Home കായികം ചരമം പ്രവാസി Photo Gallery
 
സഹപാഠി
DATE : 2010-07-28
ഗതാഗതം

നമുക്ക്‌ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ്‌ ഗതാഗതം. ജനിച്ചു വീഴുന്ന കുഞ്ഞ്‌ ഇഴഞ്ഞും പിച്ച വെച്ചും നടന്നും ഓടിയും സ്വന്തം ശരീരത്തെ ഒരിടത്തു നിന്ന്‌ മറ്റൊരിടത്തേക്കു നീക്കാന്‍ പഠിക്കുന്നു. ചക്രത്തിന്റെയും വാഹനങ്ങളുടെയും കണ്ടുപിടിത്തമാണ്‌ സഞ്ചാരത്തെ വിപ്ലവവത്‌കരിച്ചത്‌. ആളുകളെയും സാധനസാമഗ്രികളേയും ഒരു സ്ഥലത്തു നിന്ന്‌ മറ്റൊരിടത്തേക്ക്‌ വഹിച്ചുകൊണ്ടുപോകുന്ന പ്രക്രിയയാണ്‌ ഗതാഗതം. മനുഷ്യസമൂഹത്തിന്റെ പുരോഗതിയില്‍ നിര്‍ണായക പങ്കാണ്‌ ഈ സമ്പ്രദായം വഹിച്ചിട്ടുള്ളത്‌. കൃഷി, വ്യവസായം , വാണിജ്യം, സാമൂഹികവികസനം തുടങ്ങിയ എല്ലാ മേഖലകളിലും ഗതാഗതം ഒഴുച്ചുകൂടാനാകാത്ത ഒരു ഘടകമായിരിക്കുന്നു.
വിവിധ ഗതാഗത മാര്‍ഗങ്ങളുടെ വികസന ചരിത്രത്തിന്‌ മനുഷ്യവംശത്തോളംതന്നെ പഴക്കമുണ്ട്‌. ആദിമ മനുഷ്യന്‍ ഒറ്റയായും കൂട്ടുചേര്‍ന്നും ചുമലിലേറ്റിയും കെട്ടിവലിച്ചും മറ്റുമാണ്‌ സാധനങ്ങള്‍ കൊണ്ടുപോയിരുന്നത്‌. ജലാശയങ്ങളുടെയും മറ്റു ജല സ്രോതസ്സുകളുടെയും തീരത്തു വസിച്ച ആദിമ മനുഷ്യന്‌ താരതമ്യേന ആയാസം കുറഞ്ഞ ജലഗതാഗതത്തിന്റെ സാധ്യതകള്‍ മനസിലാക്കാനും വേണ്ട സംവിധാനങ്ങള്‍ തരപ്പെടുത്തി ഉപയോഗിക്കാനും സാധിച്ചിരുന്നു. വൈകാതെ തന്റെ ജീവിതപുരോഗതിക്കും സൗകര്യത്തിനുമായി മൃഗങ്ങളെയും മറ്റുപല ജന്തുക്കളെയും മെരുക്കി വളര്‍ത്താനും മറ്റും തുടങ്ങിയതോടെ ഗതാഗതത്തിന്‌ പുതിയൊരു ലോകം തന്നെ തുറക്കപ്പെട്ടു. തന്റെ സഞ്ചാരത്തിനും ചുമടുകള്‍ വഹിച്ചുകൊണ്ടുപോകാനും വാഹനങ്ങള്‍ വലിക്കാനും മൃഗങ്ങളെ മനുഷ്യന്‍ ഉപയോഗിച്ചു.
ഇന്ന്‌ ഗതാഗതത്തിന്‌ മനുഷ്യന്‍ സകല മേഖലകളും ഉപയോഗിക്കുന്നു. ആകാശവും ഭൂമിയും ജലവും ഗതാഗതത്തിനുപയോഗിക്കാന്‍ അവന്‌ ഒരു പ്രയാസവുമില്ലാതായിരിക്കുന്നു. വിവിധ ക്ലാസുകളില്‍ ഗതാഗതത്തെക്കുറിച്ചു പഠിക്കാനുണ്ടല്ലോ. ചക്രം, റോഡുകള്‍, രാജവീഥികള്‍, കൊച്ചുകേരളത്തിലെ റോഡുഗതാഗതം നാഷണല്‍ ഹൈവേകള്‍ തുടങ്ങി പഠന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അധിക വിവരങ്ങള്‍...
റോഡ്‌
നമ്മള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഗതാഗതമാര്‍ഗമാണ്‌ റോഡ്‌. കരമാര്‍ഗമുള്ള ഗതാഗതസംവിധാനങ്ങളില്‍ ഏറ്റവും വിപുലവും പ്രധാനപ്പെട്ടതുമാണ്‌ ഇത്‌. ആദ്യകാല മനുഷ്യന്‍ ചുമലിലേറ്റിയും കെട്ടിവലിച്ചും തള്ളിക്കൊണ്ടുമൊക്കെയായിരുന്നു സാധനസാമഗ്രികള്‍ എത്തിക്കേണ്ടിടത്ത്‌ എത്തിച്ചിരുന്നത്‌. പിന്നീട്‌ മൃഗങ്ങളെ ഇണക്കി വളര്‍ത്താന്‍ തുടങ്ങിയപ്പോള്‍ കാള, കുതിര, കഴുത, ഒട്ടകം തുടങ്ങിയ ജന്തുക്കളെ തങ്ങളുടെ സവാരിക്കും ചുമടുകള്‍ വഹിച്ചുകൊണ്ടുപോകുവാനും ഉപയോഗിച്ചു തുടങ്ങി. ഇങ്ങനെ സ്ഥിരമായി സഞ്ചരിച്ച വഴികളില്‍ പാതകള്‍ രൂപം കൊണ്ടു. കാലക്രമേണ മുളകള്‍, കഴകള്‍ മുതലായവയില്‍ സാധനങ്ങള്‍ കെട്ടിവലിച്ചുകൊണ്ടുപോകാനുള്ള സംവിധാനമുണ്ടായി. ഇവയായിരിക്കാം റോഡ്‌ ഗതാഗതത്തിന്റെ ഹരിശ്രീ കുറിച്ചത്‌.
ചക്രങ്ങളില്ലാ വണ്ടികള്‍
മുളകള്‍കൊണ്ടും മറ്റ്‌ മരത്തടികള്‍ കൊണ്ടും സാധനങ്ങള്‍ കൊണ്ടുപോയിരുന്ന മനുഷ്യന്‍ പിന്നീട്‌ ചക്രങ്ങളില്ലാതെ വലിച്ചുകൊണ്ടുപോകുന്ന വാഹനങ്ങള്‍ (ടഹലറഴല)െ ഉപയോഗിച്ചു തുടങ്ങി. ഗതാഗതത്തിന്റെ തോത്‌ വര്‍ധിച്ചുവന്നപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട പാതകളും സൗകര്യങ്ങളും വേണ്ടി വന്നു. അങ്ങനെ പുഴകള്‍ കടക്കാന്‍ പാലങ്ങള്‍ വന്നു. വൈകാതെ നിരപ്പും ഉറപ്പും വീതിയും കൂടുതലുള്ള പാതകള്‍ മനുഷ്യന്‍ ഉണ്ടാക്കി. പഴയ പണിയായുധങ്ങള്‍ തന്നെയായിരുന്നു ആശ്രയം. മരങ്ങള്‍ വെട്ടിമാറ്റിയും തടസം നിന്നിരുന്ന പാറകള്‍, കല്ലുകള്‍ എന്നിവ മാറ്റിയും വളരെ ശ്രമകരവും ക്ലേശകരവുമായാണ്‌ അന്ന്‌ `മരാമത്ത്‌' നടന്നിരുന്നത്‌. ചൈനയില്‍ ബി സി 4000 ആയപ്പോള്‍ത്തന്നെ വീതിയുള്ള റോഡുകള്‍ നിര്‍മിച്ചു തുടങ്ങിയിരുന്നു.
ചക്രം എന്ന മഹത്തായ കണ്ടുപിടിത്തം
മനുഷ്യചരിത്രത്തെ തന്നെ മാറ്റി മറിച്ച ഒന്നാണ്‌ ചക്രത്തിന്റെ കണ്ടുപിടിത്തം. വാഹനഗതാഗതരംഗത്തെ വിപ്ലവകരമായ കണ്ടുപിടിത്തമായിരുന്നു വണ്ടിചക്രം. ഏകദേശം ബി സി 3500 ല്‍ ആയിരുന്നു വാഹനങ്ങളില്‍ ചക്രം ഘടിപ്പിക്കാന്‍ തുടങ്ങിയത്‌. അങ്ങനെ ചക്രങ്ങള്‍ ഘടിപ്പിച്ച വിവിധയിനം വാഹനങ്ങള്‍ ഉപയോഗത്തില്‍ വരുകയും അവയുടെ സുഗമമായ സഞ്ചാരത്തിന്‌ മെച്ചപ്പെട്ട റോഡുകള്‍ ആവശ്യമായിത്തീരുകയും ചെയ്‌തു.
ഇന്ത്യ, ഈജിപ്‌ത്‌, പേര്‍ഷ്യ, ബാബിലോണിയ, ഫിനീഷ്യ എന്നീ രാജ്യങ്ങളിലും പിന്നീട്‌ ഗ്രീസിലും നിരവധി റോഡുകള്‍ നിര്‍മിക്കപ്പെട്ടു. വാഹനങ്ങള്‍ വര്‍ധിച്ചപ്പോള്‍ റോഡുകളുടെ രൂപകല്‍പ്പനയിലും നിര്‍മാണത്തിലും ഗണ്യമായ പുരോഗതിയുണ്ടായി. റോമന്‍ സാമ്രാജ്യം ലോകത്തിലെ പ്രബല ശക്തിയായി മാറിയതോടെ റോമാക്കാര്‍ റോഡ്‌ നിര്‍മാണത്തില്‍ ഏറ്റവും മുന്‍പിലെത്തി. ഏകദേശം 312 ബി സി മുതല്‍ തന്നെ റോമാക്കാര്‍ ശാസ്‌ത്രീയമായ രീതിയില്‍ റോഡ്‌ നിര്‍മിച്ചു തുടങ്ങിയിരുന്നു. തുടര്‍ന്നുള്ള പ്രതാപകാലത്ത്‌ ഏകദേശം 1.6 ലക്ഷം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു വലിയ റോഡ്‌ ശൃംഖല കെട്ടിപ്പടുക്കാന്‍ അവര്‍ക്കായി. അക്കാലത്ത്‌ ലോകത്തിലെ എല്ലാ പ്രധാനറോഡുകളും റോമില്‍ നിന്നായിരുന്നുവത്രെ ആരംഭിച്ചിരുന്നത്‌. ബലമുള്ള അടിത്തറയും കല്ലുകള്‍ പാകിയ ഉപരിതലവും റോമന്‍ റോഡുകളുടെ സവിശേഷതയായിരുന്നു. ഇതേ പാത പിന്തുടര്‍ന്നുകൊണ്ടായിരുന്നു ഇംഗ്ലണ്ടിലും യൂറോപ്പിലും മറ്റു ചില ഭാഗങ്ങളിലും റോഡുകള്‍ നിര്‍മിച്ചത്‌. അത്തരം റോഡുകളില്‍ ചിലത്‌ ഇപ്പോഴും നിലവിലുണ്ടത്രേ!
റോമിന്റെ പതനത്തിനുശേഷം
ചരിത്രത്തില്‍ തങ്ങളുടേതായ ശേഷിപ്പുകള്‍ ബാക്കിവെച്ചുകൊണ്ട്‌ റോമന്‍സാമ്രാജ്യം തകര്‍ന്നു. എന്നിട്ടും റോഡു നിര്‍മാണത്തില്‍ പല രാജ്യങ്ങളും റോമാക്കാരുടെ ശൈലി തന്നെയായിരുന്നു പിന്തുടര്‍ന്നിരുന്നത്‌. അന്ന്‌ കുതിരകള്‍ വലിക്കുന്ന രഥങ്ങളും തേരുകളും കുതിരവണ്ടികളുമൊക്കെയായിരുന്നുവല്ലോ വാഹനങ്ങള്‍. ഇവ ക്രമേണ ഇല്ലാതാവുകയും വലിയൊരുശതമാനം വാഹനങ്ങളും ചരക്കുഗതാഗതത്തിനുവേണ്ടി മാത്രം ഉപയോഗിക്കുകയും ചെയ്‌തു. മനുഷ്യരുടെ സഞ്ചാരത്തിന്‌ കുതിര, ഒട്ടകം മുതലായ ജന്തുക്കളെ കൂടുതലായി ഉപയോഗിച്ചു തുടങ്ങി. പതിനാലാം ശതകത്തില്‍ പലയിടങ്ങളിലും വഴിമധ്യേ കൊള്ളക്കാരുടെ ശല്യം വര്‍ധിച്ചു. അതിനെ പ്രതിരോധിക്കുവാനായി വാഹനങ്ങളും യാത്രക്കാരും സംഘമായി റോഡുമാര്‍ഗം സഞ്ചരിക്കുവാന്‍ ആരംഭിച്ചു. ഇതിനെ `കാരവന്‍ സിസ്റ്റം' എന്ന്‌ പറയുന്നു.
മക്കാഡം റോഡുകള്‍
റോഡുകളുടെ വളര്‍ച്ചയ്‌ക്കു പിന്നില്‍ വാഹനങ്ങള്‍ വഹിക്കുന്ന പങ്ക്‌ വലുതാണ്‌. വാഹനങ്ങള്‍ക്ക്‌ സുഗമമായി പോകാനുള്ള സൗകര്യത്തിനാണ്‌ റോഡുകള്‍ പുതിയ പുതിയ പരീക്ഷണങ്ങള്‍ക്കും പുരോഗതിക്കും വിധേയമാകുന്നത്‌. 15-ാം ശതകത്തോടെ വാഹനങ്ങളുടെ മുന്‍പിലത്തെ അച്ചുതണ്ട്‌ ഇടത്തോട്ടും വലത്തോട്ടും തിരിക്കത്തക്കരീതിയില്‍ പരിഷ്‌കരിക്കപ്പെടുകയും അങ്ങനെ സഞ്ചാരം കൂടുതല്‍ സൗകര്യപ്രദമാകുകയും ചെയ്‌തു. അടുത്ത രണ്ടു നൂറ്റാണ്ടുകളില്‍ യാത്രക്കാര്‍ക്ക്‌ സുഗമമായി സഞ്ചരിക്കാന്‍ കഴിയുന്ന വാഹനകോച്ചുകള്‍ നിലവില്‍ വന്നു. അതോടെ കൂടുതല്‍ നിരപ്പുള്ള റോഡുകളുടെ ആവശ്യം പതിന്മടങ്ങായി വര്‍ധിച്ചു.
ആദ്യത്തെ റോഡുനിര്‍മാണ വകുപ്പും അതിനുവേണ്ട സാങ്കേതിക പരിശീലനം നല്‍കുന്നതിനുള്ള സംവിധാനവും. 1720 ല്‍ ഫ്രാന്‍സിലാണ്‌ ഉദയം ചെയ്‌തത്‌. ഇന്നു നാം കാണുന്ന `മെറ്റല്‍ഡ്‌ റോഡുകള്‍'ക്ക്‌ രൂപം കൊടുത്തത്‌, പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ബ്രിട്ടീഷ്‌ എന്‍ജിനീയര്‍മാരായ `ടെല്‍ ഫോര്‍ഡ്‌', `ജോണ്‍ മാക്‌ ആഡം' എന്നിവരായിരുന്നു. കരിങ്കല്‍ചില്ലികള്‍ റോഡ്‌റോളര്‍ മെഷീനുകളുപയോഗിച്ച്‌ നിരത്തിയ റോഡുകള്‍ ഇന്ന്‌ `മക്കാഡം റോഡുകള്‍' എന്നറിയപ്പെടുന്നു. ഇത്തരം റോഡുകള്‍ റബര്‍ ടയര്‍ ഘടിപ്പിച്ചോടുന്ന വാഹനങ്ങള്‍ക്ക്‌ കൂടുതല്‍ അനുയോജ്യമാണെന്നു കണ്ടതിനാല്‍ ഈ രീതി ലോകവ്യാപകമായി ഉപയോഗിക്കുന്നു.
