റിമാന്‍ഡ് സെല്ലിലെ സ്‌ത്രീകള്‍ പറഞ്ഞ മൊഴികള്‍ പകര്‍ത്തി ഒരു കുപ്പിയില്‍ സൂക്ഷിച്ചുവെക്കുന്ന മുനീറ അല്‍ സാഹിയാണ് സൗദി നോവലിസ്റ്റ് യൂസുഫ് മുഹൈമീദിന്റെ?മുനീറയുടെ കുപ്പി? എന്ന നോവലിലെ നായിക. അവള്‍ ഒരര്‍ഥത്തില്‍ ആധുനിക അറബ് സമൂഹത്തിലെ സ്‌ത്രീയെ അടയാളപ്പെടുത്തുകയാണ്. 1001 രാവുകളിലെ ആഖ്യാതാവ് ഷെഹര്‍സാദ ഒന്നിനു പിറകെ ഒന്നായി കഥകള്‍ പറയുകയാണെങ്കില്‍ മുനീറ നിരവധി കഥകള്‍ (ആഖ്യാനങ്ങള്‍) സൂക്ഷിച്ചു വെച്ച് ഒരു കാവല്‍ക്കാരിയെപ്പോലെ നില കൊള്ളുകയാണ്. അവള്‍ക്ക് കഥ പറഞ്ഞ് ഷെഹര്‍സാദയെപ്പോലെ ജീവന്‍ രക്ഷിക്കണമെന്നില്ല, മറിച്ച് സ്‌ത്രീ ജീവിതത്തിന്റെ ചരിത്രവും വ്യാഖ്യാനവും രചിക്കണമെന്നുണ്ടു താനും.
ഈ കുപ്പി അവള്‍ക്ക് സമ്മാനിച്ചത് മുത്തശ്ശിയാണ്. കുട്ടിക്കാലത്ത് ഓര്‍മകളും മധുരങ്ങളും സൂക്ഷിച്ചു വെക്കാന്‍. കുട്ടിക്കാലം വിട്ടകന്നപ്പോള്‍ പ്രായത്തിന്റെ കൗതുകങ്ങള്‍ കൊത്തിവെച്ച വസ്‌തുക്കള്‍ ആ കുപ്പിയില്‍ ശേഖരിച്ചു. തുടര്‍ന്ന് യുവതിയായി മാറുന്നതോടെ അതേ കുപ്പി സ്‌ത്രീ ജീവിതത്തിന്റെ തുടിക്കുന്ന ഹൃദയമുള്ള രേഖകളുടെ സൂക്ഷിപ്പ് മുറിയായി മാറുകയാണ്.
സ്‌ത്രീ ജീവിതത്തിന്റെ പൊള്ളിപ്പറഞ്ഞ അനുഭവങ്ങള്‍ ആ സ്‌ഫടികക്കൂട്ടില്‍ വീര്‍പ്പുമുട്ടുന്നതാണ് നോവലിന്റെ ഓരോ വാക്കിലും വായനക്കാരന്‍ അനുഭവിക്കുന്നത്.
നോവലിസ്റ്റ് ഉപയോഗിക്കുന്ന ആഖ്യാന തന്ത്രം, ജീവിത രേഖകള്‍ നിറഞ്ഞ കുപ്പി, രചനയില്‍ എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്നു. മുനീറയുടെ കുപ്പിയില്‍ സൂക്ഷിച്ചിട്ടുള്ള പെണ്‍ജീവിത രേഖകള്‍ പരിശോധിക്കുമ്പോള്‍ അവരില്‍ ഒരാള്‍ പോലും ജീവിതത്തിന്റെ ആഹ്‌ളാദങ്ങള്‍ അനുഭവിച്ചവരല്ലെന്ന് ഖേദത്തോടെ വായനക്കാരന് മനസ്സിലാക്കേണ്ടി വരും. കുറ്റവാളികളായി മാറ്റപ്പെടുന്നവരാണവര്‍. പുരുഷന്‍മാര്‍ കുറ്റവാളികളാക്കി മാറ്റുന്നവര്‍. പുരുഷ പ്രകൃതിയുടെ ഇരകളായി മാറുന്നവര്‍. അല്ലെങ്കില്‍ പുരുഷന്റെ കുറ്റകൃത്യത്തിന് അറിയാതെ അരു നില്‍ക്കേണ്ടി വരുന്നവര്‍. മുനീറയും ആത്‌മാവ് കീറിപ്പറിഞ്ഞവളാണ്. പട്ടാളത്തില്‍ മേജറാണെന്ന് പറഞ്ഞു വന്ന ഒരാളെ അവള്‍ വിവാഹം കഴിക്കുന്നു. പിന്നീട് അയാള്‍ തൊഴില്‍ രഹിതനും നേരത്തെ വിവാഹിതനും ആറു മക്കളുടെ പിതാവുമാണെന്ന് അറിയുന്നതോടെ തകര്‍ന്നു പോകുന്ന മുനീറ തുടര്‍ന്ന് റിമാന്‍ഡ് സെല്ലിലെത്തുന്ന സ്‌ത്രീകളുടെ ജീവിത കഥകള്‍ കേട്ട് താനനുഭവിച്ചത് എത്ര നിസ്സാരം എന്ന് കരുതുന്നുണ്ട്.
അതി കഠിനമായ നിരാശയുടെ ഒരു മുഹൂര്‍ത്തത്തില്‍ അവള്‍ തന്നെ സ്വയം വെളിപ്പെടുത്തുന്നത് ഇങ്ങിനെയാണ്.
?ഞാനൊരു പെണ്ണാണ്. ചിറകുകള്‍ മുറിക്കപ്പെട്ട വെറും പെണ്ണ്. ഈ നാട്ടില്‍ എല്ലാവരും എന്നെ കാണുന്നത് അങ്ങിനെയാണ്. കരുത്തില്ലാത്തെ ശക്തിയില്ലാത്ത വെറുമൊരു പെണ്ണായി. എന്റെ കര്‍മം സ്വീകരിക്കുക എന്നതാണ്. ഭൂമി മഴയും സൂര്യ പ്രകാശവും ഇടിമിന്നലും സ്വീകരിക്കുന്ന പോലെ. തലതാഴ്‌ത്തി, മിഴി പൂട്ടി നില്‍ക്കുന്നവള്‍- പുരുഷനെപ്പോലെ നെഞ്ചൂക്കോടെ നില്‍ക്കാന്‍ കഴിയാത്തവള്‍.
ഈ വാക്കുകളിലൂടെ മുനീറ സാഹി ലോകത്തെ എല്ലാ സ്‌ത്രീകള്‍ക്കും വേണ്ടിയുള്ള പ്രസ്‌താവന നടത്തുകയാണെന്ന് വായനക്കാരന്‍ എളുപ്പത്തില്‍ മനസ്സിലാക്കുന്നു. ലോകം എത്ര മുന്നേറിയിട്ടും ഇന്നും ചവിട്ടി മെതിക്കപ്പെടുന്ന പെണ്‍മയെക്കുറിച്ചുള്ള സങ്കട കാണ്‌ഡമാണ് മുനീറ വായനക്കരാന് മുന്നില്‍ തുറന്നു വെക്കുന്നത്.
മുനീറ ഒരു സാധാരണ അറബ് സ്‌ത്രീയല്ല. വിദ്യാഭ്യാസമുള്ള സ്വന്തം പേരില്‍ ദിനപത്രങ്ങളില്‍ എഴുതാന്‍ ധൈര്യം കാണിച്ചവളാണ്. മില്ലര്‍ അടക്കമുള്ളവരെ വായിച്ചവളാണ്. വാന്‍ഗോഗിന്റെ വിളവെടുപ്പ്, പോള്‍ ക്ലീയുടെ മല്‍സ്യ മാന്ത്രികത, ക്ലിന്റിന്റെ ചിത്രങ്ങള്‍ എന്നിവ എവിടെ വെച്ച് കണ്ടാലും തിരിച്ചറിയാന്‍ ജ്ഞാനമുള്ളവളാണ്.
കിഴക്കിനേയും പടിഞ്ഞാറിനേയും കുറിച്ച് ബോധ്യമുള്ളവളാണ്. എന്നിട്ടും പുരുഷ ലോകത്തിന്റെ പരുഷ നീതിയില്‍ അവള്‍ ഉടഞ്ഞു പോകുന്നു.
220 പേജുള്ള നോവല്‍ ആരംഭിക്കുന്നത് മുനീറയുടെ കിടപ്പുമുറിയുടെ ദൃശ്യവുമായാണ്. തുടക്കത്തില്‍ ഭര്‍ത്താവിന്റെ പ്രണയത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു അവള്‍. നോവല്‍ അവസാനിക്കുന്നതും ഇതേ കിടപ്പുമുറിയില്‍ തന്നെയാണ്. പക്ഷെ അത് നോവലിന്റെ തുടക്ക ഭാഗത്തിലേത് പോലെയല്ല. മരണ സമാനമായ ഉറക്കത്തിലേക്ക് യാത്രയാവുന്ന മുനീറയയെ ആണ് നമുക്കവിടെ കാണാന്‍ സാധിക്കുക. കുപ്പിയിലെ ജീവിത രേഖകള്‍ക്ക് തീയിട്ട് കമ്പിളി തല വഴി പുതച്ച് ജനാലക്കരികിലിരുന്ന് കുറുകുന്ന പ്രാവിനെ നോക്കി അവള്‍ ഉറക്കത്തിലേക്ക് യാത്രയാവുന്നു. ഹതാശമായ ഒരു പെണ്‍ജീവിതത്തിന്റെ എല്ലാ വിധ ശരീരഭാഷകളുമായി തീര്‍ത്തും അചേതനയിലേക്ക് അവള്‍ പോകുന്നു. 30-40 വയസ്സുവരെയുള്ള കാലത്ത് മുനീറ ജീവിച്ചതും അനുഭവിച്ചതുമാണ് നോവലിസ്റ്റ് പകര്‍ത്തുന്നത്.
നോവലില്‍ പ്രധാനപ്പെട്ട ഭാഗം റിമാന്‍ഡ് സെല്ലില്‍ എത്തുന്നവര്‍ അവിടെ ജീവനക്കാരിയായി കഴിയുന്ന മുനീറയോട് തങ്ങളുടെ ജീവിതത്തെക്കുറിച്ച് പറയുന്നതാണ്. പ്രതികളായി വരുന്നവരെ ശിക്ഷ നല്‍കാനായി മാറ്റുന്നതു വരെ സൂക്ഷിക്കുന്ന സ്ഥലമാണിത്. അതിനാല്‍ അവിടം സ്‌ത്രീകള്‍ അവസാനമായി തങ്ങളുടെ ജീവിത കഥ പറയുന്ന ഒരു സ്ഥലമായി പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. ജീവിത കഥകളുടെ ദേശമാണത്‌്. വിണ്ടുകീറിയ ജീവിതമാണ് അവിടുത്തെ ദേശീയത.
അവിടെ വെച്ച് മുനീറ കേള്‍ക്കുന്ന കഥകളില്‍ ഒന്ന് വായനക്കാരനെ വല്ലാതെ ഞെട്ടിക്കുമെന്നുറപ്പാണ്. മൃതദേഹങ്ങള്‍ കുളിപ്പിക്കുന്ന സ്‌ത്രീയുടെ ജീവിത കഥയാണത്.
മരിച്ചവരെ ഖബറടക്കത്തിന് മുന്‍പ് കുളിപ്പിക്കണം. സ്‌ത്രീകളുടെ മൃതദേഹങ്ങള്‍ കുളിപ്പിക്കുന്ന വൃദ്ധയാണ് ഒരു പുരുഷന്റെ ചതിപ്രയോഗത്തില്‍ കുറ്റവാളിയായി റിമാന്‍ഡ് സെല്ലിലെത്തുന്നത്.
ഇയാള്‍ തന്റെ മാതാവ് മരിച്ചിട്ടുണ്ടെന്നും വീട്ടില്‍ വന്ന് മയ്യിത്ത് (മൃതദേഹം) കുളിപ്പിക്കണമെന്നും വൃദ്ധയോടാവശ്യപ്പെടുന്നു. താന്‍ വീടുകളില്‍ പോകാറില്ലെന്നും ഖബര്‍സ്ഥാനോട് ചേര്‍ന്ന കുളിപ്പുരകളിലാണ് മൃതദേഹത്തെ കുളിപ്പിക്കലെന്നും പറഞ്ഞ് ആ സ്‌ത്രീ ഒഴിഞ്ഞുമാറാന്‍ നോക്കുന്നുണ്ട്. എന്നാല്‍ വണ്ടിയുണ്ട് ഉടനെ പോയി വരാം, മയ്യിത്തിനോട് അനാദരവ് കാണിക്കരുത് എന്ന് പറഞ്ഞ് അയാള്‍ വൃദ്ധയുടെ മനസ്സിളക്കുന്നു. സമ്മര്‍ദത്തിന് വഴങ്ങി ഒടുവില്‍ വൃദ്ധ കൂടെപ്പോകുന്നു. അയാള്‍ കൊണ്ടു വന്ന കാറിന്റെ പിന്‍സീറ്റില്‍ കയറുമ്പോഴാണ് ഒരു സ്‌ത്രീ കുഴഞ്ഞ അവസ്ഥയില്‍ സീറ്റില്‍ കിടക്കുന്നത് കാണുന്നത്. ചോദ്യങ്ങള്‍ക്ക് അവസരം കിട്ടുമ്പോഴേക്കും കാര്‍ മുന്നോട്ട് നീങ്ങുന്നു. അത് തന്റെ പെങ്ങളാണെന്നും മാതാവിന്റെ മരണത്തെത്തുടര്‍ന്ന് ദുഃഖിതയായിപ്പോയതാണെന്നും പിന്നീട് വിശദീകരിച്ച ശേഷം അയാള്‍ കാര്‍ അതിവേഗം മുന്നോട്ടെടുത്തു. അതിവേഗത്തില്‍ നഗര പാതകള്‍ പിന്നിട്ട് കാര്‍
പാഞ്ഞു. ഒടുവില്‍ മരുഭൂമിയിലേക്ക് കയറി. നിരവധി മണല്‍ക്കുന്നുകള്‍ പിന്നിട്ട് നിര്‍ത്തി. കൊടും ഭയത്തില്‍ നാവ് മരവിച്ച വൃദ്ധക്ക് കരയാന്‍ പോലുമാകുന്നില്ല. വിജനമായ മരുഭൂമിയില്‍ വെച്ച് പെങ്ങള്‍ എന്നു പറഞ്ഞ സ്‌ത്രീയെ അയാള്‍ വധിക്കുന്നു. തുടര്‍ന്ന് മൃതദേഹം കുളിപ്പിക്കാന്‍ ആവശ്യപ്പെടുന്നു. പിന്നീട് മണല്‍ക്കുന്നിന്റെ ആഴങ്ങളില്‍ കുഴിച്ചിടുന്നു. തുടര്‍ന്ന് വൃദ്ധയോട് ഒരക്ഷരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി വീട്ടില്‍ തിരിച്ചു കൊണ്ടാക്കുന്നു. കുറച്ചു ദിവസത്തിനു ശേഷം മരുക്കാറ്റ് മൃതദേഹത്തെ പുറത്തേക്ക് വലിച്ചിടുന്നു. പോലീസെത്തി കേസെടുക്കുന്നു. കൃത്യം ചെയ്‌തയാള്‍ക്കൊപ്പം അയാളുടെ സഹായിയായി വര്‍ത്തിച്ചതിന് വൃദ്ധയും പിടിക്കപ്പെടുന്നു. ഈ ജീവിത കഥ മുനീറയെ മാത്രമല്ല, വായനക്കാരിലും ഞെട്ടലായി പടരും എന്നുറപ്പാണ്. അയാള്‍ സ്വത്ത് തട്ടിയെടുക്കാനായി സ്വന്തം ഭാര്യയെ മരുഭൂമിയുടെ വിജനതയില്‍ വധിക്കുകയായിരുന്നു. അര്‍ധ പ്രാണനാക്കിയാണ് അയാള്‍ ഭാര്യയെ കാറില്‍ കയറ്റി വന്ന് വൃദ്ധയെ വിളിച്ചു കൊണ്ടു പോയത്.
കുപ്പിയില്‍ അടച്ചുവെച്ചിട്ടുള്ള മറ്റൊരു കഥ ഫാത്തിമ എന്ന കൗമാരക്കാരിയുടേതാണ്. അവള്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ മുഈദിന്റെ കാമുകിയായിരുന്നു. വിവാഹ മോതിരം തെരഞ്ഞെടുക്കാനായി ഒരിടത്തേക്ക് ക്ഷണിച്ച് അവളില്‍ അയാള്‍ പ്രവേശിക്കുന്നു. വിവാഹ പൂര്‍വ ബന്ധത്തില്‍ ഗര്‍ഭിണിയായ അവളെ ഇണയായി സ്വീകരിക്കാന്‍ മുഈദ് തയ്യാറാകുന്നില്ല. ഒടുവില്‍ ആ കേസും അന്വേഷക സംഘത്തിന് മുന്‍പില്‍ എത്തുന്നു. മുഈദ് ഫാത്തിമയെ അറിയില്ലെന്ന് ആണയിടുകയാണ്. താന്‍ പെണ്‍കുട്ടികളെ വഞ്ചിക്കുന്ന ഒരുത്തനല്ലെന്നും അയാള്‍ പറയുന്നു. വിവാഹം ചെയ്‌ത് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹ മോചനം നടത്തിയാണെങ്കില്‍ പോലും തന്റെ മാനം കാക്കണമെന്ന് ഫാത്തിമ മുഈദിനോട് കെഞ്ചുന്നുണ്ട്. അയാളുടെ വീട്ടുകാര്‍ അറിയാത്ത ഒരു രഹസ്യ വിവാഹം നടത്താനെങ്കിലും തയ്യാറാകണമെന്ന് പെണ്‍കുട്ടിയെ ഹതാശനായ പതാവും ആവശ്യപ്പെടുന്നുണ്ട്. പക്ഷെ ഒന്നിനും തയ്യാറാകാത്ത മുഈദ് തന്റെ ഗോത്ര മേന്‍മയെക്കുറിച്ചാണ് ഒടുവില്‍ പറയുന്നത്. അയാളെപ്പോലുള്ള ഒരു യുവതിയെ കല്യാണം കഴിച്ചാല്‍ താന്‍ ഗോത്രത്തില്‍ നിന്നും നിഷ്‌കാസിതനാകുമെന്ന് പറഞ്ഞ് രക്ഷപ്പെടാനാണ് യുവാവ് ശ്രമിക്കുന്നത്.
പൊടുന്നനെ അന്വേഷക സംഘത്തിലെ ഒരാള്‍ ചെറുപ്പക്കാരന്റെ ശരീരത്തിലെ എന്തെങ്കിലും അടയാളം പറയാമോ എന്ന് പെണ്‍കുട്ടിയോട് ചോദിക്കുന്നു. അല്‍പ്പ നേരം ആലോചിച്ച ശേഷം യുവതി ഇടത്തേ മാറില്‍ ഒരു കറുത്ത മറുകുണ്ടെന്ന് പറയുന്നു. പരിശോധനയില്‍ അത് കണ്ടെത്തുന്നു. യുവാവിന് നാലു മാസം തടവ്. പെണ്‍കുട്ടിക്ക് പത്തുമാസം റിമാന്‍ഡ് സെല്ലിലെ ജീവിതം. പക്ഷെ അവള്‍ക്ക് നഷ്‌ടമായ ജീവിതം മുനീറയേയും വായനക്കാരേയും ഒരേ പോലെ അന്ധാളിപ്പിലാഴ്‌ത്തുന്നു. ഭര്‍ത്താവിനെ കൊന്ന കുറ്റത്തിന് കയ്യിലും കാലിലും ചങ്ങലയിട്ട് റിമാന്‍ഡ് സെല്ലിലേക്ക് കൊണ്ടു വരുന്ന മെയ്‌ത്ത എന്ന ബദു (മരുഭൂ വാസികളായ നൊമാഡുകളാണ് ബദുക്കള്‍) സ്‌ത്രീയുടെ ജീവിതവും ഭീകരതയുടെ മറ്റൊരു മുഖം തുറക്കുന്നു. ഭര്‍ത്താവിനെ കൊന്നതില്‍ ഒരു പ്രായശ്‌ചിത്തവുമില്ലെന്നും അയാള്‍ എണീറ്റു വന്നാല്‍ വീണ്ടും കൊല്ലുമെന്നും അവര്‍ ഉറപ്പിച്ചു പറയുന്നു.
പിന്നീട് ശാന്തയായ ശേഷം അവര്‍ തന്റെ ജീവിത കഥ മുനീറയോട് പറയുന്നുണ്ട്. അമ്മയുടെ ബന്ധുവായ ഒരു യുവാവിനോട് അവര്‍ക്ക് ഇഷ്‌ടമുണ്ടായിരുന്നു. എന്നാല്‍ പിതാവ് മാതാവിനെ എക്കാലത്തും വെറുത്തിരുന്നു. അതിനാല്‍ മാതാവിന്റെ ബന്ധുവിനെ മകള്‍ വിവാഹം കഴിക്കുന്നതിനേയും ആ പിതാവ് വെറുത്തു. അവര്‍ ഒളിച്ചോടിപ്പോകുമോ എന്ന് ?യന്ന് ധാരാളം കൃഷി?ഭൂമിയുള്ള തന്റെ തന്നെ പ്രായം വരുന്ന ഒരാള്‍ക്ക് മകളെ വിവാഹം കഴിച്ചു കൊടുത്തു. അയാള്‍ക്കാകട്ടെ ചെറുപ്പക്കാരി ഭാര്യയെ തൊട്ടതിനും പിടിച്ചതിനുമെല്ലാം സംശയം. അതിന്റെ പേരില്‍ നിരന്തര മര്‍ദനം. ഇത് സഹിക്കവയ്യാതെ കുറച്ചു ദിവസം സ്വന്തം വീട്ടില്‍ വന്നു നില്‍ക്കാമെന്ന് കരുതിയാല്‍ ഭര്‍ത്താവിന്റെ അടുത്തേക്ക് പോ എന്ന് പറഞ്ഞ് പിതാവിന്റെ മര്‍ദനം. ഒടുവില്‍ ?ര്‍ത്താവ് ക്രൂരമായി മര്‍ദിച്ച തുടയെല്ല് പൊട്ടിച്ച രാത്രി തോട്ടക്കാരന്റെ സഹായത്തോടെ തന്നെ കാത്തിരിക്കുന്ന വധശിക്ഷയെക്കുറിച്ചുള്ള പൂര്‍ണ ബോധ്യത്തോടെ ബദു യുവതി ഭര്‍ത്താവിനെ വധിക്കുന്നു. ഇത് സംബന്ധിച്ച വിശദ വിവരങ്ങള്‍ നല്‍കാന്‍ അവര്‍ക്ക് ഒരു മടിയുമില്ല. റിമാന്‍ഡ് സെല്ലില്‍ നിന്നും കഴുമരത്തിലേക്ക് അവര്‍ നടന്നു പോകുന്നത് ജീവിതത്തില്‍ നിന്നും രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസത്തോടെയാണെന്ന് മുനീറ കുപ്പിയില്‍ സൂക്ഷിക്കാനായി എഴുതുന്ന കുറിപ്പില്‍ വ്യക്തമായി രേഖപ്പെടുത്തുന്നുണ്ട്.
സ്‌ത്രീകള്‍ കാറോടിക്കുന്നത് നിരോധിക്കപ്പെട്ടതിനാല്‍ ആ അവകാശത്തിനു വേണ്ടി ഒരു പറ്റം സ്‌ത്രീകള്‍ വാഹനമോടിച്ച് പ്രതിിഷേധിക്കുന്നതും നോവലിലുണ്ട്. ഈ പ്രതിഷേധക്കാരും റിമാന്‍ഡ് സെല്ലിലെത്തുന്നു. അവരെല്ലാവരും അഭ്യസ്ഥ വിദ്യരാണ്. യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കുന്നവര്‍, ഡോക്‌ടര്‍മാര്‍ തുടങ്ങിയവര്‍. പരാജയപ്പെടുമെന്ന് നല്ല ഉറപ്പുണ്ടായിട്ടും അവര്‍ പ്രതിഷേധിക്കുന്നു. കൂട്ടത്തില്‍ ഒരു സ്‌ത്രീ ആ പ്രതിഷേധ സമരത്തെക്കുറിച്ച് പറയുന്നത് ഒരു നാള്‍ ജയിക്കാന്‍ വേണ്ടി ഞങ്ങള്‍ പല കുറി തോല്‍ക്കുന്നു എന്നാണ്.
ഇത്തരത്തില്‍ സ്‌ത്രീ ജീവിതത്തിന്റെ നിരവധി പ്രശ്‌നങ്ങളിലേക്ക്, അടരുകളിലേക്ക് നോവല്‍ വായനക്കാരെ നയിക്കുന്നു.
റിമാന്‍ഡ് സെല്ലിലെ തടവുകാരികളില്‍ നിന്ന് ശേഖരിച്ച് കുപ്പിയില്‍ അടച്ചു വെക്കുന്ന കഥകള്‍ ഒരര്‍ഥത്തില്‍ മരിച്ചവരുടെതാണ്. അവക്ക് ഇടക്ക് ശ്വസിക്കും. അല്‍പ്പ നേരം ജീവിക്കും. അത്തരം അവസരങ്ങളിലാണ് അവ നോവലിന്റെ താളിലൂടെ വായനക്കാരനെ തേടി എത്തുന്നത്. വാക്കുകളുടെ മാന്ത്രികതയേക്കാളേറെ പെണ്‍ജീവിതത്തിന്റെ വിരസമായ നിശ്‌ചലതകളേയും അവര്‍ അകപ്പെടുന്ന ഇരുട്ടുമുറികളേയും നോവല്‍ ആഴത്തില്‍ ആവര്‍ത്തിച്ച് വരച്ചു കാട്ടുന്നു.
1991ലെ ആദ്യ ഗള്‍ഫ് യുദ്ധകാലത്തിന്റെ പശ്ചാത്തലം നോവലിന്റെ അടിത്തട്ടിലൂടെ ഒഴുകുന്നുണ്ട്. സദ്ദാം ഹുസൈന്‍ കുവൈത്തില്‍ അധിനിവേശം നടത്തുന്ന കാലത്ത് നോവലിലെ കഥ നടക്കുന്നത് സൗദി തലസ്ഥാനമായ റിയാദിലാണ്.
എഫ് -16 വിമാനങ്ങളുടെ ഇരമ്പല്‍ നോവലിന്റെ പല ഭാഗത്തും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. (ഇറാഖും കുവൈത്തും സൗദിയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളാണ്).
അക്കാലത്ത് ടി.വി ജനങ്ങളില്‍ ചെലുത്തിയ സ്വാധീനവും ആയുധങ്ങളും ടാങ്കുകളും മറ്റും കുട്ടികളുടെ ഇഷ്‌ട കളിപ്പാട്ടങ്ങളായി മാറുകയും വിപണിയില്‍ അവയെല്ലാം വന്നു നിറയുന്നതിനെക്കുറിച്ചും നോവലില്‍ പറഞ്ഞിട്ടുണ്ട്. പ്രശസ്‌ത സൗദി ഗായകന്‍ മുഹമ്മദ് അബ്‌ദുവിന്റെ അങ്ങേയറ്റം ജനപ്രിയ ഗാനങ്ങളുടെ ഈരടികളിലും നോവലിന്റെ ഒഴുക്കിനു വേണ്ടി എഴുത്തുകാരന്‍ സമര്‍ഥമായി ഉപയോഗിച്ചിട്ടുണ്ട്. പറുദീസയിലെ കാറ്റിതാ അടിക്കുന്നു, അതാഗ്രഹിച്ച നിങ്ങളെവിടെ എന്ന അദ്ദേഹത്തിന്റെ പ്രശസ്‌തമായ ഗാനമുള്‍പ്പെടെ നിരവധി വരികള്‍ സന്ദര്‍ഭത്തിനനുസരിച്ച് നോവലില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ലാളിത്യമാര്‍ന്ന ശൈലിയില്‍ അതി സങ്കീര്‍ണമായ പെണ്‍ജീവിതത്തെ വരച്ചു കാട്ടുന്നതില്‍ നോവലിസ്റ്റ് കാട്ടുന്ന മിടുക്ക് മികച്ചതാണ്. അറേബ്യന്‍ സ്‌ത്രീ ജീവിതത്തെ മാത്രം പകര്‍ത്തുകയല്ല, അവരില്‍ നിന്നും തുടങ്ങി ലോകത്തിലെ സ്‌ത്രീ ജീവിതത്തിന്റെ വിവിധ തലങ്ങളോട് പ്രതികരിക്കുന്നതാണ് യഥാര്‍ഥത്തില്‍ ഈ രചന.
2004ല്‍ അറബിയില്‍ അല്‍ ഖൂറൂറ എന്ന തലക്കെട്ടില്‍ ഇറങ്ങിയ നോവല്‍ ചില ആഴ്‌ചകള്‍ക്കു മുമ്പാണ് ഇംഗ്ലീഷില്‍ ഇറങ്ങിയത്. മുഹൈമീദിന്റെ ഒരു നോവല്‍ വുള്‍ഫ് ഓഫ് ദ ക്രസന്റ് മൂണ്‍ 2007ല്‍ ആന്റണി കാള്‍ഡര്‍ ബാങ്കിന്റെ വിവര്‍ത്തനത്തില്‍ ഇംഗ്ലീഷില്‍ പുറത്തു വന്നിരുന്നു. പെന്‍ഗ്വിനാണ് ആ നോവല്‍ പുറത്തിറക്കിയത്. ബ്രിട്ടനില്‍ നിന്നും കയ്‌റോവിലെത്തി അറബി പഠിച്ച കാള്‍ഡര്‍ ബാങ്ക് നിരവധി ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്. സങ്കീര്‍ണതകളെ ലാളിത്യമാര്‍ന്ന ശൈലിയിലൂടെ നേരിടുന്ന മുഹൈമീദിന്റെ രചനാ രീതി ഏറെ പ്രശംസനീയവും സാഹിത്യ രചനയില്‍ മാതൃകാപരവുമാണെന്ന് കാള്‍ഡര്‍ ബാങ്ക് സാക്ഷ്യപ്പെടുത്തുന്നു. ഫോട്ടോഗ്രഫിയില്‍ ബിരുദമുള്ള മുഹൈമീദ് എഴുത്തിനോളം ആഹ്‌ളാദം മറ്റൊന്നില്‍ നിന്നും തനിക്ക് ലഭിക്കുന്നില്ലെന്ന് പറയുന്നു.
മുഹൈമീദ് ആറു നോവലുകളും നിരവധി കഥകളും രചിച്ചിട്ടുണ്ട്. അറബ്-,സൗദി ജീവിതത്തെക്കുറിച്ച് കൂടുതല്‍ രചനകള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് ഈ എഴുത്തുകാരന്‍.
മുനീറയുടെ കുപ്പി
യൂസുഫ് മുഹൈമീദ
വിവര്‍ത്തനം: ആന്റണി കാള്‍ഡര്‍ ബാങ്ക്
ദി അമേരിക്കന്‍ യൂണിവേഴ്‌സിറ്റി, കെയ്‌റോ പ്രസ്
ന്യൂയോര്‍ക്ക്
വില-13.95 ഡോളര്‍ |