രാത്രി പിളര്‍ത്തികൊണ്ട് വണ്ടിയിപ്പോള്‍ തെക്കോട്ടാണ് ഓടുന്നത്. അനിശ്ചിതമായൊരു യാത്രയുടെ തുടക്കം.ഏത് ഭൂതകാലത്തിലാണ് ഇനിചെന്ന് കരപറ്റുക? ഓര്‍ത്തെടുക്കുവാനാകുന്നില്ല. അടുത്ത താവളത്തിലെ മനുഷ്യര്‍, ഭാഷ, സംസ്‌കൃതി, ഗന്ധം.... ഒന്നും ഊഹിക്കുവാനാവുന്നില്ല. അല്ലെങ്കിലും യാത്രകളുടെ തുടക്കത്തില്‍ ഒന്നിനും ഒരു നിശ്ചയാവസ്ഥ ഉണ്ടാവാറില്ലല്ലോ. എങ്ങോട്ടോ, എങ്ങോട്ടോ.... അത്രമാത്രമേ എന്നും ഗണിക്കാറുള്ളു. യാത്രക്കിടയില്‍ എപ്പോഴും അറിയുന്നത് യാത്ര ചെയ്യുന്ന വാഹനത്തിന്റെ വേഗതയും നിതാന്തതാളവും മാത്രം. പിന്നെ എത്തിച്ചേരുന്ന കര. അത് നഗരത്തിന്റേയോ ഗ്രാമത്തിന്റേയോ ഗന്ധം നിറഞ്ഞുനില്‍ക്കുന്ന ഇടമാണോ, മരണവും മന്ത്രവും മണക്കുന്ന അലൗകിക ചേതനയുടെ ദേശമാണോ, കടല്‍ച്ചുരുയരുന്ന ഭൂമികയാണോ എന്നൊക്കെ അറിയുന്നത് അവിടങ്ങളിലൊക്കെ എത്തിച്ചേര്‍ന്നതിനുശേഷം മാത്രം.
ഇപ്പോള്‍ ഈ യാത്ര തെക്കോട്ടാണ്. അറിയാതെയാണെങ്കിലും തെക്കോട്ടുള്ളയാത്ര ഒരുതരം അനിവാര്യത പോലെയായിരിക്കുന്നു. യാത്ര തുടങ്ങുമ്പോള്‍ ദിക്കിനെ കുറിച്ചുള്ള ബോധമൊന്നും മനസ്സില്‍ ഉണ്ടാവാറില്ല. എന്നാല്‍ യാത്രചെയ്യുന്ന വണ്ടികളൊക്കെ തെക്കോട്ടോടുന്നു. മറ്റു ദിക്കുകളിലേക്കുള്ള യാത്രകളൊക്കെ മതിയെന്ന ബോധം ഒരുപക്ഷേ ഉപബോധ മനസ്സില്‍ ശക്തമായൊരു പ്രേരണയായി തീര്‍ന്നിട്ടുണ്ടാവാം.
തെക്കിനെ കുറിച്ചൊര്‍ക്കുമ്പോഴൊക്കെ ഒരുതരം തമാശ പോലെ, അതെ ഒരുതരം തമാശ പോലെ തന്നെ മനസ്സിലേക്കിഴഞ്ഞെത്തുക ശവബോധമാണ്. പട്ടുപുതച്ച് തെക്കോട്ടു തല വെച്ചുകൊണ്ടുള്ള നീണ്ടുനിവര്‍ന്ന കിടപ്പ്, ചുറ്റും ചിതറിക്കിടക്കുന്ന അരിമണികള്‍ തലയ്‌ക്കെലെരിയുന്ന നിലവിളക്ക് ചന്ദനത്തിരികളുടെ വാസന.....
മുന്നിലിതാ അച്ഛനും അമ്മയും കിടക്കുന്നു. യാത്രകളുടെ ക്ഷീണം പേറിയ മിഴികള്‍ ചിമ്മി നിഗൂഢമയക്കത്തിലാണവര്‍. ഓര്‍മകള്‍ പിന്നേയും പിറക്കോട്ടോടുമ്പോള്‍ അച്ഛന്റെ സ്ഥാനത്ത് മുത്തച്ഛനും അമ്മയുടെ സ്ഥാനത്ത് മുത്തശ്ശിയുമാവുന്നു. പിന്നേയും... ശാന്തിയുടെ രൂപകങ്ങള്‍ പോലെ മയങ്ങുന്നവരുടെ നീണ്ടനിര. തെക്കോട്ടു യാത്ര പുറപ്പെട്ടവര്‍ എത്രയെത്രയാണ്. മുഖങ്ങളത്രയും ഓര്‍മിച്ചെടുക്കുവാനോ, എണ്ണി തിട്ടപ്പെടുത്തുവാനോ ആവുന്നില്ല. അത്രയ്‌ക്കധികമുണ്ട്. ഒരുപാട്, ഒരുപാട്.....
ഇപ്പോള്‍ യാത്ര.
തെക്കോട്ടു തന്നെ.
ആന്ധ്രയിലെ ഉപ്പുഭൂമിയില്‍ നിന്ന് പിന്നെയും തെക്കോട്ട്. മാഗ്നയുടെ പ്രിയപ്പെട്ട ഉപ്പുനാട് നൗപേട പിന്നോട്ടോടുകയാണ്. അതിരുകളില്ലാത്ത സാമ്രാജ്യത്തിലേക്കെന്ന പോലെ മാഗ്നയും പിന്നോട്ടോടുകയാണ്.
വണ്ടിക്കുള്ളിലിപ്പോള്‍ എല്ലാം നിശ്ചലമാണ്. യാത്രക്കാര്‍ തീരെ കുറവായ ഈ കംപാര്‍ട്ടുമെന്റില്‍ വെളിച്ചത്തിനും വല്ലാത്ത ബലഹീനത. ഏതെല്ലാമോ സ്റ്റേഷനുകളില്‍ നിന്ന് യാത്ര പുറപ്പെട്ടവര്‍ വണ്ടിക്കുള്ളിലെ അരണ്ടവെളിച്ചത്തില്‍ മരണംപോലെ ഉറങ്ങുകയാണ്. ജനലുകളും വാതിലുകളും അടഞ്ഞുകിടക്കുന്ന ഈ കംപാര്‍ട്ട്‌മെന്റ് കുറച്ചുപേരുടെ ശവങ്ങള്‍ പോകുന്ന ഒരു ശവപ്പെട്ടിപോലെ തോന്നിക്കുന്നു. ഒരുപക്ഷേ, ഈ വണ്ടിക്കുള്ളില്‍ ഉണര്‍ന്നിരിക്കുന്നവരായി ഞാനും വണ്ടി ഡ്രൈവറും മാത്രമേ കാണൂ. കൊടികള്‍ കൊണ്ട് വണ്ടിയെ നിയന്ത്രിക്കാമെന്ന് വ്യാമോഹിക്കുന്ന ഗാര്‍ഡും മയക്കത്തിലാവും. നൗപേടയില്‍ നിന്ന് വണ്ടികയറുമ്പോള്‍ ഗാര്‍ഡിന്റെ കൊടിയടയാളമോ, തൂക്കുവിളക്കോ കണ്ടിരുന്നതായി ഓര്‍ക്കുന്നില്ല. ജീവിതത്തിന്റെയും മരണത്തിന്റെയും നിറങ്ങള്‍ ചൂടിയ കൊടികള്‍ ചുരുട്ടിക്കൂട്ടി മടിയില്‍ വെച്ച് അയാള്‍ തൂങ്ങിയിരുന്ന് ഉറങ്ങുന്നത് ഊഹിച്ചു പോകുന്നു.
ഇപ്പോള്‍ സമയമെന്തായിരിക്കുന്നു? കാലത്തെ ബന്ധിച്ചു നിര്‍ത്തുന്ന കൈ. ഘടികാരം ഇല്ലാത്തതുകൊണ്ട് കൃത്യമായി സമയം കണക്കാക്കാനാവുന്നില്ല. എന്നാലും ഇത് ബ്രാഹ്മമുഹൂര്‍ത്തമാണെന്ന് മനസ്സ് പറയുന്നു. രണ്ടര മണിക്കായിരുന്നല്ലോ വണ്ടി നൗപേടയില്‍ എത്തിയത്. ഈ വണ്ടിക്കുള്ളിലെ അരണ്ട വെളിച്ചവും യാത്രക്കാരുടെ നിഗൂഢ മയക്കവും കനത്ത ശാന്തതയും മരണബോധം മനസ്സിലുയര്‍ത്തുമ്പോള്‍ ബ്രാഹ്മമുഹൂര്‍ത്തത്തിന്റെ വിശുദ്ധിയിലൂടെ തന്നെയാണ് യാത്രയെന്ന് ഉറപ്പാകുന്നു.
മുന്നിലിതാ ചിതയെരിയുന്നു. പിന്നെ ചിത കെട്ടടങ്ങുന്നു. യാത്രയുടെ ബാക്കിപത്രം പോലെ കെട്ടടങ്ങിയ ചിതയിലെമ്പാടും അസ്ഥികഷണങ്ങള്‍. ഇതാണ് അസ്ഥികള്‍ പെറുക്കിയെടുക്കാന്‍ പറ്റിയ മുഹൂര്‍ത്തം. ആദ്യം നെഞ്ചിന്റെ ഭാഗത്തുനിന്ന് ഒരസ്ഥി. തലഭാഗത്തുനിന്ന് ഒരെണ്ണം. കാല്‍ഭാഗത്തുനിന്ന് വേറൊന്ന്. പരേതന്റെ ആത്മാവിന് ശാന്തികിട്ടണെങ്കില്‍ അസ്ഥി പെറുക്കല്‍ കര്‍മം ബ്രാഹ്മമുഹൂര്‍ത്തത്തില്‍ തന്നെ വേണമെന്ന് കൃഷ്‌ണനിളയത് പറയുകയല്ല, ശഠിക്കുകയാണ്. പുനര്‍ജന്മത്തില്‍ മറ്റൊരു ജീവിതത്തിന്റെ അറിവും ആഹ്ലാദവും തേടിയിരുന്ന അച്ഛന്‍, പുഴമനസ്സില്‍ അസ്ഥികളുടെ തര്‍പ്പണം നടക്കുന്നത് കൃഷ്‌ണനിളയതിന്റെ കാര്‍മികത്വത്തില്‍ തന്നെ വേണമെന്ന് പറഞ്ഞത് ഓര്‍ക്കുന്നു.
നൗപേട ഇപ്പോള്‍ ഒരുപാട് അകലെയാണ് നൗപേട റയില്‍വേ സ്റ്റേഷനില്‍ ഒരു ഉപ്പുതൂണുപോലെ അതാ മാഗ്ന നില്‍ക്കുന്നു. ഇല്ല. വെറുതെ തോന്നുകയാണ്. അവള്‍ പോയികഴിഞ്ഞിരിക്കും. റയില്‍വേ സ്റ്റേഷന്റെ അതിരുകള്‍ക്കപ്പുറം പടിഞ്ഞാറോട്ടു നീളുന്ന ചെമ്മണ്‍ നിരത്തിലൂടെ ഒരിക്കലും തിരിച്ചുകിട്ടാത്ത ഒന്നിനെക്കുറിച്ചോര്‍ത്തുകൊണ്ട് ഉപ്പിന്റെ ഖനശേഖരണങ്ങളിലേയ്‌ക്ക് അവള്‍ മടങ്ങിയിരിക്കും. ഒരുപക്ഷേ, ഈ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ അവളും ഓര്‍ക്കുന്നുണ്ടാവുക. എരിഞ്ഞടങ്ങിയൊരു ചിതയെ കുറിച്ചാവും. അസ്ഥികഷ്‌ണങ്ങള്‍ മാത്രം ബാക്കിയായ ഓര്‍മകളുടെ ചിത ഒരിക്കലും തിരിച്ചുവരാത്ത യാത്ര മരണത്തിന്റെ രൂപകമല്ലാതെ പിന്നെ മറ്റെന്താണ്?
ഇതാ, ഇപ്പോള്‍ മാഗ്നയുടെ സ്‌പര്‍ശം അറിയുന്നു. നൗപേട റയില്‍വേ സ്റ്റേഷനിലെ സിമന്റു ബഞ്ചില്‍ ഉപ്പുഭൂമിയുടെ അവസാന ഗന്ധം നുകര്‍ന്നുകൊണ്ട് ഇരിക്കുന്ന എന്നില്‍ ഒരുതരം തണുത്ത സ്‌പര്‍ശമായി തീരുകയാണ് അവള്‍. അവളുടെ ലോലമായ വിരല്‍തുമ്പുകള്‍ എന്റെ മുടിയിലൂടെ ഇഴയുകയാണ്. പിന്നെ, എന്റെ മുടിയിഴകള്‍ പിന്നോട്ടൊതുക്കി, വലതു കണ്ണില്‍ പതിയെ ചുണ്ടമര്‍ത്തി അവള്‍ ചോദിക്കുന്നു - എന്നാണിനി ഈ ഉപ്പുഭൂമിയിലേയ്‌ക്ക് തിരിച്ചുവരിക?
അവളുടെ ചോദ്യത്തിന് കണ്ണീരിന്റെ നനവുണ്ടെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അപ്രസക്തമായൊരു ചോദ്യമാണിത്. കാരണം, മൃതിബോധവും ഖേദങ്ങളും പേറിയുള്ള ഈ യാത്രക്കിടയില്‍ അവസാന വാക്കുപോലെ ഇതേചോദ്യം ആവര്‍ത്തിച്ചവര്‍ എത്രയെത്ര പേരാണ്? എണ്ണിതിട്ടപ്പെടുത്താനാവില്ല. ഈ യാത്രക്കിടയില്‍ വെച്ച് സ്‌നേഹവും സ്‌പര്‍ശനവും ലാളനയുമൊക്കെ തന്ന അടുത്തറിയുന്ന മുഖങ്ങള്‍ ഇതേ ചോദ്യം ആവര്‍ത്തിച്ച് കണ്ണീരിന്റെ ഒരു ഉപ്പുതുള്ളികൂടി സമ്മാനിക്കുന്നു. അങ്ങനെ അവസാന സ്‌നേഹത്തിന്റെ ഭാഷ്യത്തിന് ഉപ്പുരസമാണെന്ന അറിവും കിട്ടുന്നു. എന്നാല്‍ ഇവിടെയിതാ, ഒരു ഉപ്പുതുള്ളിയായല്ല മറിച്ച് തണുത്തൊരു ഉപ്പുതൂണുപോലെ മാഗ്ന ശ്രീവാസ്‌തവ.
മന്ത്രിഡിയില്‍ നിന്ന് മടങ്ങുമ്പോള്‍ സുമന്‍ ബെഹ്‌റ പറഞ്ഞിരുന്നു - ഇനി, നിന്റെ അടുത്ത താവളം നൗപേടയാവട്ടെ. ആന്ധ്രയുടെ ഉപ്പുഭൂമി. ഉപ്പിന്റെ സ്‌നേഹത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചുമൊക്കെ നീ ഒരുപാട് കഥകള്‍ എനിക്ക് പറഞ്ഞുതന്നിരുന്നല്ലോ. പഴമയുടെ വിശ്വാസങ്ങളില്‍ നിപതിച്ചു കിടക്കുന്ന പഴക്കം പറ്റാത്തകഥകള്‍. ഉപ്പിനെ നീ ധാരാളമായി അറിയുക. അതിന്റെ സ്‌നേഹവിശ്വാസങ്ങളെ കുറിച്ച്. പിന്നെ, ആകാശത്തോളം ഉയര്‍ന്നു കിടക്കുന്ന അതിന്റെ ഗന്ധത്തെക്കുറിച്ചും.
ഓരോനാടിനും ഓരോ ഗന്ധമാണ്, ഓരോ രുചിയും.
ഒറീസയുടെ തെക്കേ തലയ്‌ക്കല്‍ കിടക്കുന്ന മന്ത്രിഡിയില്‍ കഴിയുമ്പോള്‍ സുമന്‍ ബെഹ്‌റ ഓര്‍മിപ്പിക്കും ഞങ്ങള്‍ മധുര പ്രിയരാണ്. എന്തിലും ഏതിലും മധുരം ചേര്‍ത്ത് കഴിക്കുക എന്നതാണ് ഞങ്ങളുടെ രീതി. എരുവില്‍ മധുരം ചേര്‍ത്ത് കഴിക്കുകയെന്നൊക്കെ പറയുമ്പോള്‍ നിനക്കൊരു പക്ഷേ ഓക്കാനം വരും. എന്നാല്‍ ഞങ്ങള്‍ക്കത് പഥ്യമാണ്. സാമ്പാറില്‍ മധുരം, ചട്‌ണിയില്‍ മധുരം... മധുരമാണ് ഞങ്ങളുടെ ദേവത.
കില്ലി തിന്ന് വികൃതമായ പല്ലുകള്‍ കാട്ടി അവന്‍ ഉറക്കെയുറക്കെ ചിരിക്കുന്നു. അപ്പോള്‍, മധുരം അധികം കഴിച്ചാല്‍ പല്ലുകളൊക്കെ പുഴുപ്പല്ലുകളായി മാറുമെന്ന് പേടിപ്പിക്കാറുള്ള അമ്മയേയും ശൈശവബാല്യ ബോധങ്ങളും ഇരച്ചെത്തുന്നു. പിന്നെ മനസ്സില്‍ പറയുകയായി - ബെഹ്‌റ ബാബു, കില്ലി ചവച്ചിട്ടായിരിക്കില്ല നിന്റെ പല്ലുകളൊക്കെ ഇങ്ങനെയായത്. മധുരമാണ് നിന്റെ പല്ലുകളെ തിന്നു കളഞ്ഞത്.
മധുരത്തില്‍ നിന്ന് ഉപ്പിലേയ്‌ക്ക്.
യാത്ര പറയുമ്പോള്‍ അവന്റെ മിഴികളും നനഞ്ഞിരുന്നു. ഇനിയെന്നാണ് മടങ്ങിവരികയെന്ന ചോദ്യത്തിന് ഉത്തരം എന്റെ മൗനം തന്നെയായിരുന്നു. മടങ്ങിവരികയോ, ചിലപ്പോള്‍ ഓര്‍ക്കുകയോ ചെയ്‌തെന്ന് വരില്ല. ഇത് യാത്രയാണ്. അനാദിയായ കാലത്തിലൂടെയുള്ള ഗതികിട്ടാത്തതുപോലെയുള്ള ഒഴുക്ക്. കഴിഞ്ഞകാലത്തിന്റെ ഓര്‍മകള്‍ പെറുക്കിയെടുക്കാന്‍ സമയം കിട്ടിയെന്ന് വരില്ല. അപ്പോഴേയ്‌ക്കും പുതിയ കാലം, ഗന്ധം, രുചി..... അല്ലെങ്കിലും മധുരത്തില്‍ നിന്ന് ഉപ്പിലേയ്‌ക്ക് ഒരുപാട് കാതങ്ങളുടെയും അറിവുകളുടെയും അകലങ്ങളുണ്ടല്ലോ.
എന്നാണിനി ഈ ഉപ്പുഭൂമിയിലേയ്‌ക്ക് തിരിച്ചുവരികയെന്ന തന്റെ ചോദ്യത്തിന് ഉത്തരമില്ലെന്ന ബോധ്യം വന്നപ്പോള്‍ എന്നെ ഇറുകെ പിടിച്ച് നെഞ്ചിലേയ്‌ക്ക് തലചായ്‌ച്ച് അവളിരുന്നു. പിന്നെ, പിന്നിട്ട കാലത്തിലറിഞ്ഞ ജൈവബന്ധത്തിന്റെ കാരുണ്യത്തിലെക്കെന്നപോലെ അവള്‍ മിഴിചിമ്മി. ഹ്രസ്വമാണെങ്കിലും കാലം അവള്‍ക്കു മുന്നില്‍ ഒഴുകി പരക്കുന്നത് അവളുടെ നിശ്വാസങ്ങളില്‍ നിന്നറിഞ്ഞു. അതിലത്രയും പ്രാചീനമായ വ്യഥകളും നിശ്ശബ്‌ദമായ നിലവിളികളുമായിരുന്നു. എന്നിട്ടും, വൈകാതെ ഈ ഉപ്പുഭൂമിയിലേയ്‌ക്ക് തിരിച്ചെത്താം എന്ന് പറയാന്‍ എനിക്കായില്ല. എനിക്കറിയാം, നിയോഗങ്ങളുടെ തണലറിയാത്ത വഴികളിലൂടെയുള്ള ഈ യാത്ര തിരിച്ചു വരുവാനുള്ളതല്ല. മറിച്ച്, തിരിച്ച് പോകുവാനുള്ളതാണ് - മറ്റൊരു വിദൂരത്തിലേക്ക്.
നിശ്വാസങ്ങളും വ്യഥകളും അമര്‍ന്നടങ്ങിയപ്പോള്‍ പിന്നെ നിറഞ്ഞെത്തിയ മൗനമായി. മൗനത്തിന്റെ രൂപകംപോലെ നൗപേട റയില്‍വേ സ്റ്റേഷന്‍. മൗനത്തില്‍ വെച്ച് മാഗ്ന ചോദിച്ചു - ഞാനിപ്പോള്‍ ചുണ്ടമര്‍ത്തിയത് നിന്റെ കണ്ണിലോ, മനസ്സിലോ, ജീവിതത്തിലോ.....?
മരണത്തിലാണ് മാഗ്ന. ജനനത്തിനോടൊപ്പം ദാനമായി കിട്ടിയ പ്രിയപ്പെട്ട മരണത്തില്‍. മൗനത്തില്‍വെച്ച് എന്റെ ഉത്തരം വാചാലമായി.
പിന്നെ, എന്നില്‍ നിന്ന് കൈകളും മുഖവുമടര്‍ത്തി അവള്‍ പതിയെ പറഞ്ഞു - വല്ലാതെ തണുക്കുന്നു, നിന്നെ വല്ലാതെ തണുക്കുന്നു.....
വണ്ടിക്കുള്ളിലിപ്പോള്‍ എല്ലാം ശാന്തമാണ്. ജനലുകളും വാതിലുകളും അടഞ്ഞുകിടക്കുകയാണെങ്കിലും ഈ കംപാര്‍ട്ടുമെന്റിലേയ്‌ക്ക് ഒരുതരം ഗന്ധം അരിച്ചെത്തുന്നതായി ഞാന്‍ അറിയുന്നു. എന്നാലും ഗന്ധത്തിന്റെ സൂക്ഷ്‌മഫലങ്ങള്‍ തിരിച്ചറിയാനാവുന്നില്ല. നൗപേടയും മാഗ്നയും സ്‌മൃതിപഥത്തില്‍ നിന്നകന്നുപോയ ഈ നിമിഷങ്ങളില്‍ ഇനി ഒരു ദീര്‍ഘനിദ്രയിലെന്നവണ്ണം മിഴിചിമ്മിക്കിടക്കട്ടെ ഞാന്‍.
|