Home കായികം ചരമം പ്രവാസി Photo Gallery
 
സഹപാഠി
DATE : 2010-07-28
കുട്ടനാടിന്റെ കാഴ്‌ചയും ജീവിതവും

കുട്ടനാടിന്റെ ഭൂപ്രകൃതിയും മനുഷ്യജീവിതവുമൊക്കെ ലോകം അറിഞ്ഞത്‌ തകഴി ശിവശങ്കരപ്പിള്ളയുടെ അക്ഷരങ്ങളിലൂടെയാണ്‌. ജീവിതത്തിന്റെ പച്ചയായതും പരുഷമായതുമായ യാഥാര്‍ഥ്യങ്ങളാണ്‌ തകഴി അവതരിപ്പിച്ചത്‌. അതിന്റെ അനുഭവം വായനക്കാരില്‍ അദ്‌ഭുതപ്പെടുത്തുന്ന ഒരു ലോകം സൃഷ്‌ടിച്ചു.
ആദ്യം വായിച്ച തകഴിയുടെ രചന ഏതാണെന്ന ചോദ്യത്തിന്‌ ഉത്തരം തിരഞ്ഞ്‌ ഓര്‍മ്മകളില്‍ പരതേണ്ടി വരുന്നില്ല. കാരണം വായനയെ പിടിച്ചുലയ്‌ക്കുന്ന `വെള്ളപ്പൊക്കത്തില്‍' എന്ന കഥയാണ്‌ ആദ്യം വായിച്ചത്‌. അതിലെ നായയും പ്രകൃതിയുടെ സംഹാരവുമൊക്കെ അയല്‍ ദേശക്കാര്‍ക്കുപോലും മറ്റൊരു ലോകം തുറക്കുന്ന അനുഭവമായിരുന്നു. കഥയുടെ പരമ്പരാഗതമായ എല്ലാ പിന്തുടര്‍ച്ചകളെയും അനുഭവതീഷ്‌ണത കൊണ്ട്‌ ഉടച്ചുവാര്‍ത്ത കഥയായിരുന്നു വെള്ളപ്പൊക്കത്തില്‍. തകഴി ശിവശങ്കരപ്പിള്ള കുട്ടനാട്ടുകാര്‍ക്ക്‌ ഒരു അപൂര്‍വകാഴ്‌ചയായിരുന്നില്ല. അവരുടെ ജീവിതത്തിന്റെ രാപ്പകലുകളിലൂടെ മുറുക്കിചുമപ്പിച്ചു നടക്കുന്ന ഒരു നിത്യസാന്നിധ്യമായിരുന്നു തകഴി. കുട്ടിക്കാലത്ത്‌ നേതാജി ഭാഷാപോഷിണി വായനശാലകളിലും പഠനശാലകളിലും പഞ്ചായത്ത്‌ വായനശാലയിലുമൊക്കെ വന്നുവീഴുന്ന ദിനപ്പത്രങ്ങളിലും വാരികകളിലും തകഴിയെപ്പറ്റി വായിച്ചിരുന്നു. എന്നാല്‍ കൈയെത്തുംദൂരത്തൊന്നും അദ്ദേഹത്തിന്റെ കൃതികള്‍ അന്ന്‌ ലഭ്യമായിരുന്നില്ല. അങ്ങനെയുള്ള ദിനങ്ങളിലൊന്നിലാണ്‌ വെള്ളപ്പൊക്കത്തില്‍ എന്ന കഥ വായിക്കുന്നത്‌. അന്നു രാത്രി മുഴുവന്‍ പത്രങ്ങളിലും വാരികകളിലും കാണുന്ന തനിനാടനായ ആ മനുഷ്യന്‍ ചില്ലറക്കാരനല്ലെന്ന്‌ ബോധ്യമായി. പിന്നെ ചെമ്മീനും കയറും രണ്ടിടങ്ങഴിയുമൊക്കെ തേടിപ്പിടിച്ചു വായിച്ചു. അറുനൂറിലേറെ കഥകളാണ്‌ തകഴി തന്റെ രചനാജീവിതത്തിനിടയില്‍ നമ്മുടെ ഭാഷയ്‌ക്ക്‌ നല്‍കിയത്‌. അവയില്‍ പലതും വായനയുടെ ആദ്യനാളുകളില്‍ തന്നെ വായിക്കാന്‍ കഴിഞ്ഞു.
1984 ല്‍ തകഴിക്ക്‌ ജ്ഞാനപീഠം ലഭിച്ചതോടെ അവിടെ പോകുന്നതും ലോകത്തിനുമുന്നില്‍ ഈ ദേശത്തെ അടയാളപ്പെടുത്തിയ എഴുത്തുകാരനെ കാണുന്നതുമൊക്കെ ഉത്സവം പോലെ കൊണ്ടാടി. അതൊക്കെ പത്രങ്ങളിലൂടെ അറിയുകയും ചെയ്‌തു. എന്നാല്‍ തൊണ്ണൂറുകളുടെ ആദ്യമാണ്‌ തകഴിയില്‍ ഒരു പീടികയുടെ വരാന്തയില്‍ മുറുക്കിച്ചുമപ്പിച്ചിരിക്കുന്ന എഴുത്തുകാരനെ കാണുന്നത്‌. മാധ്യമപ്രവര്‍ത്തകനായ ഉണ്ണി ബാലകൃഷ്‌നോടൊപ്പം ഇരവി കൃഷ്‌ണപിള്ളയെക്കുറിച്ചുള്ള പരമ്പര തയ്യാറാക്കുന്നതിനുവേണ്ടിയുള്ള യാത്രയ്‌ക്കിടയിലാണ്‌ അവിടെ എത്തുന്നത്‌.
തകഴിക്കൊപ്പം ഞങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടിലേക്കു നടന്നു. ഒന്നിച്ചു ഭക്ഷണം കഴിച്ചു. അപ്പോഴൊക്കെ വാക്കുകള്‍ കൊണ്ട്‌ അദ്‌ഭുതലോകം സൃഷ്‌ടിച്ച ആ വിരലുകളിലേക്കാണ്‌ നോക്കിയത്‌. യാതൊരുവിധ അവകാശവാദങ്ങളുമില്ലാതെ, പരിഭവങ്ങളില്ലാതെ സംസാരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നതായിരുന്നു തകഴിയുടെ പ്രകൃതം. ഒരു പക്ഷെ ഇപ്പോഴും തകഴിയിലൂടെ കടന്നുപോകുമ്പോള്‍ ആ വഴികളില്‍ അദ്ദേഹം മുറുക്കിച്ചുമപ്പിച്ചു നില്‍ക്കുന്നതായി തോന്നും. വായനയിലൂടെ തോന്നിയ ഇഷ്‌ടം ഇരട്ടിപ്പിക്കുന്ന സാന്നിധ്യമായിരുന്നു തകഴി ശിവശങ്കരപ്പിള്ളയുടേത്‌.

Email
Feedback
 സഹപാഠി
  രാജാറാം മോഹന്റോയ്
...............................................................................
   സഹോദരന്‍ അയ്യപ്പന്‍
...............................................................................
   രസതന്ത്രത്തിന്റെ ചതുരംഗം
...............................................................................
   ചാര്‍ളി ചാപ്ലിന്‍
...............................................................................
  ജനിതകമാറ്റത്തിന്റെ പിന്നാമ്പുറം
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ഈ കായല്‍ നമുക്കാവശ്യമുണ്ട്
കേരളത്തിലെ പ്രധാനപ്പെട്ട കായലുകളില്‍ ഒന്നാണ് അഷ്ടമുടിക്കായല്‍. വലിപ്പത്തില്‍ ഇതിന് രണ്ടാം സ്ഥാനമുണ്ട്...
 
രമണന്‍ - വീണ്ടും അരങ്ങില്‍  
മലയാളി മലയാളത്തെ സ്‌നേഹിക്കുന്നില്ല  
ചരിത്രപഥങ്ങളില്‍ മായാതെ മരയ്ക്കാര്‍  
മദര്‍തരേസയ്ക്ക് 100 വയസ്  
പേരില്‍ 'ഓണം' പേറുന്ന നാട്  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies