Home കായികം ചരമം പ്രവാസി Photo Gallery
 
വാരാന്തം
DATE : 2010-07-25
രമണന്‍ പലകാലങ്ങളില്‍

ഷേക്‌സ്‌പിയറുടെ ഹാംലെറ്റി (Hamlet) നെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളും നിരൂപണങ്ങളും വായിച്ചുതീര്‍ക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക്‌ മൂലകൃതി വായിക്കാന്‍ സമയം കിട്ടില്ലെന്ന പ്രസിദ്ധ ആംഗലേയ നിരൂപകന്‍ എഫ്‌ പി വിത്സന്‍ അല്‍പം അതിശയോക്തിയോടെ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഹാംലെറ്റിന്റെ വര്‍ധിച്ച നിരൂപക ശ്രദ്ധയെക്കുറിച്ച്‌ സൂചിപ്പിക്കുമ്പോഴാണ്‌ അദ്ദേഹം ഈയൊരു പരാമര്‍ശം നടത്തിയത്‌. സങ്കീര്‍ണമായ സ്വഭാവ ചിത്രീകരണത്തിലൂടെ ലോകത്തിലെങ്ങുമുള്ള വായനക്കാരെ ആകര്‍ഷിച്ച ഹാംലെറ്റിന്റെ ജനകീയത മലയാള സാഹിത്യത്തില്‍ ചങ്ങമ്പുഴയുടെ രമണനുമാത്രം അവകാശപ്പെട്ടതാണ്‌. ഏറെ പഠനങ്ങള്‍ക്ക്‌ വിധേയമാവുകയും എല്ലാ വായനക്കാരെയും ഒരേപോലെ സ്വാധീനിക്കുകയും ചെയ്‌ത രമണന്‍ മലയാള കാവ്യചരിത്രത്തിലെ നിര്‍ണായകമായ ഒരു കാലത്തെയാണ്‌ അടയാളപ്പെടുത്തുന്നത്‌. ഏറെ പഠനാര്‍ഹമായ മറ്റൊരു വസ്‌തുത, പില്‍ക്കാലത്തെ സാഹിത്യരചനകളില്‍ ഗണ്യമായ തോതില്‍ രമണന്‍ ഒരു പ്രതിപാദ്യമായി അല്ലെങ്കില്‍ `സബ്‌ജക്‌ട്‌' ആയി മാറിയെന്നുള്ളതാണ്‌. കഥാപാത്രം കാവ്യവസ്‌തുവായിമാറുന്ന ശ്രദ്ധേയവും അപൂര്‍വവുമായ അനുഭവമാണ്‌ `രമണന്‌' നമ്മോട്‌ സംവദിക്കാനുള്ളത്‌.
പ്രണയം രചനാത്മകമായ ഒരു മാനസികാനുഭവമാണ്‌ മറ്റെല്ലാ വൈകാരികാനുഭവങ്ങളെപ്പോലെ പ്രണയത്തിനും നിശ്ചിതമായ ഒരു രാഷ്‌ട്രീയ മാനംകൂടിയുണ്ട്‌. ചങ്ങമ്പുഴയുടെ `രമണന്‍' മലയാളിയുടെ കാവ്യാസ്വാദനത്തിലും ഭാവുകത്വത്തിലുമുണ്ടാക്കിയ സ്വാധീനത്തെ വിവിധ കോണുകളില്‍ നിന്ന്‌ പരിശോധിക്കാനും വിചാരണ ചെയ്യാനുമുള്ള ശ്രമമാണ്‌ രമണന്‍ കാവ്യവസ്‌തുവായ മിക്ക സാഹിത്യരചനകളും നിര്‍വഹിക്കുന്നത്‌.
രമണനെ കാല്‍പനികതയുടെ മൂര്‍ത്തരൂപമായിട്ടാണ്‌ മാര്‍ക്‌സിസ്റ്റ്‌ സൗന്ദര്യശാസ്‌ത്രം ആദ്യകാലങ്ങളില്‍ നിരീക്ഷിച്ചിട്ടുള്ളത്‌. രമണന്റെ ആത്മഹത്യാസന്ദേശം പുരോഗമനപരമല്ലെന്നും പാവപ്പെട്ടവരെ നിസ്സഹായതയിലേയ്‌ക്ക്‌ പിടിച്ചുതള്ളാനാഗ്രഹിക്കുന്ന ഉയര്‍ന്ന വര്‍ഗക്കാരുടെ ആയുധം മാത്രമാണെന്നുമുള്ള ഇ എം എസിന്റെ വിമര്‍ശനം (മാര്‍ക്‌സിസവും മലയാളസാഹിത്യവും) ഈയൊരു നിരീക്ഷണത്തിന്റെ ഭാഗമാണ്‌. അടിസ്ഥാനവര്‍ഗത്തെ നൈമിഷിതമായ വൈകാരികാനുഭവങ്ങളില്‍ തളച്ചിടാനും യഥാര്‍ഥ രാഷ്‌ട്രീയ പ്രശ്‌നങ്ങളില്‍ നിന്ന്‌ വഴിതിരിച്ചുവിടാനുമാണ്‌ രമണന്‍ ശ്രമിക്കുന്നതെന്ന്‌ മാര്‍ക്‌സിസ്റ്റ്‌ എഴുത്തുകാര്‍ വിലയിരുത്തുന്നു. ഈയൊരു മാര്‍ക്‌സിയന്‍ വായനയുടെ നാടകാവിഷ്‌കരണമാണ്‌ ചെറുകാടിന്റെ `അരുണന്‍'. രമണന്റെ എതിര്‍പാഠം എന്ന നിലയിലാണ്‌ ഈ നാടകമവതരിപ്പിക്കപ്പെട്ടത്‌. സാമൂഹിക പ്രതിബദ്ധതയില്ലാത്ത രമണനെന്ന കഥാപാത്രത്തിനെതിരെയുള്ള നിശിതമായ വിമര്‍ശനമാണ്‌ ചെറുകാടിന്റെ നാടകം മുന്നോട്ട്‌ വെക്കുന്നത്‌.
``ഞാനൊരു രമണന്റെ വിഡ്‌ഢിത്തം കാണിക്കില്ല
മാനത്ത്‌ ചിരിക്കുന്ന നക്ഷത്രത്തിനെനോക്കി
കയര്‍ ഞാനെടുത്തേക്കും കുടുക്കില്ലതിനുള്ളില്‍
ഉയിരില്‍ നാളം പക്ഷേ, കോര്‍ത്തുടക്കുകയില്ല,
പ്രേമിക്കാന്‍ പരസ്‌പരം സ്‌നേഹിക്കാന്‍ കൂട്ടാക്കാത്ത-
സാമൂഹ്യ ഘടനതന്‍ കഴുത്തില്‍ ചുറ്റികെട്ടാന്‍
കയര്‍ ഞാനെടുത്തേക്കും മര്‍ദകര്‍ക്കൊരു കൊല-
ക്കയറായതു പുളഞ്ഞലറിച്ചിരിച്ചേക്കും''
എന്ന്‌ മലയാളത്തിന്റെ പ്രിയകവി വയലാര്‍ രാമവര്‍മ എഴുതിയതും രമണന്റെ മാര്‍ക്‌സിയന്‍ വായനാനുഭവങ്ങളില്‍ നിന്നുകൊണ്ടാണ്‌.
രമണന്‍ എന്ന കാവ്യം മുന്നോട്ട്‌ വെച്ച കാല്‍പനികതയുടെ ഭാവുകത്വത്തെ നിരാകരിക്കാനും നിക്ഷേധിക്കാനുമുള്ള ശ്രമങ്ങളാണ്‌ ആധുനിക കവികളായ കെ ജി ശങ്കരപ്പിള്ള, സച്ചിദാനന്ദന്‍, അയ്യപ്പപണിക്കര്‍ തുടങ്ങിയവര്‍ നിര്‍വഹിച്ചത്‌.
``നന്നായോടക്കുഴലൂതുമായിരുന്നു
പതിനാറായിരത്തെട്ടിന്റെ ഇടയനായിരുന്നു
എന്നിട്ടും ഒരാട്ടിന്‍കുട്ടി കൈവിട്ടപ്പോള്‍
തൂങ്ങിച്ചത്തു
ലുബ്‌ധന്‍!!''
എന്ന്‌ രമണനെ കുറ്റപ്പെടുത്തുന്ന കെ ജി ശങ്കരപ്പിള്ളയുടെ `രമണന്‍' എന്ന കവിത ആധുനിക കവിതയുടെ മാനിഫെസ്റ്റോ കൂടിയാണ്‌ അവതരിപ്പിക്കുന്നത്‌.
``മലരണിക്കാട്‌ തിങ്ങിയതല്ല
മരതകകാന്തി മങ്ങിയതല്ല
പരുപരുപ്പാണു, വജ്രമാണുജ്വല്‍
കരിവാളാകുമെന്‍ പുത്തനാം രാഗം''
എന്ന്‌ പ്രഖ്യാപിക്കുന്ന സച്ചിദാനന്ദന്‍ കോമളപദാവലികളുടെ താളഭംഗികളോടെ മലയാളിയെ ഭ്രമാത്മകമായ ലോകത്തേയ്‌ക്ക്‌ പിടിച്ചുയര്‍ത്തിയ കാല്‍പനികതയുടെ ജീര്‍ണതയും ആഴമില്ലായ്‌മയും സാമൂഹ്യവിരുദ്ധതയുമാണ്‌ ചൂണ്ടിക്കാട്ടുന്നത്‌.
അയ്യപ്പപണിക്കരുടെ `ഒരുനാള്‍' എന്ന കവിത നമ്മുടെ കാവ്യ ചരിത്രത്തില്‍ രമണന്റെ സ്ഥാനം അടയാളപ്പെടുത്താനാണ്‌ ശ്രമിക്കുന്നത്‌. മലയാളകവിതയുടെ ഭാവുകത്വ പരിണാമം കൂടിയാണ്‌ ഈ കവിത അവതരിപ്പിക്കുന്നത്‌.
``ഒരുനാള്‍
ചങ്ങമ്പുഴയൊരു കൈക്കുഞ്ഞാ-
യെന്‍ തോളിലമര്‍ന്നുകിടന്നു
തള്ളവിരല്‍ ചുറ്റീമ്പി കണ്ണീ-
രുള്ളതു മുഴുവനൊഴുക്കി
ഞെട്ടി വിറച്ചുകരഞ്ഞു തൊട്ടില്‍
കുട്ടികള്‍ കൊഞ്ചലിണക്കിയെടുക്കും
പൊട്ടിച്ചിരികളുടക്കി.
ഒരുനാള്‍
ചുണ്ടില്‍ ചെങ്കൊടി വീശി
കാറ്റില്‍ മുഷ്‌ടിചതച്ചും
കാലില്‍ ചിലങ്കച്ചങ്ങലയിട്ടുകുലുക്കി
കൊണ്ടൊരു ജാഥക്കുഞ്ഞു ചലിച്ചു
വഴിമാറിപ്പുതുവേഗവുമായി
കഥ ചൂടായ്‌പ്പാടി കേള്‍ക്കെ
അതിലേറെ ചങ്ങമ്പുഴകളൊലിച്ചൂ''.
എന്നാല്‍ രമണനെ കാല്‍പനിക കാവ്യഭാവുകത്വത്തിന്റെ ബിംബമായി അവതരിപ്പിക്കുന്ന ആധുനികര്‍ തന്നെ പിന്നീട്‌ അതിഭൗതികതയിലേക്കും കാല്‍പനിക ദൗര്‍ബല്യങ്ങളിലേക്കും വഴിമാറിയെന്നത്‌ സാഹിത്യ ചരിത്ര വായനയിലെ രസകരമായ ഉപപാഠങ്ങളിലൊന്നാണ്‌. നമ്മുടെ സാഹിത്യ ചരിത്രത്തിലുടനീളം കാല്‍പനികതയുടെ അംശങ്ങള്‍ ഏറിയും കുറഞ്ഞും സ്വാധീനം ചെലുത്തിയിട്ടുണ്ട്‌ എന്നതാണ്‌ വാസ്‌തവം.
രമണന്‍ നിഷ്‌കളങ്കനും നിസ്വാര്‍ഥ സ്‌നേഹത്തിന്റെ പ്രതിരൂപവുമായി അവതരിപ്പിക്കപ്പെട്ടപ്പോള്‍ ചന്ദ്രിക, മലയാളിക്ക്‌ വഞ്ചനയുടെ സ്‌ത്രീരൂപമായിരുന്നു. സ്‌ത്രീ വായനക്കാര്‍പോലും ചന്ദ്രികയ്‌ക്കെതിരെ ശാപവചനങ്ങള്‍ മുഴക്കിയപ്പോള്‍, രമണന്റെ പെണ്‍വായനകള്‍ ചന്ദ്രികക്ക്‌ വേണ്ടി പ്രതിരോധം സൃഷ്‌ടിക്കാന്‍ ശ്രമിക്കുന്നുണ്ട്‌. മലയാളത്തിലെ ആദ്യത്തെ ഫെമിനിസ്റ്റ്‌ എഴുത്തുകാരി എന്ന്‌ വിശേഷിപ്പിക്കാവുന്ന കെ സരസ്വതി അമ്മയുടെ `രമണി' എന്ന കഥയാണ്‌ ഇത്തരമൊരു ദൗത്യം ഏറ്റെടുക്കുന്ന മലയാളത്തിലെ ആദ്യത്തെ രചന.
ഈ കഥയിലെ പ്രധാന ചര്‍ച്ച രമണനോ ചന്ദ്രികയോ ശരി എന്നുള്ളതാണ്‌. ചന്ദ്രികയെ വഞ്ചകിയും ഭയങ്കരിയുമായി ചിത്രീകരിച്ച പുരുഷ കേന്ദ്രീകൃതമായ മൂല്യവിചാരങ്ങളെ കഥ തള്ളികളയുകയും ചന്ദ്രികയെ ന്യായീകരിക്കുകയും ചെയ്യുന്നു.
രമണന്റെ കാല്‍പനികമായ ആദര്‍ശ പ്രണയത്തെ പ്രായോഗിക ജീവിതത്തിലെ സ്‌ത്രീയുടെ കയ്‌പേറിയ അനുഭവങ്ങള്‍ വെച്ച്‌ തിരസ്‌കരിക്കാന്‍ കഥയിലെ നായിക ആവശ്യപ്പെടുന്നു.
സാവിത്രി രാജീവന്റെ `ചന്ദ്രിക' എന്ന കവിതയും ഇത്തരമൊരു പെണ്‍വായന തന്നെയാണ്‌ മുന്നോട്ട്‌ വെക്കുന്നത്‌.
``രണ്ടല്ലാതെയൊഴുകുവാന്‍ ഞാന്‍ എത്രമോഹിച്ചു
ദൈവത്തെപ്പോലെയും ഉപദേശിയെപ്പോലെയും
പിതാക്കളെപ്പോലെയും അവന്റെ കൈകളില്‍
എപ്പോഴുമുണ്ടായിരുന്നു ഒരൊറ്റ മുദ്ര
``പാടില്ല''........ പാടില്ല'' ''.
തന്റെ തീവ്ര പ്രണയത്തെ തിരിച്ചറിയാത്ത രമണനെ സാവിത്രി രാജീവന്റെ ചന്ദ്രിക തിരിച്ചറിയുകയും നിശിതമായി കുറ്റപ്പെടുത്തുകയുമാണ്‌ ഈ കവിതയില്‍. എഴുപതുകള്‍ക്ക്‌ ശേഷം മലയാളത്തില്‍ സജീവമായ പെണ്ണെഴുത്തിന്റെ പുതിയ സാധ്യതകളാണ്‌ ഈ കവിത പങ്കുവെക്കുന്നത്‌.
ഒ വി വിജയന്റെ `രമണനും മദനനും' എന്ന കഥ ഇതില്‍ നിന്നൊക്കെ വ്യത്യസ്‌തമായ വായനാനുഭവമാണ്‌ സംവേദിപ്പിക്കുന്നത്‌. വിഷാദഭാവത്തിന്റെയും പരാജയ ആഭിമുഖ്യത്തിന്റെയും പ്രതീകമായിരുന്ന രമണന്‍ ജീവിതത്തെ കൂടുതല്‍ തത്ത്വചിന്താപരമായി സമീപിക്കുന്നതാണ്‌ ഈ കഥയില്‍ നാം കാണുന്നത്‌. കൊച്ചു മീനിനെ കൊക്കിലാക്കി പറന്നുപൊങ്ങുന്ന നീല പൊന്‍മാനെ കാണുമ്പോള്‍, ആ പൊന്‍മാനാകണമെന്ന്‌ മദനന്‍ ആഗ്രഹിക്കുമ്പോള്‍ മീനും പൊന്‍മാനും പുഴവെള്ളവും ആകണമെന്ന്‌ ആഗ്രഹിക്കുന്നു രമണന്‍. ആധുനിക ജൈവ സാങ്കേതിക പരീക്ഷണങ്ങളിലൂടെ മനുഷ്യായുസ്സ്‌ എണ്ണൂറ്‌ വര്‍ഷമാക്കാന്‍ മദനന്‍ ആഗ്രഹിക്കുമ്പോള്‍, ആത്മഹത്യ പരിണാമവും സംക്രമണത്തിന്റെ മണിമുഴക്കവുമായി രമണന്‍ കാണുന്നു. രമണന്‍/മദനന്‍ ദ്വന്ദ്വത്തെ ഉപയോഗിച്ച്‌ വ്യത്യസ്‌തമായ ജീവിത ദര്‍ശനങ്ങളെ അവതരിപ്പിക്കുകയാണ്‌ ഒ വി വിജയന്‍.
ആഗോളീകരണത്തിന്റെ പുതിയ പ്രണയകാലത്ത്‌, മലയാളിക്ക്‌ `രമണന്‍' ഗൃഹാതുരമായ ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണെന്ന്‌ സാബു ഷണ്‍മുഖത്തിന്റെ `മലയാളമറിയാത്ത മലയാളി കൂട്ടുകാരിക്ക്‌' എന്ന കവിത സാക്ഷ്യപ്പെടുത്തുന്നു.
``വെള്ളക്കാരിതന്‍ വസ്‌ത്രം
ധരിച്ച നിന്നോടൊത്തു
മിനുങ്ങി നടക്കുമ്പോ-
ളുള്ളില്‍ ഞാന്‍ കൊല്ലുന്നു
എന്നുമെല്ലായ്‌പ്പോഴു
മെനിക്കു പ്രിയങ്കര-
നാകുമെന്‍ `രമണനെ'
അല്‌പമിരിക്കുവാന്‍
ഫാസ്റ്റ്‌ ഫുഡ്‌ സെന്ററി-
ലേക്ക്‌ ക്ഷണിച്ചുനീ
ചിക്കന്‍ കഴിഞ്ഞുമണക്കുമ്പോ-
ളൊക്കാനമെല്ലാംമടക്കി
ഞാനമ്മ കൊടംപുളി
യിട്ടുവെക്കും നല്ല മീന്‍ കറിച്ചാറി-
ലെന്‍ കുട്ടനാടന്‍ രുചിയുടെ
``ദൂരസ്‌മരണയില്‍''
കുട്ടനാടന്‍ മീന്‍ കറിച്ചാറിനെപ്പോലെ രുചികരമായ അനുഭവമാണ്‌ മലയാളിക്ക്‌ രമണനെന്ന്‌ ഈ യുവ കവി സാക്ഷ്യപ്പെടുത്തുന്നു.
മറ്റൊരു കഥാപാത്രത്തിനു കഴിയാത്തവിധത്തില്‍ രമണന്‍ കാവ്യബിംബവും കാവ്യവസ്‌തുവുമായി മാറുമ്പോള്‍ ഒരു കാലഘട്ടത്തിന്റെ കാവ്യഭാവുകത്വത്തെയാണ്‌ നമ്മുടെ സാഹിത്യം വിചാരണ ചെയ്യുന്നത്‌. കാല്‍പനികനായ കാമുകനും സ്ഥിതപ്രജ്ഞനായ ജ്ഞാനിയുമാകുന്ന രമണന്റെ കഥാപാത്ര സങ്കീര്‍ണതകള്‍ ഈ രചനകള്‍ വെളിപ്പെടുത്തുന്നുണ്ട്‌. 

Email
Feedback
 വാരാന്തം
   മുലപ്പാല്‍ നിലാവ്
...............................................................................
  ബ്രഹ്മനീലിമകളിലെ നാദധനുസ്സ്
...............................................................................
   ദൃക്‌സാക്ഷി
...............................................................................
   കൊയ്ത്തുകാരി
...............................................................................
   നവഭാരതീയ കഥകള്‍ ഇന്ത്യന്‍ അവസ്ഥയുടെ സാഹിത്യാവിഷ്‌കാരം
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ഈ കായല്‍ നമുക്കാവശ്യമുണ്ട്
കേരളത്തിലെ പ്രധാനപ്പെട്ട കായലുകളില്‍ ഒന്നാണ് അഷ്ടമുടിക്കായല്‍. വലിപ്പത്തില്‍ ഇതിന് രണ്ടാം സ്ഥാനമുണ്ട്...
 
രമണന്‍ - വീണ്ടും അരങ്ങില്‍  
മലയാളി മലയാളത്തെ സ്‌നേഹിക്കുന്നില്ല  
ചരിത്രപഥങ്ങളില്‍ മായാതെ മരയ്ക്കാര്‍  
മദര്‍തരേസയ്ക്ക് 100 വയസ്  
പേരില്‍ 'ഓണം' പേറുന്ന നാട്  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies