പി കേശവദേവ്
ആധുനിക മലയാളസാഹിത്യത്തിന് പുതിയൊരു ഭാവുകത്വം പകര്‍ന്ന എഴുത്തുകാരനാണ് പി കേശവദേവ്. കൊല്ലം ജില്ലയില്‍ പരവൂറിലെ നല്ലേടത്തുവീട്ടില്‍ 1905 ജൂലൈ 20 നാണ് കേശവദേവ് ജനിച്ചത്. ദേശത്ത് കൊച്ചുവീട്ടില്‍ പപ്പുപിള്ളയാണ് അച്ഛന്‍. പരവൂരില്‍ നല്ലേടത്ത് കാര്‍ത്ത്യായനിയമ്മയാണ് അമ്മ. കുടുംബത്തിലെ ദാരിദ്ര്യം കാരണം ഏഴാം ക്ലാസില്‍ പഠിപ്പുനിര്‍ത്തേണ്ടിവന്നു. എങ്കിലും സ്വന്തമായി പ്രയത്‌നിച്ച് മലയാളവും ഇംഗ്ലീഷും നന്നായി വശമാക്കി.
സാഹിത്യ രംഗത്ത് സ്വന്തമായ ഇടം സൃഷ്‌ടിച്ച കേശവദേവ് പിന്നീട് സ്വദേശാഭിമാനി, രാജഭാരതം, പ്രതിദിനം, മഹാത്മാ എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി. സാഹിത്യത്തില്‍ നവോത്ഥാന പ്രവണതകള്‍ക്ക് നേതൃത്വം നല്‍കി. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ആകാശവാണിയില്‍ പ്രൊഡ്യൂസറായും ജോലി നോക്കിയിട്ടുണ്ട്.
കേശവദേവിന്റെ ആദ്യത്തെ നോവലാണ് `ഓടയില്‍ നിന്ന്.' `അയല്‍ക്കാര്‍' എന്ന നോവലിന് 1964 ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. `എതിര്‍പ്പ്' ആത്മകഥയാണ്. റൗഡി, ഭ്രാന്താലയം, നടി, കണ്ണാടി, ദ്രോഹി, ഒരു സുന്ദരിയുടെ ആത്മകഥ തുടങ്ങിയ നോവലുകളും സ്വര്‍ഗത്തില്‍ ഒരു ചെകുത്താന്‍, മുതലപ്പാറു, ജീവിതചക്രം, പ്രേമിക്കാന്‍ നേരമില്ല തുടങ്ങിയ കഥാസമാഹാരങ്ങളും ഞാനിപ്പക്കമ്മ്യൂണിസ്റ്റാകും, തറവാട്, മുന്നോട്ട്, തസ്‌കരസംഘം തുടങ്ങിയ നാടകങ്ങളും ജീവിതവീക്ഷണം, എനിക്കു തോന്നുന്നത് തുടങ്ങിയ ലേഖന സമാഹാരങ്ങളും റഷ്യയുടെ കാമുകന്‍ എന്ന നിരൂപണകൃതിയും ഉള്‍പ്പെടെ എണ്‍പതോളം കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഭാര്യ സീതാലക്ഷ്‌മിദേവും എഴുത്തുകാരിയാണ്. 1983 ജൂലൈ 1 ന് കേശവദേവ് അന്തരിച്ചു.
എഡ്‌മണ്ട് ഹിലാരി
ലോകത്തെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ നെറുകയില്‍ ആദ്യമായി കാലുകുത്തിയത് എഡ്‌മണ്ട് ഹിലാരിയും ടെന്‍സിങ് നോര്‍ഗെയുമാണ്.
1919 ജൂലൈ 20 ന് ന്യൂസിലന്‍ഡിലെ ഓക്ക്‌ലന്‍ഡിലാണ് ഹിലാരി ജനിച്ചത്. സാഹസിക കഥകള്‍ വായിച്ച് ആവേശംകൊണ്ട ബാല്യമാണ് ഹിലാരിയുടേത്. ജന്മനാടിനടുത്തുള്ള ഒരു ദ്വീപ് സന്ദര്‍ശിച്ചപ്പോഴാണ് പര്‍വതാരോഹണത്തില്‍ താല്‍പര്യം തുടങ്ങിയത്.
1939 ല്‍ ഹിലാരി ആല്‍പ്‌സ് പര്‍വതം കീഴടക്കി. 1950 ല്‍ ആല്‍പ്‌സ് പര്‍വതത്തിലെ അഞ്ചുകൊടുമുടികളില്‍ കാലുകുത്തി. 1951 ല്‍ മധ്യഹിമാലയത്തില്‍ പര്യവേക്ഷണത്തില്‍ ഏര്‍പ്പെട്ടിരുന്ന ന്യൂസിലാന്‍ഡ് സംഘത്തില്‍ അംഗമായി. അതേവര്‍ഷം തന്നെ ബ്രിട്ടീഷ് പര്‍വതാരോഹണ സംഘത്തിലും അംഗമായി കേണല്‍ ജോണ്‍ ഹണ്ടിന്റെ നേതൃത്വത്തിലുള്ള ഈ ബ്രിട്ടീഷ് സംഘത്തിലെ അംഗമായാണ് എഡ്‌മണ്ട് ഹിലാരിയും നേപ്പാളിലെ ഷെര്‍പ്പവംശത്തില്‍പെട്ട ടെന്‍സിങ് നോര്‍ഗെയും 1953 മെയ് 29 ന് എവറസ്റ്റു കൊടുമുടിയുടെ നെറുകയിലെത്തിയത്. 1967 ല്‍ ദക്ഷിണധ്രുവത്തിലെ മൗണ്ട് ഹെന്‍ഷന്‍ കീഴടക്കുന്ന ആദ്യ മനുഷ്യനും ഹിലാരിയാണ്. 2008 ജനുവരി 11 ന് എഡ്‌മണ്ട് ഹിലാരി അന്തരിച്ചു. മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നല്‍കി ഭാരതം അദ്ദേഹത്തെ ആദരിച്ചു.
ഏണസ്റ്റ് ഹെമിങ്‌വേ
ഇരുപതാം നുറ്റാണ്ടിലെ വിശ്വവിശ്രുതരായ സാഹിത്യകാരന്മാരില്‍ മുന്‍നിരക്കാരനായ അമേരിക്കന്‍ നോവലിസ്റ്റും നോബല്‍ സമ്മാന ജേതാവുമാണ് ഏണസ്റ്റ് മില്ലര്‍ ഹേമിങ്‌്‌വേ.
1859 ജൂലൈ 21 ന് അമേരിക്കയിലെ ഇല്ലിനോയിയിലെ ഓക്‌പാര്‍ക്കിലാണ് ജനനം. ഡോക്‌ടറായ ക്ലാരന്‍സ് എഡ്‌മണ്ട് ഹെമിങ്‌വേ പിതാവും ഗ്രേസ് ഹാള്‍ മാതാവുമാണ്. ജാക്‌പാര്‍ക്കിലെ പബ്ലിക് സ്‌കൂളിലാണ് വിദ്യാഭ്യാസം.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ `ട്രപ്പീസ്' വാരികയുടെ സഹപത്രാധിപരായി. തുടര്‍ന്ന്, കാന്‍സാസ് സിറ്റിസ്റ്റാര്‍ പത്രത്തില്‍ ജോലി നോക്കി. ആറുമാസത്തിനുശേഷം രാജിവച്ച് അമേരിക്കന്‍ ആംബുലന്‍സ് യൂണിറ്റില്‍ ചേര്‍ന്നു. ഒന്നാം ലോക മഹായുദ്ധകാലത്ത് ഇറ്റാലിയന്‍ യുദ്ധമുന്നണിയില്‍ വെച്ച് ഗുതുതരമായി പരുക്കേറ്റു. യുദ്ധാനന്തരം ഷിക്കാഗോയില്‍ പത്രപ്രവര്‍ത്തകനായി.
1921 ല്‍ പാരീസിലെത്തിയ ഹെമിങ്‌വേ - `ടൊറന്റോ സ്റ്റാര്‍' പത്രത്തിന്റെ ലേഖകനായി. ഗ്രീസും തുര്‍ക്കിയും തമ്മിലുള്ള യുദ്ധം റിപ്പോര്‍ട്ടു ചെയ്യാന്‍ ഗ്രീസില്‍ പോയി. രണ്ടാം ലോകമഹായുദ്ധക്കാലത്ത് അമേരിക്കയുടെ രഹസ്യറിപ്പോര്‍ട്ടറായി.
ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദ സീ എന്ന നോവലിന് 1953 ല്‍ പുലിത്‌സര്‍ സമ്മാനവും 1954 ല്‍ നോബല്‍ സമ്മാനവും ലഭിച്ചു. എ ഫെയര്‍വെല്‍ ടു ആംസ്, ഡത്ത് ഇന്‍ ദ ആഫ്‌റ്റര്‍ നൂണ്‍, ഫോര്‍ ഹൂം ദി ബെല്‍ ടോള്‍സ്, ദി ഗ്രീന്‍ ഹില്‍സ് ഓഫ് ആഫ്രിക്ക തുടങ്ങിയവയാണ് ഹെമിങ്‌വേയുടെ വിഖ്യാത കൃതികള്‍.
ഗ്രിഗര്‍ യോഹാന്‍ മെന്‍ഡല്‍
വംശബന്ധമുള്ള ജീവികളുടെ പാരമ്പര്യത്തേയും വ്യതിയാനങ്ങളേയും കുറിച്ച് പഠിക്കുന്ന ശാസ്‌ത്രശാഖയായ ജനിതക ശാസ്‌ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ശാസ്‌ത്രജ്ഞനാണ് ഗ്രിഗര്‍ മെന്‍ഡല്‍.
ഇന്ന് ചെക്ക് റിപ്പബ്ലിക്കില്‍ ഉള്‍പ്പെടുന്ന പഴയ ഓസ്‌ട്രിയയിലെ ഹൈന്‍സെന്‍ ഡോര്‍ഫ് പട്ടണത്തിലെ മൊറേവിയയില്‍ 1922 ജൂലൈ 22 ന് ഗ്രിഗര്‍ മെന്‍ഡല്‍ ജനിച്ചു. പിതാവ് ഒരു ദരിദ്രകര്‍ഷകനായിരുന്നു. കാര്‍ഷിക വൃത്തിയില്‍ പിതാവിനെ സഹായിച്ചിരുന്ന ഗ്രിഗര്‍ മെന്‍ഡലിന്റെ പ്രാഥമിക വിദ്യാഭ്യാസംപോലും വളരെ ബുദ്ധിമുട്ടിയാണ് നടന്നത്. ജോലി ചെയ്‌താണ് പഠിപ്പിനുള്ള പണമുണ്ടാക്കിയത്. സ്ഥിരോല്‍സാഹിയായ അദ്ദേഹം ഓള്‍മൂസ് സര്‍വകലാശാലയില്‍ നിന്ന് തത്ത്വശാസ്‌ത്രത്തില്‍ ബിരുദമെടുത്തു.
ജീവിവര്‍ഗങ്ങളില്‍ തലമുറകളില്‍ നിന്ന് തലമുറകളിലേയ്‌ക്ക് പാരമ്പര്യ ഗുണങ്ങള്‍ സംക്രമിക്കുന്നതെങ്ങനെയാണെന്ന് അദ്ദേഹം കണ്ടെത്തി. എട്ട് വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കുശേഷം 1866 ല്‍ അദ്ദേഹം തന്റെ കണ്ടെത്തലുകള്‍ പ്രബന്ധം രൂപത്തില്‍ പുറത്തിറക്കി. 1884 ജനുവരി 6 ന് ഗ്രിഗര്‍ മെന്‍ഡല്‍ അന്തരിച്ചു.
ബാലഗംഗാധര തിലകന്‍
നവഭാരത ശില്‍പികളില്‍ പ്രമുഖനും കോണ്‍ഗ്രസിലെ തീവ്രവാദി നേതാവുമായിരുന്നു ബാലഗംഗാധര തിലകന്‍. മഹാരാഷ്‌ട്രയിലെ രത്‌നഗിരി ജില്ലയിലെ ഒരു യാഥാസ്ഥിക ബ്രാഹ്മണ കുടുംബത്തില്‍ 1856 ജൂലൈ 23 ന് ജനനം. അച്ഛന്‍ രാമചന്ദ്ര തിലകനും അമ്മ പാര്‍വതീ ദേവിയുമാണ്. പൂനയിലെ ആംഗ്ലോ വെര്‍ണാക്കുലര്‍ സ്‌കൂള്‍, ഡെക്കാണ്‍ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സ്‌കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ തിലകന് അച്ഛനും അമ്മയും നഷ്‌ടപ്പെട്ടു. പിന്നീട് ഇളയച്ഛനും ഇളയമ്മയുമാണ് തുണയേകിയത്.
1876 ല്‍ ഗണിതശാസ്‌ത്രത്തില്‍ ബിരുദവും 1879 ല്‍ നിയമബിരുദവും നേടി. അഭിഭാഷകനായി പ്രാക്‌ടീസ് തുടങ്ങി ബാലഗംഗാധരതിലകന്‍ പിന്നീട് കോളേജ് അധ്യാപകനായി. ധാരാളം സ്‌കൂളുകളും കോളേജുകളും സ്ഥാപിക്കാന്‍ തിലകന്‍ നേതൃത്വം നല്‍കി. ഇംഗ്ലീഷില്‍ `മറാത്ത' എന്ന പത്രവും മറാത്തിയില്‍ `കേസരി' എന്ന പത്രവും തുടങ്ങി. ഈ പ്രസിദ്ധീകരണങ്ങളിലെ ചില ലേഖനങ്ങളുടെ പേരില്‍ ജയിലില്‍ കിടക്കേണ്ടതായും വന്നിട്ടുണ്ട്.
1889 ലാണ് തിലകന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങിയത്. 1894 ല്‍ ബോംബെ സര്‍വകലാശാലാ സെനറ്റംഗമായി. 1895 ല്‍ ബോംബെ നിയമസഭാംഗമായി. 1998 ല്‍ ബ്രിട്ടീഷുകാര്‍ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടച്ചു. ഈ ജയില്‍ വാസത്തിനിടയിലാണ് `ഗീതാരഹസ്യം' രചിച്ചത്. ആറു വര്‍ഷത്തിനുശേഷമാണ് ജയില്‍ മോചിതനായത്. 1916 ല്‍ ആനിബസന്റുമൊത്ത് ഹോംറൂള്‍ ലീഗ് രൂപീകരിച്ച് ഇന്ത്യയുടെ സ്വയം ഭരണത്തിന് പരിശ്രമിച്ചു. 1918 ല്‍ ഒന്നാം ലോക മഹായുദ്ധകാലത്തെ ഗാന്ധിജിയുടെ ബ്രിട്ടീഷ് അനുകൂല നിലപാടിനോട് തിലകന് ഒട്ടും യോജിക്കാനായില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല. `സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്' എന്നു പ്രഖ്യാപിച്ച ബാലഗംഗാധര തിലകന്‍ 1920 ഓഗസ്റ്റ് 1 ന് അന്തരിച്ചു.
ഹെന്റി ഫോര്‍ഡ്
മോട്ടോര്‍ വാഹന നിര്‍മാണ രംഗത്ത് ഇന്ന് കാണുന്ന രീതിയിലുള്ള പുരോഗതിക്ക് തുടക്കം കുറിച്ച വ്യക്തിയും ലോക പ്രസിദ്ധമായ ഫോര്‍ഡ് കമ്പനിയുടെ ഉടമയുമായിരുന്നു ഹെന്റി ഫോര്‍ഡ്.
അമേരിക്കയിലെ മിഷിഗണിലെ ഡിയര്‍ ബോണില്‍ 1963 ജൂലൈ 30 ന് ജനനം. കുട്ടിക്കാലം മുതലേ യന്ത്രങ്ങളോട് വല്ലാത്ത കൗതുകമായിരുന്നു. മകനെ കര്‍ഷകനാക്കണമെന്നാണ് പിതാവ് ആഗ്രഹിച്ചത്. അതിനു തയ്യാറാകാതെ ഫോര്‍ഡ് 16-ാം വയസ്സില്‍ നാടുവിട്ടുപോയി. മിഷിഗണിലെ പ്രധാന നഗരമായ ഡിട്രോയിറ്റിലെത്തി ആവിയന്ത്രക്കമ്പനിയില്‍ ഒരു ജോലിതരപ്പെടുത്തി. പല പല യന്ത്രശാലകളില്‍ ജോലി ചെയ്‌ത് പലതരം യന്ത്രങ്ങളുടെ നിര്‍മാണം പരിചയിച്ചു.
ഇരുപതാം നൂറ്റാണ്ടിന്റെ വാഹനം കാറാണെന്ന് മനസ്സിലാക്കിയ ഹെന്റി ഫോര്‍ഡ് 1903 ല്‍ ഫോര്‍ഡ് മോട്ടോര്‍ കമ്പനി ആരംഭിച്ചു. വില കുറഞ്ഞ കാറുകള്‍ നിര്‍മിച്ച് ശ്രദ്ധേയനായി. 1908 ഒക്‌ടോബറില്‍ ഫോര്‍ഡ് കമ്പനി, `മോഡല്‍ ടി' എന്ന പേരില്‍ കാര്‍ പുറത്തിറക്കി. കാര്‍ വിപണിയില്‍ ഇന്ന് നിലവിലുള്ള ഡീലര്‍ - ഫ്രാഞ്ചെസി സമ്പ്രദായം ഫോര്‍ഡിന്റെ സംഭാവനയാണ്. ഓട്ടോ മൊബൈലില്‍ അംസബ്ലി ലൈന്‍ ആദ്യം ഉപയോഗിച്ചതും ഫോര്‍ഡ് കമ്പനിയാണ്. പിന്നീട് ഫോര്‍ഡ് `മോഡല്‍ എ' കാറുകള്‍ പുറത്തിറക്കി.
ഒന്നാം ലോക മഹായുദ്ധകാലത്ത് ബി 24 ബോംബര്‍ വിമാനങ്ങളുടേയും ജീപ്പുകളുടേയും ട്രക്കുകളുടേയും ആംബുലന്‍സുകളുടേയും നിര്‍മാണരംഗത്തിറങ്ങി. 33 രാജ്യങ്ങളില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. തന്റെ സമ്പാദ്യത്തിന്റെ നല്ലൊരുപങ്ക് ഫോര്‍ഡ് ജനസേവനത്തിനായി ചെലവഴിച്ചു. കാര്‍ വ്യവസായരംഗം അടക്കിവാണ ഹെന്റി ഫോര്‍ഡ് 1947 ഏപ്രില്‍ 7 ന് അന്തരിച്ചു. |