കോട്ടയം: മുപ്പത്തിയഞ്ച് വര്‍ഷത്തെ അഭിനയ ജീവിതത്തിന് വിരാമമിട്ട് ഒളശയുടെ ഓമനച്ചിറ്റ ഓര്‍മ്മയിലേക്ക് മറഞ്ഞു. മലയാളത്തിന്റെ നാടകാചാര്യനായ എന്‍ എന്‍ പിള്ളയുടെ - ഓമനയുടെ പിള്ളച്ചേട്ടന്റെ, കൈപിടിച്ചാണ് അവര്‍ നാടകരംഗത്തേക്ക് നടന്നുകയറിയത്.
നാല്‍പതിലധികം നാടകങ്ങളിലായി പതിനായിരത്തിലേറെ വേദികളില്‍ ഓമന ചായമിട്ടു. അടുപ്പമുള്ളവരുടെ ചിറ്റേ എന്നുള്ളവിളി തന്നെയാണ് അവരെ ഒളശയുടെ ഓമനച്ചിറ്റയാക്കിയത്.
എന്‍ എന്‍ പിള്ളയുടെ മാതൃസഹോദരീ പുത്രിയാണ്. വൈക്കം അയ്യരുകുളങ്ങര തെത്തത്തില്‍ റിട്ട.ഹെഡ്മാസ്റ്റര്‍ വേലായുധന്‍പിള്ളയുടെയും ഗൗരിയുടെയും ഏകമകളായാണ് ജനനമെങ്കിലും ഒളശയും വിശ്വകേരള കലാസമിതിയുമായിരുന്നു അവരെ നാടകനടിയാക്കിയത്. അവസാനകാലങ്ങളില്‍ എന്‍ എന്‍ പിള്ളയോടൊപ്പം ഒളശയിലെ ഡയനീഷ്യയില്‍ തന്നെ സ്ഥിരതാമസമാക്കിയിരുന്നു അവര്‍. എന്‍ എന്‍ പിള്ളയുടെ മരണശേഷം വിജയരാഘവനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.
1952ലാണ് 'വിശ്വകേരള കലാസമിതി' നിലവില്‍ വന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞ് അവര്‍ അവതരിപ്പിച്ച 'പുതിയ വെളിച്ചം' എന്ന നാടകത്തിലാണ് ജി ഓമന ആദ്യമായി അഭിനയിക്കുന്നത്.
എന്നാല്‍ 54ല്‍ 'അസ്സലാമു അലൈക്കും' എന്ന നാടകത്തില്‍ ഒരു നടി എത്താതിരുന്നപ്പോള്‍ പകരക്കാരിയായിട്ടാണ് അരങ്ങേറ്റം. പിന്നീട് 1989 വരെ അഭിനയരംഗത്ത്് തുടര്‍ന്നു.
'അസലാമു അലൈക്കും' എന്ന നാടകമാണ് ഓമനയെ അറിയപ്പെടുന്ന നടിയാക്കിയത്. അതില്‍ എന്‍ എന്‍ പിള്ള അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മയായിട്ടാണ് അവര്‍ വേഷമിട്ടത്.
ഹിന്ദുമുസ്ലിം മൈത്രി വിഷയമാക്കിയ ഈ നാടകത്തിന്റെ പശ്ചാത്തലവും ഭാഷയുമെല്ലാം ഏറനാടനായിരുന്നു. ഓമനയുടെ ഇരുപത്തിമൂന്നാമത്തെ വയസ്സിലായിരുന്നു ഈ അമ്മവേഷം. പിള്ളച്ചേട്ടന്‍ നാടകാഭിനയം നിര്‍ത്തിയതോടെ ഓമനയും നാടകവേദി വിട്ടു. വര്‍ഷങ്ങള്‍ നീണ്ട അഭിനയജീവിതത്തിനവസാനംഅഭിനയിച്ചത് 'ദി ജഡ്ജ്‌മെന്റ്' എന്ന നാടകത്തില്‍.മനോഹരമായ കൈയക്ഷരമുള്ള ഓമനയ്ക്കായിരുന്നു എന്‍ എന്‍ പിള്ളയുടെ നാടകരംഗങ്ങള്‍ പകര്‍ത്തിയെഴുതുന്ന ജോലി. മാത്രമല്ല റിഹേഴ്‌സല്‍ സമയത്ത് നടീനടന്മാര്‍ക്ക് പ്രോംപ്റ്റ് ചെയ്തു കൊടുക്കുന്ന ജോലിയും അവരുടേതായിരുന്നു.
ക്രോസ്‌ബെല്‍റ്റിലെ പട്ടാളം ഭവാനി, കാപാലികയിലെ കടയ്ക്കാവൂര്‍ അത്ത, പ്രേതലോകത്തിലെ അര്‍ത്തുങ്കല്‍ കാര്‍ത്ത്യായനി എന്നിവ ഓമനയുടെ ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളാണ്. രണ്ട് സിനിമയിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. 1974ല്‍ 'കാപാലിക'യിലും 2008ല്‍ ജയരാജിന്റെ 'ആനന്ദഭൈരവി' എന്ന സിനിമയിലുമാണ് അവര്‍ അഭിനയിച്ചത്.
|