ചെന്നൈ വളരുകയാണ്. മറ്റ് ഏതൊരു ഇന്ത്യന്‍ നഗരത്തേയും അത്ഭുതപ്പെടുത്തും വിധം.
എണ്ണമറ്റ ചക്രവര്‍ത്തിമാര്‍ വിജയാഘോഷം മുഴക്കി കടന്നുപോയ മഹാനഗരം.
എത്രയോ പടനായകന്മാര്‍ അവരുടെ കയ്പിന്റെയും പ്രതാപത്തിന്റെയും കൊടിനാട്ടിയ മണ്ണാണിത്. രാജവംശങ്ങള്‍ പരസ്പരം മത്സരിച്ചും തമ്മിലടിച്ചും പൊരുതിയ മണ്ണ്. പക്ഷെ നാട്ടുരാജ്യങ്ങളുടെ ചോരചീന്തലും പടയോട്ടങ്ങളും ഒട്ടനവധി നടന്നിട്ടും ദ്രാവിഡന്റെ മണ്ണിന്റെ വീര്യവും ശക്തിയും ഒരു കുതിര കുളമ്പടിക്കും വാള്‍മുനയ്ക്കും തകര്‍ക്കാന്‍ കഴിഞ്ഞില്ല. ഒരു പോര്‍വിളിക്കും, ശത്രുതയ്ക്കും ചെന്നൈയുടെ വിളനിലത്തെ ചവുട്ടിമെതിക്കാന്‍ കഴിഞ്ഞില്ല. ചെന്നൈ വളര്‍ന്നുകൊണ്ടേയിരിക്കുന്നു. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളുടെ വിളഭൂമിയായി.
ചെന്നൈ ഒരു കടലോര നഗരമാണ്. അതുകൊണ്ടു തന്നെ കഷ്ടപ്പാടിന്റെ കണ്ണീരിന്റെ ഒരുപാട് കഥകള്‍ ചെന്നൈയ്ക്കും അയവിറക്കാനുണ്ട്. അരി മുതല്‍ മണ്ണെണ്ണവരെ എല്ലാത്തിനും ജനങ്ങള്‍ പരക്കം പായുന്ന കാലം. സൈക്കിള്‍ ടയറും ട്യൂബും കിട്ടാന്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന ഒരു ജനതയുടെ കഷ്ടപ്പാടിന്റെ മ്ലാനമുഖം. തീഷ്ണമായ ക്ഷാമ ദിനങ്ങളില്‍ നിന്നും ഐ ടി കമ്പനികളുടെ കോണ്‍ക്രീറ്റ് വനങ്ങളിലേയ്ക്ക് ചെന്നൈ ഇന്നു എത്തിനില്‍ക്കുമ്പോള്‍ അതിന്റെ പിന്നിലെ വിയര്‍പ്പിന്റെ ഒരുപാട് കഥകള്‍ പറയാനുണ്ട്.
ചെന്നൈയുടെ സിരകളില്‍ വളര്‍ച്ചയുടെ തുടിപ്പ് വര്‍ധിക്കുന്നത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വരവോടെയാണ്. അതായത് 17-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ചെന്നൈപുരമെന്നും മദിരാശി പട്ടണമെന്നും അറിയപ്പെട്ടിരുന്ന ഈ നഗരം മദ്രാസായി രൂപാന്തരപ്പെടുന്നത് 1639 ലാണ്. അതിനു കാരണക്കാര്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കാര്‍. മസ്‌ലി പട്ടണവും ദുര്‍ഗാസ പട്ടണവും പോണ്ടിച്ചേരിയും കടന്നു ഫ്രാന്‍സിസ്‌ഡേയും ആന്‍ഡ്രു കോഹനും കൊറമാണ്ഡലിന്റെ ഭൂപ്രദേശങ്ങളിലെത്തുമ്പോള്‍ കാലം 17-ാം നൂറ്റാണ്ടിന്റെ ആദ്യദശകം. ആരംഭത്തില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കാര്‍ കൈവശം വച്ചത് ചിന്താതിരിപേട്ട്, എഗ്മൂര്‍, പുരശുവാക്കം, തൊണ്ടിയാര്‍പേട്ട് എന്നീ സ്ഥലങ്ങളായിരുന്നു. പിന്നീട് കുവം നദിക്കരയും ചെത്‌പേട്ടുമൊക്കെ അവരുടെ അധികാരത്തിന്‍ കീഴില്‍ വന്നുചേര്‍ന്നു. 1639 ന് മുമ്പുവരെ വിജയനഗരസാമ്രാജ്യത്തിന് കീഴില്‍ ഈ നഗരം ഭരിച്ചിരുന്ന നായ്ക്കന്മാരില്‍ നിന്നും അനുവാദം വാങ്ങി ഫ്രാന്‍സിസ്‌ഡേ സെന്റ്‌ജോര്‍ജ് കോട്ടയുടെ പണി ആരംഭിച്ച് 1653 ല്‍ കോട്ടയുടെ പണി പൂര്‍ത്തിയായി. അതോടെ ചെന്നൈ വളരാന്‍ തുടങ്ങി. ഈസ്റ്റ് ഇന്ത്യാ കമ്പനിക്കാര്‍ അതിര്‍വരമ്പ് തിരിച്ച മണ്ണില്‍ ജനങ്ങള്‍ കൂട്ടത്തോടെ താമസിക്കാന്‍ തുടങ്ങി. അതോടെ കച്ചവട സ്ഥാപനങ്ങളും പാര്‍പ്പിടങ്ങളും തെര്‌തെരെ ഉയര്‍ന്നു. ജീവിതത്തിന് മാറ്റങ്ങള്‍ വന്നുതുടങ്ങി. നഗരം കൊഴുക്കാന്‍ തുടങ്ങി. പരിഷ്‌കാരങ്ങള്‍ പടര്‍ന്നുപിടിച്ചു.
ഫ്രാന്‍സിസ്‌ഡേക്ക് ശേഷം മദിരാശിയുടെ ഭരണതലപ്പത്ത് പിന്നീട് വന്ന തോമസ് ഐവിക്ക് സമസ്ത സഹായങ്ങളും ചെയ്തുകൊടുത്ത ശ്രീരംഗരായലു നായ്ക്കനും, വെങ്കടപതിനായ്ക്കനും-
തോമസ് ഐവിക്ക് മുമ്പില്‍ ഒരപേക്ഷ സമര്‍പ്പിച്ച് ബ്രിട്ടീഷുകാരുടെ മദ്രാസ് പട്ടണം എന്ന നാമത്തിന് പകരം തങ്ങളുടെ പിതാവിന്റെ സ്മരണാര്‍ഥം ഈ നഗരത്തെ ചെന്നൈ പട്ടണം എന്നറിയപ്പെടണം. പക്ഷെ തമിഴന്റെ അപേക്ഷ വെള്ളക്കാരന്റെ ചെവിയില്‍ കടന്നില്ല. അവര്‍ നഗരത്തെ മദ്രാസ് എന്നു തന്നെ വിളിച്ച് പോന്നു. എന്നാല്‍ ബോംബെ മുംബൈയായും കല്‍ക്കത്ത കൊല്‍ക്കത്തയായും മാറിയപ്പോള്‍ തമിഴന്റെ ചിന്തയും മനസ്സും വെള്ളക്കാരനു മുമ്പില്‍ സമര്‍പ്പിച്ച പഴയ അപേക്ഷയില്‍ ചെന്നുതറച്ച് അങ്ങിനെ അവര്‍ ഒന്നടങ്കം വെള്ളക്കാരന്റെ മദ്രാസിനെ വലിച്ചെറിയുകയും ദ്രാവിഡനാമമായ ചെന്നൈ തിരിച്ച് പിടിക്കുകയും ചെയ്തു. മദ്രാസിന്റെ ആലേഖനത്തില്‍ നിന്നു ചെന്നൈ പിറന്നിട്ട് ഇപ്പോള്‍ പതിനൊന്ന് വര്‍ഷമാവുന്നു. സാമ്രാജ്യത്വത്തിന്റെ കൈപ്പിടിയില്‍ നിന്നു സ്വന്തം സംസ്‌കാരം വീണ്ടെടുക്കലിന്റെ ഒരു ശ്രമം കൂടിയാണിതെന്ന് അവര്‍ പറയുന്നു.
ചെന്നൈ വളര്‍ന്നു തുടങ്ങിയെങ്കിലും അതിന്റെ മുറ്റത്ത് നിന്നു പട്ടിണിയും പരിവട്ടവും കുറെക്കാലത്തേക്ക് പടികടന്നുപോയില്ല. 1967 ല്‍ കോണ്‍ഗ്രസ് മന്ത്രിസഭ അധികാരത്തില്‍ നിന്നു പുറത്ത് പോകേണ്ടിവന്നതിന്റെ ഒരു പ്രധാന കാരണം അക്കാലത്തെ അരി ക്ഷാമമായിരുന്നു. പിന്നൊരിക്കലും കോണ്‍ഗ്രസിന് തമിഴ്‌നാടിന്റെ ഭരണത്തിലേക്ക് തിരിച്ചുവരാനുമായില്ല.
അമ്പതുകളിലും അറുപതുകളിലുമായിട്ടാണ് കേരളത്തില്‍ നിന്ന് നിരവധി മലയാളികള്‍ ചെന്നൈയിലേക്ക് ഒഴുകിയെത്തിയത്. മദിരാശിയില്‍ എത്തുന്ന മലയാളികളെ ആദ്യകാലങ്ങളില്‍ സംശയത്തോടെയായിരുന്നു തമിഴര്‍ സ്വീകരിച്ചിരുന്നത്. മലയാളികളെ നായര്‍ എന്നായിരുന്നു അവര്‍ പൊതുവേ വിളിച്ചിരുന്നത്. മലയാളത്താന്‍ എന്നും വിളിച്ചിരുന്നു. കേരളക്കാര്‍ കമ്മ്യൂണിസ്റ്റുകളാണെന്ന ധാരണയായിരുന്നു പൊതുവേ അവര്‍ക്ക് ഉണ്ടായിരുന്നത്.
ഒരുകാലത്ത് ചെന്നൈ ഗുണ്ടകളുടെ വിളയാട്ട കേന്ദ്രമായിരുന്നു. പിടിച്ചുപറിയും സൈക്കിള്‍ മോഷണവുമായിരുന്നു പ്രധാന ഹോബി. അതിനാല്‍ അക്കാലങ്ങളില്‍ ആറും ഏഴും പേര്‍ ഒന്നിച്ചാണ് രാത്രികാലങ്ങളില്‍ സഞ്ചരിക്കുക. അന്നൊക്കെ രാത്രി ഒമ്പത് മണി കഴിഞ്ഞാല്‍ റോഡുകള്‍ വിജനമാവും. അന്ന് തമിഴരുടെ ഇടയില്‍ ഒരു ചൊല്ലുണ്ടായിരുന്നു ''രാത്രി പത്ത് കഴിഞ്ഞാല്‍ മലയാളികളും പെരിച്ചാഴികളും മാത്രമേ റോഡിലിറങ്ങൂ''.
1950 കാലഘട്ടത്തില്‍ നഗരത്തിലെ ജനസംഖ്യ ഏകദേശം 20,000 ആയിരുന്നു. ഇന്നത് 95 ലക്ഷമാണ്. ഓരോ ദിവസവും നഗരം വികസിക്കുകയായിരുന്നു. ഇടുങ്ങിയ വൃത്തിഹീനമായ തെരുവുകള്‍ പൊടുന്നനെ വീതിയേറി സൈക്കിള്‍ ഇടവിട്ട് നിരങ്ങി പാഞ്ഞ റോഡുകളില്‍ മോട്ടോര്‍ വാഹനങ്ങള്‍ ഇരമ്പാന്‍ തുടങ്ങി. 65 വരെ ചെന്നൈ നഗരത്തില്‍ ടാക്‌സികാറുകള്‍ മാത്രമാണ് ഓടിയിരുന്നത്. 65 മുതലാണ് ഓട്ടോറിക്ഷകള്‍ നിരത്ത് കയ്യടക്കുന്നത്. ഇടയ്ക്ക് നഗരത്തില്‍ ട്രാമുകള്‍ വന്നു. റോഡില്‍ സ്ഥാപിച്ച പാളങ്ങളിലൂടെ സര്‍വീസ് നടത്തുന്ന തീവണ്ടിപോലുള്ള ചെറുവണ്ടികള്‍. രണ്ടോ മൂന്നോ ബോഗികള്‍ മാത്രമാണ് ഇവയ്ക്ക് ഉണ്ടാവുക. 1954 ല്‍ മുഖ്യമന്ത്രിയായിരുന്ന രാജാജിയാണ് ട്രാമുകള്‍ നിര്‍ത്തലാക്കിയത്. ട്രാമുകള്‍ നിര്‍ത്തലാക്കിയതിനു ശേഷമാണു സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനെന്ന പേരില്‍ ചുവന്ന പെയിന്റടിച്ച ബസുകള്‍ നഗരത്തില്‍ ഓടാന്‍ തുടങ്ങിയത്. അക്കാലത്ത് സാധാരണക്കാര്‍ക്ക് പലപ്പോഴും കൈറിക്ഷയും കുതിരവണ്ടിയുമായിരുന്നു ആശ്രയം. അര അണ കൊടുത്താല്‍ സൈക്കിള്‍ റിക്ഷയില്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നും എഗ്‌മോറില്‍ എത്താം. അതിനുപോലും അക്കാലത്ത് പലര്‍ക്കും ഗതിയുണ്ടായിരുന്നില്ല. അപ്പോള്‍ നടത്തം തന്നെയായിരുന്നു ഗതി.
ചെന്നൈയിലെ കുപ്രസിദ്ധിയാര്‍ജിച്ച ഒരു സ്ഥലമായിരുന്നു അന്നു കോടമ്പാക്കം. പിന്നീട് പ്രസിദ്ധിയിലേക്ക് കോടമ്പാക്കം ഉയര്‍ന്നു. ഇന്ന് കോടമ്പാക്കം സിനിമാ വ്യവസായത്തിന്റെ ഭാഗമായിട്ടാണ് അറിയപ്പെടുന്നത്. ദക്ഷിണേന്ത്യന്‍ സിനിമയുടെ ഈറ്റില്ലമായിരുന്നു ഒരു കാലത്ത് കോടമ്പാക്കം. അതിന്റെ ഗതകാലപ്രൗഡിയില്‍ ഇന്നും കോടമ്പാക്കം തലയുയര്‍ത്തി നില്‍ക്കുന്നു. പഴയ മദിരാശി നഗരത്തില്‍ നിന്നും ഓരോ ദേശങ്ങള്‍ വേര്‍തിരിക്കപ്പെട്ടപ്പോള്‍ അതിന്റെയൊക്കെ വാലായി 'പാക്കം' എന്ന വാക്ക് ഉപയോഗിക്കപ്പെട്ടു. തമിഴില്‍ പാക്കം എന്നാല്‍ ഭാഗം എന്നാണര്‍ഥം. വിരുഗം പാക്കം, നാഗംപാക്കം, മീനംപാക്കം, ആദംപാക്കം, വത്സരമാക്കം, തുരെപാക്കം, മേടവാക്കം, അയപ്പാക്കം ഇക്കൂട്ടത്തില്‍ കോടമ്പാക്കം എന്ന സ്ഥലപ്പേരും സ്വാഭാവികമായി ഉരുത്തിരിഞ്ഞു വന്നു.
1950 കള്‍ക്ക് മുമ്പ് കോടമ്പാക്കം കാടുകളും പാടങ്ങളും പനകളും കള്ളന്മാരും വാറ്റുകാരും തിങ്ങിനിറഞ്ഞ ഒരു അത്ഭുതാങ്കണമായിരുന്നു. മാന്യന്മാര്‍ സഞ്ചരിക്കാത്ത ഒരു തനി കാട്ടുപാക്കം. ഈ കൊടമ്പാക്കമാണ് പില്‍ക്കാലത്ത് സിനിമാക്കാരുടെ ദേശമായി മാറിയത്. കൈനിറയെ പണവുമായി കോടമ്പാക്കത്തെക്ക് പല ദേശങ്ങളില്‍ നിന്നും നിര്‍മാതാക്കളുടെ പ്രവാഹമായിരുന്നു. ക്രമേണ സിനിമയുടെ രാജകീയപ്രൗഢിയില്‍ കോടംപാക്കമെന്ന കാട്ടുപാക്കം സിനിമാക്കാരുടെ സ്വപ്നങ്ങള്‍ വിളയുന്ന സ്വര്‍ഗ്ഗമായി മാറി. ഇന്നു പഴയ പേര്‌ദോഷമൊക്കെ മാറി. മാന്യന്മാര്‍ക്കും സസുഖം വാഴാനുള്ള ചുറ്റുപാട് കൊടംപാക്കം നേടിയെടുത്തു.
1968 ല്‍ വേള്‍ഡ് ട്രേഡ്‌ഫെയര്‍ കഴിഞ്ഞതിനുശേഷമാണ് അണ്ണനഗര്‍ രൂപപ്പെട്ടത്. അര അണ കൊടുത്താല്‍ ഒരു ഗ്രൗണ്ട് സ്ഥലം വാങ്ങാമായിരുന്നു. ഇന്നിവിടെ ഒരു ഗ്രൗണ്ടിന് കോടികളാണ് വില. നഗരത്തിന്റെ കണ്ണായ സ്ഥലം. അന്നു നഗരത്തില്‍ നക്ഷത്ര ഹോട്ടലുകള്‍ ഉണ്ടായിരുന്നില്ല. വിദേശികള്‍ വന്നാല്‍ ഹോട്ടല്‍ കണ്ണിമാറയിലായിരുന്നു താമസം. അന്നത്തെ പ്രമുഖ വ്യാപാര സങ്കേതമായിരുന്നു മൂര്‍ മാര്‍ക്കറ്റ്. ഇത് പിന്നീട് കത്തിനശിച്ചു. ഇപ്പോള്‍ ഇവിടെ റയില്‍വേയുടെ ഓഫീസ് കെട്ടിടമാണ്. പാരീസ്, മൗണ്ട്‌റോഡ്, പുരസ്‌വാക്കം എന്നിവയായിരുന്നു അന്നത്തെ ടൗണ്‍.
ചെന്നൈയുടെ ഭൂരിഭാഗം പ്രദേശങ്ങളും ചേരിപ്രദേശങ്ങളായിരുന്നു. കാമരാജ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ചേരിനിര്‍മാര്‍ജന ബോര്‍ഡ് രൂപവല്‍ക്കരിച്ചതിനുശേഷമാണ് ഇതിന് മാറ്റം വന്നത്.
1964 ല്‍ ചെന്നൈയില്‍ ഏറെ ദുരന്തത്തിനിടയാക്കിയ വെള്ളപ്പൊക്കം ഉണ്ടായി.
ഇപ്പോള്‍ രൂപത്തിലും ജീവിതചര്യയിലുമുണ്ടായ മാറ്റം ചെന്നൈ അത്ഭുതപ്പെടുത്തുന്നതാണ്.
