കാമ്പസുകളില്‍ നിന്നും രാഷ്‌ട്രീയത്തെ അകറ്റിനിര്‍ത്തേണ്ടതുണ്ടോ? ഈ ചോദ്യം പലപ്പോഴും നാം കേള്‍ക്കാറുണ്ട്. ഭാവിയുടെ നല്ല മാതൃകകളെ രൂപപ്പെടുത്തുന്നത് കലാശാലകളാണെന്ന് ആരും സമ്മതിക്കും. എന്നാല്‍ ചിലര്‍ രാഷ്‌ട്രീയമാണ് നമ്മുടെ കോളജുകളെയും സ്‌കൂളുകളെയും മലിനമാക്കുന്നതെന്ന് വാദിക്കും. എന്നാല്‍ പ്രസക്തമായ ചില ചോദ്യങ്ങള്‍ ബാക്കിനില്‍ക്കുന്നു.
ഓരോ മനുഷ്യനും അറിഞ്ഞോ അറിയാതെയോ ഒരു രാഷ്‌ട്രീയ ജീവിതം നയിക്കുന്നുണ്ട്. ജീവിതത്തിന്റെ ഓരോ മേഖലയിലും രാഷ്‌ട്രീയത്തിന് കാര്യമായ പ്രസക്തിയുമുണ്ട്. അത് മനസ്സിലാക്കാതെ രാഷ്‌ട്രീയത്തോട് അലര്‍ജി സൂക്ഷിക്കുന്ന ഒരു തലമുറയ്‌ക്ക് ഒരിക്കലും സമൂഹത്തോട് കടപ്പാടുണ്ടാകാനിടയില്ല. അവര്‍ വെറും മാനം നോക്കികളായി, സാമൂഹ്യ ബോധമില്ലാതെ വളരുന്നവരാകും.
തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ കാര്യം തന്നെയെടുക്കുക. ഇവിടെ കോളജ് യൂണിയനോ, വിദ്യാര്‍ഥി രാഷ്‌ട്രീയമോ ഇന്ന് സജീവമല്ല. എന്നുവെച്ചാല്‍ ഇവിടെ പഠിക്കുന്ന ഒരു ഡോക്‌ടര്‍മാരും രാഷ്‌ട്രീയമായ യാതൊരു വീക്ഷണവുമില്ലാതെയാണ് സ്റ്റെതസ്‌കോപ്പുമായി പുറത്തേക്കുവരുക. ഇക്കൂട്ടര്‍ക്ക് തങ്ങള്‍ക്ക് മുന്നില്‍വരുന്ന രോഗികള്‍ വെറും കച്ചവട വസ്‌തുമാത്രമാകുന്നതില്‍ എന്താണ് അത്ഭുതം.
കാമ്പസിന്റെ മതിലിനുള്ളില്‍ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്കും സാംസ്‌കാരിക മുന്നേറ്റങ്ങള്‍ക്കും ഏറെ പ്രസക്തിയുണ്ട്. വെറും പുസ്‌തകപ്പുഴുക്കളെ സൃഷ്‌ടിച്ചുവിടുന്ന കേന്ദ്രങ്ങള്‍ മാത്രമാകരുത് നമ്മുടെ കലാശാലകള്‍. അവിടെനിന്നും ഒരു തലമുറയുടെ സൃഷ്‌ടാക്കളെയാണ് നാം തുറന്നുവിടേണ്ടത്. അതിന് സാധിക്കണമെങ്കില്‍ തീര്‍ച്ചയായും വിദ്യാര്‍ഥി സംഘടനകളും യൂണിയനും നിലനില്‍ക്കണം. അതില്ലാതെ വന്നാല്‍ പ്രതിബന്ധതയില്ലാത്ത ഒരു ആള്‍ക്കൂട്ടും മാത്രമാകും ഭാവിയില്‍ നമ്മുടെ മുന്നിലെത്തുക.
|