കൊളംബോ: ബൗളിംഗിലും ബാറ്റിംഗിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ഇന്ത്യ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ 90 റണ്‍സിന് തോല്‍പ്പിച്ചു. ആദ്യ മത്സരത്തില്‍ അഫ്ഗാനെതിരെ ഇറങ്ങിയത് തങ്ങളുടെ നിഴലാണെന്ന് തോന്നിപ്പിച്ച ഇന്ത്യ ആദ്യം ബാറ്റു ചെയ്ത് 4 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍ നേടി. മികച്ച തുടക്കം സമ്മാനിച്ച ഇര്‍ഫാന്‍ പത്താനും തിരിച്ചുവരവ് ആഘോഷിച്ച് വിക്കറ്റ് നേടിയ ഹര്‍ഭജന്‍ സിംഗും പിയൂഷ് ചൗളയും മാറിമാറി വിക്കറ്റെടുത്തപ്പോള്‍ ഇംഗ്ലണ്ട് ബാറ്റിംഗ് 14.4 ഓവറില്‍ 80ന് തകര്‍ന്നുവീണു.
വിരേന്ദര്‍ സെവാഗ്, ആര്‍ അശ്വിന്‍, സഹീര്‍ഖാന്‍ എന്നിവരെ ഒഴിവാക്കിയാണ് ഇന്ത്യ ഇന്നലെ ഇറങ്ങിയത്. തോല്‍വി നേരിട്ടാലും പുറത്താകില്ലെന്ന ആത്മവിശ്വാസമാണ് ഈ പരീക്ഷണത്തിന് ധോണിയെ പ്രേരിപ്പിച്ചത്. പക്ഷേ അത് ഉജ്വല വിജയമായി മാറി. എങ്കിലും ഗംഭീറിനൊപ്പം ഓപ്പണറായി ഇര്‍ഫാന്‍ പത്താന്‍ എത്തിയെങ്കിലും മുന്‍ മത്സരങ്ങളിലെപ്പോലെ ഓപ്പണിംഗ് വീണ്ടും പരാജയമായി. സ്റ്റീവന്‍ ഫിന്‍ പത്താന്റെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. കൊഹ്‌ലിയും ഗംഭീറും ചേര്‍ന്നപ്പോള്‍ ഇന്ത്യയ്ക്ക് 57 റണ്‍സ് ലഭിച്ചു. മികച്ച ഫോമിലല്ലായിരുന്നെങ്കിലും പന്തുകള്‍ സൂക്ഷമതയോടെ നേരിട്ടാണ് ഗംഭീര്‍ മുന്നോട്ടുനീങ്ങിയത്. കൊഹ്‌ലിയാകട്ടെ ഒരറ്റത്ത് അടിച്ചുതകര്‍ക്കാനും ശ്രമിച്ചു. 32 പന്തില്‍ 40 റണ്‍സടിച്ച കൊഹ്‌ലി സ്വാന്റെ പന്ത് ബൗണ്ടറി കടത്താന്‍ ശ്രമിച്ച് ബ്രിസ്റ്റോയ്ക്ക് ക്യാച്ച് നല്‍കി പുറത്തായി. രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. 38 പന്തില്‍ 45 റണ്‍സെടുത്ത ഗംഭീറിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് പിന്നീട് നഷ്ടമായത്. ഫിന്‍ന്റെ ഓവറില്‍ വിക്കറ്റിനു പിന്നില്‍ കെസ്‌വെറ്ററാണ് ഗംഭീറിനെ പിടികൂടിയത്. അവസാന ഓവറുകളില്‍ അടിക്കാന്‍ ശ്രമിച്ച ധോണിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് പിന്നീട് നഷ്ടമായത്. ഇന്ത്യന്‍ സ്‌കോറിന്റെ നെടുന്തൂണായ രോഹിത് ശര്‍മയുടെ വിക്കറ്റെടുക്കാന്‍ ഇംഗ്ലണ്ടിനായില്ല. 33 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെ 55 റണ്‍സാണ് ശര്‍മ നേടിയത്.
ആദ്യ ഓവറിന്റെ അവസാന പന്തില്‍ ഹാലെസിന്റെ വിക്കറ്റ് തെറിപ്പിച്ച് പത്താന്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി. അടുത്ത സ്‌പെല്ലിന് തിരിച്ചെത്തിയപ്പോള്‍ ഇംഗ്ലണ്ടിന്റെ തുറുപ്പുചീട്ടായ റൈറ്റിനെ പത്താന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കി. മടങ്ങിവരവില്‍ തന്റെ രണ്ടാമത്തെ പന്തില്‍ മോര്‍ഗണ്‍ന്റെ വിക്കറ്റ് തെറിപ്പിച്ച് ഹര്‍ഭജന്‍ അരങ്ങേറി. അടുത്ത ഓവര്‍ എറിഞ്ഞ പിയൂഷ് ചൗള അവസാന പന്തില്‍ ബ്രിസ്റ്റോയുടെ വിക്കറ്റെടുത്തു. തുടര്‍ന്ന് വിക്കറ്റെടുക്കാന്‍ ഹര്‍ഭജനും ചൗളയും തമ്മിലുള്ള പോരാട്ടമാണ് കണ്ടത്. ഇതിനിടെ അവരുടെ ടോപ് സ്‌കോററായ കെസ്‌വെറ്ററുടെ വിക്കറ്റ് ചൗളയുടെ പന്തില്‍ കൊഹ്‌ലി കൈക്കലാക്കി. മധ്യനിരയില്‍ 11 റണ്‍സെടുത്ത ബട്ട്‌ലറുടെ വിക്കറ്റ് തെറിപ്പിച്ച് ഹര്‍ഭജന്‍ വീണ്ടും കരുത്ത് തെളിയിച്ചു. ഇന്ത്യന്‍ ബൗളിംഗിനു മുന്നില്‍ അടിതെറ്റിയ ഇംഗ്ലണ്ടിന് 32 പന്തുകള്‍ അവശേഷിക്കെ വിക്കറ്റെല്ലാം നഷ്ടമായി.
സ്‌കോര്‍ ബോര്‍ഡ്-ഇന്ത്യ: ഗംഭീര്‍ സി കെസ്‌വെറ്റര്‍ ബി ഫിന്‍ 45, ഇര്‍ഫാന്‍ പത്താന്‍ ബി ഫിന്‍ 8, കൊഹ്‌ലി സി ബ്രിസ്റ്റോ ബി സ്വാന്‍ 40, രോഹിത് ശര്‍മ നോട്ടൗട്ട് 55, ധോണി സി ഹാലെസ് ബി ഡാരണ്‍ബക്ക് 9, റെയ്‌ന നോട്ടൗട്ട് 1. എക്‌സ്ട്രാസ് 12. ആകെ 4ന് 170.
ബൗളിംഗ്: ഫിന്‍ 4-0-33-2, ഡാരണ്‍ബക്ക് 4-0-45-1, ബ്രോഡ് 4-0-36-0, ബ്രിസ്‌നന്‍ 4-0-35-0, സ്വാന്‍ 4-0-17-1.
ഇംഗ്ലണ്ട്: കെസ്‌വെറ്റര്‍ സി കൊഹ്‌ലി ബി ചൗള 35, ഹാലെസ് ബി പത്താന്‍ 0, റൈറ്റ് എല്‍ ബി ഡബ്ല്യു പത്താന്‍ 6, മോര്‍ഗണ്‍ ബി ഹര്‍ഭജന്‍ 2, ബ്രിസ്റ്റോ ബി ചൗള 1, ബട്ട്‌ലര്‍ ബി ഹര്‍ഭജന്‍ സിംഗ് 11, ബ്രിസ്‌നന്‍ സി ഗംഭീര്‍ ബി ഹര്‍ഭജന്‍ സിംഗ് 1, ബ്രോഡ് സി ഗംഭീര്‍ ബി ദിന്‍ഡ 3, സ്വാന്‍ സ്റ്റമ്പ്ട് ധോണി ബി ഹര്‍ഭജന്‍ 0, ഫിന്‍ നോട്ടൗട്ട് 8, ഡാരണ്‍ബക്ക് റണ്ണൗട്ട് 12. എക്‌സ്ട്രാസ് 1. ആകെ 80 (14.4 ഓവര്‍)
ബൗളിംഗ്: ഇര്‍ഫാന്‍ പത്താന്‍ 3-0-17-2, എല്‍ ബാലാജി 1-0-10-0, അശോക് ദിന്‍ഡ 2-0-26-1, ഹര്‍ഭജന്‍ സിംഗ് 4-2-12-4, പിയൂഷ് ചൗള 4-1-13-2, യുവരാജ് സിംഗ് 0.4-0-2-0.
|