ഇന്നത്തെ പോലെ അന്നു ബഹുനില കെട്ടിടങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ടെയ്‌ലേഴ്‌സ് റോഡില്‍ ഉണ്ടായിരുന്ന എസ് ഐ ബില്‍ഡിങ് മാത്രമായിരുന്നു നഗരത്തിലെ ഏക ബഹുനില കെട്ടിടം. സ്ഥലവിലയിലും വീട് വാടകയിനത്തിലും വന്‍ വര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. നഗര വികസനത്തോടൊപ്പം വന്ന ഒരു പ്രതിഭാസം തന്നെയാണിത്. 1957 കാലയളവില്‍ അത്യാവശ്യ സൗകര്യമുള്ള ഒരു വീടിന്റെ വാടക മാസത്തില്‍ 30 രൂപയായിരുന്നു. ഒരു മാസത്തെ വാടക അഡ്വാന്‍സായി നല്‍കിയാല്‍ മതി. ഇത്തരത്തിലുള്ള ഒരു വീട് ഇപ്പോള്‍ ലഭിക്കണമെങ്കില്‍ 6000 രൂപയെങ്കിലും വാടക നല്‍കണം. അന്നു ഇന്നത്തെപോലെ ഫ്‌ളാറ്റുകളില്ല. തെരുവുകളിലെ ലൈന്‍ വീടുകളായിരുന്നു ആശ്രയം. തെരുവുകളിലു റോഡുകളിലും ഇന്നു കാണുന്നത് പോലെയുള്ള തിരക്കുകളുമില്ല.
മറീന ബീച്ചില്‍ അന്നു വലിയ തിരക്കില്ല. ഇന്നത്തെ റിസര്‍വ് ബാങ്ക് നില്‍ക്കുന്നതിന് സമീപമായിരുന്നു അന്നത്തെ പ്രധാന ബീച്ച്. ഇപ്പോള്‍ ചെന്നൈയുടെ ഏറ്റവും വലിയ അഭിമാനചിഹ്നമാണ് മറീന. വലുപ്പ ചെറുപ്പമില്ലാതെ ജാതിമത വ്യത്യാസമില്ലാതെ. വര്‍ണഭാഷ വ്യത്യാസമില്ലാതെ ചെന്നൈയിലെ ഓരോ മനുഷ്യനും മറീനയെ സ്‌നേഹിക്കുന്നു. ലോകത്തിലെ രണ്ടാമത്തെ കടല്‍കരയാണു ഇന്നു മറീന. അത്രത്തോളം ഇന്നു മറീന മാറിപോയിരിക്കുന്നു.
അന്നൊക്കെ മലയാളികളെയും തമിഴരെയും വളരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുമായിരുന്നു. ഇന്നു സ്ഥിതിമാറി. തമിഴരുടെയും മലയാളികളുടെയും ജീവിതരീതികള്‍ ഏതാണ്ട് സമാനമായി കഴിഞ്ഞു.
ഇപ്പോള്‍ തമിഴ്‌നാട് മാറിമാറി ഭരിക്കുന്നത് രണ്ട് ദ്രാവിഡ പാര്‍ട്ടികളാണ്. തൊണ്ണൂറു വര്‍ഷംമുമ്പ് രൂപം കൊണ്ട ദ്രാവിഡ പ്രസ്ഥാനമായ ഡി എം കെയും എം ജി ആര്‍ രൂപം കൊടുത്ത അണ്ണാ ഡി എം കെയും.
ബി സി മൂവായിരാമാണ്ടില്‍ മധ്യേഷ്യയില്‍ നിന്ന് ആര്യന്മാര്‍ ആടുമാടുകളെ മേയ്ക്കാന്‍ ഇടം തേടിയെത്തുന്നിടത്തുനിന്നു ദ്രാവിഡ പ്രസ്ഥാനങ്ങളുടെ ചരിത്രം തുടങ്ങുന്നു. ബ്രാഹ്മണ മേധാവിത്വവും വര്‍ണവ്യവസ്ഥയും കൊടികുത്തിവാണനാളുകള്‍. മലയാളിയായ ഡോ. തറവാട്ടു മാധവന്‍ നായരും കൂടി ഉള്‍ക്കൊണ്ടതാണ് ദ്രാവിഡ പ്രസ്ഥാനത്തിന്റെ ചരിത്രം. തമിഴ് ജനത ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തപ്പെട്ട വര്‍ഷമാണ് 1916 എന്നാണ് അണ്ണാദുരൈ പറഞ്ഞിട്ടുള്ളത്. ആ വര്‍ഷമാണ് ബ്രാഹ്മണ മേധാവിത്വത്തിനെതിരെ തമിഴന്റെ ദ്രാവിഡവീര്യം സഹികെട്ടു പൊട്ടിത്തെറിച്ചത്.
ആര്യമേല്‍ക്കൊയ്മക്കെതിരെ തമിഴ് ജനതയുടെ ദ്രാവിഡ വീര്യം ഉയിര്‍ത്തെണീറ്റു നടത്തിയ പോരാട്ടങ്ങളുടെ കഥകള്‍. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് തീണ്ടായ്മ കല്‍പ്പിച്ചു മാറ്റിനിര്‍ത്തപ്പെട്ടവന്‍ അധികാരത്തിന്റെ അകത്തളങ്ങളിലേക്ക് ഉയര്‍ത്തപ്പെട്ട കഥകള്‍. പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കര്‍ 1925 ല്‍ കോണ്‍ഗ്രസ് വീട്ട് വന്നതോടെയാണ് തമിഴകത്തിന്റെ ചരിത്രത്തില്‍ ദ്രാവിഡത്തനിമയുടെ പുതിയൊരധ്യായം തുറന്നത്. പെരിയാറിലൂടെ അണ്ണാദുരൈയിലൂടെ കരുണാനിധിയിലൂടെ വളര്‍ന്നു.
1974 ല്‍ ചെന്നൈയില്‍ മലയാളി വിരുദ്ധപ്രക്ഷോഭം നടന്നു. അന്നു മലയാളികളുടെ തിയേറ്ററും ഒട്ടനവധി കടകളും ആക്രമിക്കപ്പെട്ടു.
മൂലധനനിക്ഷേപത്തിന്റെ പ്രവാഹം കണ്ടുകൊണ്ടാണ് 2007 ചെന്നൈയില്‍ പിറവികൊണ്ടത്. ആറ് പ്രമുഖ ബഹുരാഷ്ട്ര കമ്പനികള്‍ ഈ വര്‍ഷം ചെന്നൈയില്‍ 26000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. നോക്കിയ, ഫ്‌ളെക്‌സ് ഇലക്‌ട്രോണിക്‌സ്, സാംസങ്, ഡെല്‍, മോട്ടറോള, അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പ് എന്നിവയാണ് വന്‍ നിക്ഷേപപദ്ധതികളുമായ് ചെന്നൈയിലേക്ക് പ്രവേശിച്ചിരിക്കുന്നത്.
ചെന്നൈയുടെ വ്യാവസായികാന്തരീക്ഷവും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന വിശേഷ താല്‍പര്യവും വികസന നിക്ഷേപത്തിന്റെ ഈ കുത്തൊഴുക്കിന് വഴിയൊരുക്കി. എപ്പോഴും പുതിയതെന്തെങ്കിലും പൊട്ടിമുളച്ചുകൊണ്ടിരിക്കുന്ന നഗരം. അവസാനിക്കാത്ത മദിരാശിക്കാഴ്ചകളുടെ അനുഭൂതി. ചെന്നൈയെക്കുറിച്ച് പറയാനും എഴുതാനും ഇനിയും ഒത്തിരിയുണ്ട്.
മലയാളിക്ക് ചെന്നൈ എന്നും ഇടത്താവളം മാത്രമല്ല സ്ഥിര താവളം തന്നെയാണെന്നത് വാസ്തവം. ഇന്ത്യയില്‍ കേരളം പോലെ ഏറ്റവും സമാധാനപരമായി ജീവിക്കാന്‍ പറ്റിയ ഇടങ്ങളില്‍ ഒന്നാണ് ചെന്നൈ.
|