്ര ഏഴിനാണ്് കോട്ടയത്ത് എത്തുന്നത്. 20ന് മഞ്ചേശ്വരത്ത് സമാപിക്കും.
ഇതോടനുബന്ധിച്ച് തിരുനക്കര മൈതാനത്ത് നാടന്‍കലാകാരസംഗമം, സാംസ്‌കാരിക സമ്മേളനം, നാടന്‍ കലാസന്ധ്യ തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന നാടന്‍ കലാകാരസംഗമത്തില്‍ ജില്ലയില്‍ നാടന്‍കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, സംഘടനാ പ്രതിനിധികള്‍, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍, സ്‌കൂളുകളുടെയും കോളേജുകളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലയിലെ പൈതൃക കലകള്‍, അവയുടെ സംരക്ഷണം, പ്രചാരണം, ജില്ലയുടെ ചരിത്രപ്രാധാന്യം, പാരിസ്ഥിതിക-ജൈവ വൈവിധ്യങ്ങള്‍, പഴകാല ആചാരാനുഷ്ഠാനങ്ങള്‍, ചരിത്രസ്മാരകങ്ങള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് സംഗമം ചര്‍ച്ച ചെയ്യും. സംസ്ഥാന സര്‍ക്കാര്‍ ഫോക്‌ലോര്‍ അക്കാദമി മുഖേന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നല്‍കിവരുന്ന പെന്‍ഷന്‍, ചികിത്സാധനസഹായം തുടങ്ങിയ ആനുകൂല്യങ്ങളെക്കുറിച്ചും രജിസ്‌ട്രേഡ് ക്ലബുകള്‍, ട്രസ്റ്റുകള്‍, ഗ്രന്ഥശാലകള്‍, സ്‌കൂളുകള്‍, കോളേജുകള്‍ തുടങ്ങിയവയ്ക്ക് അക്കാദമി നല്‍കുന്ന അഫിലിയേഷനെക്കുറിച്ചും വിശദീകരിക്കുകയും അപേക്ഷാഫോറങ്ങള്‍ വിതരണം നടത്തുകയുംചെയ്യും.
വൈകുന്നേരം അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ജനപ്രതിനിധികള്‍, കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന 'നാട്ടകം' നാടന്‍കലാസന്ധ്യയില്‍ ജില്ലയിലെ പൈതൃകകലാകാരന്‍മാര്‍ കലാവിരുന്നും ഫോക്‌ലോര്‍ അക്കാമദി കലാകാരന്‍മാര്‍ നാടന്‍പാട്ടുകളും അവതരിപ്പിക്കും.
അക്കാദമിയില്‍ അഫിലിയേഷന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികള്‍ക്ക് നാടന്‍ കലാകാര സംഗമത്തില്‍ പങ്കെടുത്ത് അപേക്ഷഫോറം വാങ്ങാവുന്നതാണെന്ന് ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എം. പ്രദീപ്കുമാര്‍ അറിയിച്ചു.
|