മക്കാഡം റോഡിന്റെ പിന്‍തുടര്‍ച്ചയായി കോള്‍ടാര്‍, ബിറ്റുമന്‍, ആസ്‌ഫാള്‍ട്ട്‌, എന്നിവയുപയോഗിച്ച്‌ മെറ്റല്‍ഡ്‌ റോഡുകളെ കൂടുതല്‍ ഈടുള്ളതും നല്ലനിരപ്പുള്ള ഉപരിതലത്തോടുകൂടിയതും ആക്കുവാനുള്ള വിദ്യയും പ്രയോഗത്തില്‍ വന്നു. ഇതിനു പുറമെ ഇരുപതാം നൂറ്റാണ്ടില്‍ കോണ്‍ക്രീറ്റിലും റോഡുകള്‍ നിര്‍മിക്കപ്പെട്ടു തുടങ്ങി. കോണ്‍ക്രീറ്റ്‌ സ്ലാബുകള്‍ പതിച്ച റോഡുകള്‍ ഇന്ന്‌ എവിടെയും വ്യാപകമാണ്‌. പെട്ടെന്ന്‌ കുഴിയാത്തതും, പൊട്ടിപ്പൊളിയാത്തതും വെള്ളം കെട്ടിനില്‍ക്കാത്തതുമാണ്‌ സിമന്റ്‌ റോഡുകള്‍.
റോഡ്‌ ഗതാഗതത്തിന്റെ നിരന്തരമായ വളര്‍ച്ചയ്‌ക്കും വാഹനങ്ങളുടെ വര്‍ധിച്ച വേഗതയ്‌ക്കും അനുസൃതമായി മിക്ക വികസിത രാജ്യങ്ങളിലും റോഡുകള്‍ വന്‍ തോതില്‍ വികസിപ്പിക്കുകയും അതിന്റെ ഭാഗമായി റോഡ്‌ ക്രോസിങ്ങുകളില്‍ അപകടങ്ങളൊഴിവാക്കാന്‍ മേല്‍പ്പാലങ്ങള്‍, ക്ലോവര്‍ലീഫ്‌ ജംഗ്‌ഷനുകള്‍ തുടങ്ങിയവ നിര്‍മിക്കുകയും ചെയ്യുന്നുണ്ട്‌. നിയമലംഘനങ്ങള്‍ തടയുവാനായി ഹൈവേ പെട്രോളിങ്ങും നിലവിലുണ്ട്‌.
ഇന്ത്യയിലെ റോഡുകളുടെ മൊത്തം ദൈര്‍ഘ്യം ഏകദേശം 33.14 ലക്ഷം കിലോമീറ്റര്‍ ആണെന്ന്‌ പറയുന്നു. അതില്‍ 66,754 കിലോമീറ്റര്‍ നാഷണല്‍ ഹൈവേകളാണ്‌. ഇവ മൊത്തം റോഡുകളുടെ രണ്ടുശതമാനത്തോളമേ ഉള്ളുവെങ്കിലും മൊത്തം ഗതാഗതത്തിന്റെ നാല്‍പ്പതു ശതമാനവും ഇവയിലൂടെയാണ്‌ നടക്കുന്നത്‌. ഇന്ന്‌ കരമാര്‍ഗമുള്ള ചരക്കുഗതാഗതത്തിന്റെ 60 ശതമാനവും റോഡുകള്‍ വഴിയും ബാക്കിവരുന്നത്‌ റെയില്‍ഗതാഗതം വഴിയുമാണ്‌.
കേരളത്തിലെ റോഡ്‌ ഗതാഗതം
കേരളത്തില്‍ റോഡുഗതാഗതം നടത്തുന്ന പൊതുമേഖലാസ്ഥാപനമാണ്‌ `കേരളാസ്റ്റേറ്റ്‌ റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷന്‍ (കെ എസ്‌ ആര്‍ ടി സി). തിരുവനന്തപുരം ആസ്ഥാനമായി 1965 ഏപ്രില്‍ ഒന്നിനാണ്‌ ഇത്‌ സ്ഥാപിതമായത്‌. അന്നത്തെ മൊത്തം മൂലധനം 629.04 ലക്ഷം രൂപയായിരുന്നു. 2009 ലെ കണക്കനുസരിച്ച്‌ കെ എസ്‌ ആര്‍ ടി സിക്ക്‌ 5115 ബസുകളുണ്ട്‌. എന്നാല്‍ സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ കേരളത്തില്‍ 41998 ബസുകളാണ്‌ ഉള്ളത്‌. 4460 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹൈവേയും 17117 കിലോമീറ്റര്‍ ജില്ലാ-സംസ്ഥാന റോഡുകളുമുണ്ട്‌.
കേരളത്തിലെ രാജവീഥികള്‍
ഒമ്പത്‌ ദേശീയപാതകള്‍ കേരളത്തിലൂടെ കടന്നുപോകുന്നുണ്ട്‌. വിവിധ ഭാഗങ്ങളിലൂടെയായി തലങ്ങനെയും വിലങ്ങനെയുമായി രൂപപ്പെട്ട റോഡുകള്‍ക്ക്‌ എണ്ണത്തിലും ഗുണത്തിലും വര്‍ഷാവര്‍ഷം ഗണ്യമായ പുരോഗതിയും വര്‍ധനവുമുണ്ടാകുന്നുണ്ട്‌. 1980 - 81 ല്‍ കേരളത്തിലെ ഹൈവേകള്‍ക്കു ആകെ നീളം 839 കിലോമീറ്റര്‍ ആയിരുന്നു; സംസ്ഥാനപാതയുടെ നീളം 2011 കിലോമീറ്ററും, രണ്ടായിരമാണ്ടായപ്പോഴേക്ക്‌ ദേശീയപാതകള്‍ 1560.1 കി.മീ. നീളവും സംസ്ഥാനപാതകള്‍ 4113.15 കി.മീ. നീളവുമായി വര്‍ധിച്ചു. കേരളത്തിലെ ഗതാഗത മേഖല ഇന്നും വികസനത്തിന്റെ പാതയിലാണ്‌.
നാഷണല്‍
ഹൈവേകള്‍
1. എന്‍ എച്ച്‌ 47 വാളയാര്‍ - കളിയിക്കാവിള - 421 കി.മീ.
2. എന്‍ എച്ച്‌ 17 തലപ്പാടി - ഇടപ്പള്ളി - 416 കി.മീ.
3. എന്‍ എച്ച്‌ 49 ബോഡിമെട്ട്‌ - കണ്ട്‌ന്നൂര്‍ - 167 കി.മീ.
4. എന്‍ എച്ച്‌ 47 എ കുണ്ടന്നൂര്‍ - വില്ലിംഗ്‌ടണ്‍ ഐലന്റ്‌ - 6 കി.മീ.
5. എന്‍ എച്ച്‌ 47 സി വല്ലാര്‍പ്പാടം - കളമശ്ശേരി - 17 കി.മീ.
6. എന്‍ എച്ച്‌ 208 കൊല്ലം - ചെങ്കോട്ട - 81 കി.മീ.
7. എന്‍ എച്ച്‌ 212 കോഴിക്കോട്‌ - കെള്ളിഗല്‍ 117 കി.മീ.
8. എന്‍ എച്ച്‌ 213 പാലക്കാട്‌ - കോഴിക്കോട്‌ - 125 കി.മീ.
9. എന്‍ എച്ച്‌ 220 കൊല്ലം - തേനി - 190 കി.മീ. 

Email
Feedback
 സഹപാഠി
  രാജാറാം മോഹന്റോയ്
...............................................................................
   സഹോദരന്‍ അയ്യപ്പന്‍
...............................................................................
   രസതന്ത്രത്തിന്റെ ചതുരംഗം
...............................................................................
   ചാര്‍ളി ചാപ്ലിന്‍
...............................................................................
  ജനിതകമാറ്റത്തിന്റെ പിന്നാമ്പുറം
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ഈ കായല്‍ നമുക്കാവശ്യമുണ്ട്
കേരളത്തിലെ പ്രധാനപ്പെട്ട കായലുകളില്‍ ഒന്നാണ് അഷ്ടമുടിക്കായല്‍. വലിപ്പത്തില്‍ ഇതിന് രണ്ടാം സ്ഥാനമുണ്ട്...
 
രമണന്‍ - വീണ്ടും അരങ്ങില്‍  
മലയാളി മലയാളത്തെ സ്‌നേഹിക്കുന്നില്ല  
ചരിത്രപഥങ്ങളില്‍ മായാതെ മരയ്ക്കാര്‍  
മദര്‍തരേസയ്ക്ക് 100 വയസ്  
പേരില്‍ 'ഓണം' പേറുന്ന നാട്  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies