Home കായികം ചരമം പ്രവാസി Photo Gallery
 
സഹപാഠി
DATE : 2010-07-28
മുന്‍ഷി പ്രേംചന്ദ്‌

ഹിന്ദി ഉര്‍ദു ഭാഷകളിലെ സമുന്നതനായ സാഹിത്യകാരനായിരുന്നു മുന്‍ഷി പ്രേംചന്ദ്‌. ഒരു എഴുത്തുകാരന്‍ എന്നതിനോടൊപ്പം പ്രഗത്ഭനായ സംഘാടകനുമായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍, വിശേഷിച്ച്‌ മുപ്പതുകളിലും നാല്‍പ്പതുകളിലും തിളച്ചുമറിയുകയുണ്ടായി. ജീവിതത്തിന്റെ സമസ്‌തമേഖലകളിലും ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഉല്‍ക്കടമായ അഭിനിവേശം പ്രത്യക്ഷമായി. സാഹിത്യകാരന്മാരുടെ ഇടയ്‌ക്കും പുതിയൊരു ഉണര്‍വ്‌ സംജാതമായ കാലഘട്ടമാണത്‌. സാഹിത്യത്തിനു രസിപ്പിക്കുക മാത്രമല്ല, സമൂഹത്തെ പ്രബുദ്ധതയിലേക്കു നയിക്കുക എന്ന ലക്ഷ്യംകൂടി നിറവേറ്റാനുണ്ടെന്ന പുതിയൊരു കാഴ്‌ചപ്പാടിനു പ്രചാരം സിദ്ധിച്ചു. ഇന്ത്യയില്‍ മാത്രമല്ല അഖിലലോകാടിസ്ഥാനത്തില്‍ തന്നെ അങ്ങനെ ഒരാശയം ശക്തിപ്പെട്ടുവരികയുണ്ടായി.
1936 ല്‍ ലോകമെമ്പാടുമുള്ള പുരോഗമനാശയക്കാരായ എഴുത്തുകാര്‍ പാരീസില്‍ സമ്മേളിച്ച്‌ പുതിയ ലോകസാഹചര്യം വിലയിരുത്തി. എഴുത്തുകാരന്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും സമ്മേളനത്തില്‍ ധാരണയായി. റഷ്യന്‍ സാഹിത്യകാരനായ മാക്‌സിം ഗോര്‍ക്കിയാണ്‌ ആ സമ്മേളനത്തിനു നേതൃത്വം നല്‍കിയത്‌. ആ സമ്മേളനത്തില്‍നിന്നു ആവേശം ഉള്‍ക്കൊണ്ട ഇന്ത്യയിലെ പുരോഗമന സാഹിത്യകാരന്മാരുടെ ഒരു സമ്മേളനം ലക്‌നൗവില്‍കൂടി ഭാരതീയ പുരോഗമന സാഹിത്യസംഘടനയ്‌ക്കു രൂപം നല്‍കി. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്‌ ആ സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. ആ സമ്മേളനത്തില്‍ അധ്യക്ഷ്യം വഹിച്ച സാഹിത്യകാരനാണ്‌ മുന്‍ഷി പ്രേംചന്ദ്‌. കമ്മ്യൂണിസ്റ്റ്‌ ആചാര്യനായിരുന്ന കെ ദാമോദരന്‍ ആ സമ്മേളനത്തില്‍ പങ്കെടുത്ത ഏക മലയാളിയാണ്‌.
പ്രേംചന്ദിന്റെ നൂറ്‌ കണക്കിന്‌ ചെറുകഥകളും ഒട്ടേറെ നോവലുകളും അന്നും ഇന്നും ധാരാളമായി വായിക്കപ്പെടുന്നു. പ്രധാന നോവലുകളെല്ലാം ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകളിലും നിരവധി വിദേശ ഭാഷകളിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. പ്രേംചന്ദിന്റെ മാസ്റ്റര്‍പീസ്‌ എന്നു കരുതപ്പെടുന്ന `ഗോദാന്‍' ഇന്ത്യന്‍ കാര്‍ഷിക ജീവിതത്തിന്റെ ദയനീയചിത്രം വരച്ചുകാട്ടുന്ന നോവലാണ്‌. യാതൊരു കൃത്രിമത്വവും കൂടാതെ ലളിതമായ ഭാഷയില്‍ കഥ പറയുന്ന രീതി പ്രേംചന്ദിനെ സാധാരണക്കാര്‍ക്ക്‌ പ്രിയങ്കരനായ എഴുത്തുകാരനാക്കി. പ്രേംചന്ദ്രിന്റെ മിക്ക നോവലുകളിലും പ്രതിഫലിക്കുന്നത്‌ കര്‍ഷകസമൂഹത്തിന്റെ ജീവിതമാണ്‌.
ഗോദാനിലെ പ്രധാന കഥാപാത്രമായ ഹോനി ഒരു ഇടത്തരം കര്‍ഷകനാണ്‌. ഭാര്യ ധനിയ. മൂന്നു സന്താനങ്ങള്‍. മൂത്ത മകന്‍ ഗോബര്‍. ഇളയ രണ്ടുപേര്‍ പെണ്‍കുട്ടികള്‍-സോന, രൂപ. പഴയ തലമുറക്കാരനായ ഹോരിക്ക്‌ സെമീന്ദാര്‍ അമരപാലസിംഹനോട്‌ സ്‌നേഹവും വിശ്വാസവുമാണ്‌. പുതുതലമുറക്കാരനായ ഗോബര്‍ക്ക്‌ അത്‌ ഇഷ്‌ടമാവുന്നില്ല. സ്വന്തമായി ഒരു പശു ഉണ്ടായാല്‍ കുടുംബത്തിലെ ബുദ്ധിമുട്ടുകള്‍ അവസാനിക്കുമെന്നാണ്‌ ഹോരിയുടെ കണക്കുകൂട്ടല്‍. ഭോല ഒരു പശുവിനെ ഹോരിക്കു കടം കൊടുക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ ആ പശു ചതിയില്‍ കൊല്ലപ്പെടുന്നു. ഗോബര്‍, ഭോലയുടെ വിധവയായ മകളെ ഗാന്ധര്‍വവിധിപ്രകാരം വിവാഹം ചെയ്യുന്നു. സ്വന്തം കുടുംബാംഗങ്ങള്‍ക്ക്‌ ആ നടപടി ഇഷ്‌ടമാവില്ലെന്നു സംശയിച്ച്‌ ഗോബര്‍ പട്ടണത്തിലേക്ക്‌ പോയി ഒരു തൊഴിലാളിയായി ജീവിക്കുന്നു. ഗോബറുടെ സാധ്വിയായ അമ്മ ഈ പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്കു വിളിച്ചുകൊണ്ടുവരുന്നു. മൂത്ത മകളുടെ വിവാഹത്തോടെ കൂടുതല്‍ കടക്കാരനായ ഹോരി ഇളയമകളെ സമ്പന്നനായ ഒരു വൃദ്ധനു വിവാഹം കഴിച്ചുകൊടുക്കുന്നു. ദാരിദ്ര്യം ഹോരി എന്ന കൃഷിക്കാരനെ തൊഴിലാളിയാക്കി മാറ്റി. തൊഴിലാളി അതിവേഗം രോഗശയ്യയിലായി. അപ്പോള്‍ ഒരു പുരോഹിതന്‍ വന്നു ഗോദാനം ചെയ്യാന്‍ ഉപദേശിക്കുന്നു. ധനിയ വ്യക്തമാക്കി - അവിടെ പശുവില്ല. പശുക്കിടാവുമില്ല. ഉള്ളതു ഇരുപതു പൈസ മാത്രം.
ഗോദാന്‍ പ്രേംചന്ദിന്റെ ആത്മകഥാംശം കലര്‍ന്നിട്ടുള്ള ഒരു നോവലാണ്‌. പ്രേംചന്ദിന്റെ പല നോവലുകളിലും ഒട്ടേറെ കഥകളിലും കഥാകാരന്റെ വ്യക്തിജീവിതത്തിന്റെ സാന്നിധ്യമുണ്ട്‌. പ്രേംചന്ദ്‌ ആദ്യമെഴുതിയ നോവലാണ്‌ രൂഠീറാണി. ഇതൊരു ചരിത്രാഖ്യായികയാണ്‌. വര്‍ദാന്‍, പ്രേമ അഥവാ പ്രതിജ്ഞ, സേവാസദനം, പ്രേമാശ്രമം, രംഗഭൂമി, ഗബന്‍, കര്‍മഭൂമി തുടങ്ങിയവയാണ്‌ മറ്റു നോവലുകള്‍.
1936 ല്‍ അന്തരിക്കുമ്പോള്‍ അമ്പത്താറ്‌ വയസാണ്‌ പ്രേംചന്ദിനു പ്രായം. ഇന്ത്യയിലെ പ്രമുഖരായ സാഹിത്യനായകരില്‍ ഒരാള്‍ എന്ന നിലയില്‍ അപ്പോഴേക്കും അദ്ദേഹം സര്‍വാദരണീയനായി കഴിഞ്ഞിരുന്നു. പ്രേംചന്ദ്‌ എന്നത്‌ തൂലികാനാമമാണ്‌. ധനപതിറായി എന്നാണ്‌ യഥാര്‍ഥപേര്‌. 1880 ജൂലൈ 30ന്‌ ബനാറസിനടുത്ത്‌ ലംഹി എന്ന ഗ്രാമത്തില്‍ ധനപതിറായി ജനിച്ചു. അച്ഛന്‍ അജായബ്ലാല്‍ പോസ്റ്റ്‌ ഓഫീസില്‍ ക്ലര്‍ക്കായിരുന്നു. അദ്ദേഹം ചെറിയതോതില്‍ കൃഷിയും നടത്തിയിരുന്നു. അന്നാട്ടില്‍ ക്ലര്‍ക്കിനെ മുന്‍ഷി എന്നും വിളിക്കുമായിരുന്നു. അച്ഛന്റെ ആ ഉദ്യോഗപേര്‌ മകനു പകര്‍ന്നുകിട്ടി. അങ്ങനെയാണ്‌ എഴുത്തുകാരന്‍ മുന്‍ഷി പ്രേംചന്ദ്‌ ആയത്‌. ദാരിദ്ര്യവും അസമാധാനവും വിട്ടൊഴിയാത്തതായിരുന്നു പ്രേംചന്ദിന്റെ കുടുംബ പശ്ചാത്തലം. പ്രേംചന്ദിനു ഏഴുവയസുള്ളപ്പോള്‍ അമ്മ മരിച്ചു. അച്‌ഛന്‍ മറ്റൊരു സ്‌ത്രീയെ വിവാഹം ചെയ്‌തു. മകന്റെ കാര്യത്തില്‍ അച്‌ഛന്റെ ശ്രദ്ധകുറഞ്ഞു. ചിറ്റമ്മയുടെ ക്രൂരത പ്രേംചന്ദിന്റെ ജീവിതത്തെ നാള്‍ക്കുനാള്‍ ദുരിതമയമാക്കി.
പ്രേംചന്ദിനു പഠിച്ചുയരുവാനുള്ള ആഗ്രഹം തീവ്രമായിരുന്നെങ്കിലും സാഹചര്യം പ്രതികൂലമായിരുന്നു. വല്ലവിധേനയും മെട്രിക്കുലേഷന്‍ പാസായി. എം എ ബിരുദവും നിയമബിരുദവും നേടി ഒരു വക്കീലാകണമെന്നായിരുന്നു പ്രേംചന്ദ്‌ ആഗ്രഹിച്ചത്‌. പക്ഷേ, ധനസ്ഥിതി മോശമായിരുന്നതുകൊണ്ട്‌ അത്‌ നടന്നില്ല. ആഗ്രഹിച്ചതല്ലെങ്കിലും ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപകന്റെ ജോലി തരപ്പെട്ടപ്പോള്‍ പ്രേംചന്ദ്‌ അത്‌ സ്വീകരിച്ചു. വീട്ടു ചെലവു മുഴുവന്‍ വഹിച്ചിരുന്ന പ്രേംചന്ദിനു അത്‌ ചെറിയ ആശ്വാസമായി. ചിററമ്മയുടെ ചില സഹോദരന്‍മാര്‍ കൂടിവന്ന്‌ ഒപ്പം താമസമായപ്പോള്‍ വീണ്ടും പ്രാരബ്‌ധം താങ്ങാന്‍ കഴിയാതായി. ഇതിനിടയ്‌ക്ക്‌ സ്വകാര്യമായി പഠിച്ച്‌ രണ്ടു പ്രാവശ്യം ഇന്റര്‍മീഡിയറ്റിന്‌ എഴുതി എങ്കിലും ഗണിതശാസ്‌ത്രം ഒരു കീറാമുട്ടി ആയിരുന്നതുകൊണ്ട്‌ കടന്നുകൂടുവാന്‍ കഴിഞ്ഞില്ല.
ധനപതിറായി ആദ്യം സ്വീകരിച്ച തൂലികാനാമമായിരുന്നില്ല പ്രേംചന്ദ്‌ എന്നത്‌. നവാബ്‌റായി എന്ന പേരിലാണ്‌ എഴുതിതുടങ്ങിയത്‌. നവാബ്‌ റായിയുടെ പല കഥകളിലും ബ്രിട്ടീഷ്‌ വിരുദ്ധാശയങ്ങള്‍ മണത്തറിഞ്ഞ അധികാരികള്‍ കഥകള്‍ക്ക്‌ വിധ്വംസക സ്വഭാവമുണ്ടെന്നു കണ്ടു പിടിക്കുകയും പുസ്‌തകങ്ങള്‍ കണ്ടു കെട്ടുകയും ചെയ്‌തു; അത്തരം കഥകള്‍ മേലാല്‍ എഴുതരുതെന്നു പ്രേംചന്ദിനെ താക്കീതുചെയ്‌തു. ഈ സാഹചര്യത്തില്‍ പുതിയൊരു തൂലികനാമം അനിവാര്യമായി. അങ്ങനെയാണ്‌ പ്രേംചന്ദ്‌ എന്ന സാഹിത്യകാരന്റെ പിറവി. നവാബ്‌ റായി വായനക്കാര്‍ക്കിടയില്‍ നന്നായി പ്രചരിച്ചുകഴിഞ്ഞശേഷം ആ പേര്‌ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായപ്പോള്‍ എഴുത്തുകാരനു സ്വാഭാവികമായും കടുത്ത വ്യസനം തോന്നി. അതിവേഗം പ്രേംചന്ദ്‌ പ്രശസ്‌തനായപ്പോള്‍ ആ ദുഃഖം താനേ ഒഴിഞ്ഞുപോവുകയും ചെയ്‌തു.
അന്നത്തെ നാട്ടു നടപ്പനുസരിച്ച്‌ യൗവനാരംഭത്തില്‍ തന്നെ പ്രേംചന്ദ്‌ വിവാഹിതനായി. വധു ഒരു പതിനാലു വയസുകാരി. ഉള്ള സൈ്വരംകൂടി നഷ്‌ടപ്പെടുത്തുന്നതായിരുന്നു വിവാഹ ജീവിതം. അമ്മായി അമ്മയും മരുമകളും തമ്മിലുള്ള പോരാട്ടങ്ങളുടെ വേദിയായി പ്രേംചന്ദിന്റെ ഭവനം. പ്രേംചന്ദ്‌ നിസഹായനായിരുന്നു. ഒരു സുപ്രഭാതത്തില്‍ പ്രേംചന്ദിന്റെ വധു അവരുടെ വീട്ടിലേക്കു പോയി. ചിറ്റമ്മ പ്രേംചന്ദിനെ പുനര്‍വിവാഹത്തിനു നിര്‍ബന്ധിച്ചു തുടങ്ങി. ഒടുവില്‍ പ്രേംചന്ദ്‌ വഴങ്ങാന്‍ തീരുമാനിച്ചു. താന്‍ വിവാഹം കഴിക്കുക വിധവയായ ഒരു സ്‌ത്രീയെ ആയിരിക്കുമെന്നു പ്രേംചന്ദ്‌ വ്യക്തമാക്കി. കുട്ടിക്കാലത്തുതന്നെ വിധവയായിത്തീര്‍ന്ന ശിവറാണീദേവി പ്രേംചന്ദിന്റെ വധുവായി. എല്ലാ മാസവും പ്രേംചന്ദ്‌ ആദ്യവധുവിന്‌ ഒരു നിശ്ചിത തുക അയച്ചുകൊടുത്തിരുന്നു.
ചിറ്റമ്മയും ശിവറാണീ ദേവിയും തമ്മിലുള്ള പോരുകള്‍ ആരംഭിച്ചു. അതു രൂക്ഷമായി മാറി. ഫലപ്രദമായി ഇടപെടാനോ പ്രശ്‌നപരിഹാരം കാണാനോ പ്രേംചന്ദ്‌ പ്രാപ്‌തനായില്ല. ശിവറാണീദേവി ഇടയ്‌ക്കിടെ പിതൃഗൃഹത്തില്‍ പോയി നില്‍ക്കാന്‍ തുടങ്ങി. പത്തുമാസം പിതൃഗൃഹത്തിലും രണ്ടു മാസം ഭര്‍തൃഗൃഹത്തിലും എന്ന നിലവരെ എത്തി. അതിനെച്ചൊല്ലി വധൂവരന്‍മാര്‍ തമ്മില്‍ വാദപ്രതിവാദങ്ങള്‍ നടന്നു. ഒടുവില്‍ പരസ്‌പരം തിരിച്ചറിഞ്ഞ്‌, സ്‌നേഹം കൊണ്ടു ബന്ധിക്കപ്പെട്ട നല്ലൊരു കുടുംബജീവിതത്തിനു ഇരുവരും സന്നദ്ധരായി. സന്താനങ്ങള്‍ പിറന്നതോടെ ആ ബന്ധം ഒന്നുകൂടി ദൃഢമായി. പ്രേംചന്ദിന്റെ സാഹിത്യം ശിവറാണീദേവി വായിച്ചാസ്വദിച്ചു. പ്രേംചന്ദിന്റെ കഥകളുടെ സ്വാധീനം അവരുടെ വ്യക്തിത്വത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്‌ടിച്ചു. പതുക്കെപ്പതുക്കെ അവരൊരു എഴുത്തുകാരിയായി മാറുകയുണ്ടായി. `പ്രേംചന്ദ്‌ ഘര്‍മേ' എന്ന പേരില്‍ പ്രേംചന്ദിനെക്കുറിച്ചുള്ള ഒരു ജീവചരിത്രം അവര്‍ എഴുതിയിട്ടുണ്ട്‌.

Email
Feedback
 സഹപാഠി
  രാജാറാം മോഹന്റോയ്
...............................................................................
   സഹോദരന്‍ അയ്യപ്പന്‍
...............................................................................
   രസതന്ത്രത്തിന്റെ ചതുരംഗം
...............................................................................
   ചാര്‍ളി ചാപ്ലിന്‍
...............................................................................
  ജനിതകമാറ്റത്തിന്റെ പിന്നാമ്പുറം
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ഈ കായല്‍ നമുക്കാവശ്യമുണ്ട്
കേരളത്തിലെ പ്രധാനപ്പെട്ട കായലുകളില്‍ ഒന്നാണ് അഷ്ടമുടിക്കായല്‍. വലിപ്പത്തില്‍ ഇതിന് രണ്ടാം സ്ഥാനമുണ്ട്...
 
രമണന്‍ - വീണ്ടും അരങ്ങില്‍  
മലയാളി മലയാളത്തെ സ്‌നേഹിക്കുന്നില്ല  
ചരിത്രപഥങ്ങളില്‍ മായാതെ മരയ്ക്കാര്‍  
മദര്‍തരേസയ്ക്ക് 100 വയസ്  
പേരില്‍ 'ഓണം' പേറുന്ന നാട്  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies