കൂട്ടുകാരേ,
നമുക്ക് ചുറ്റുമുള്ള പ്രകൃതിയെ നിരീക്ഷിക്കുകയാണെങ്കില്‍ ഒരു കാര്യം നമുക്ക് മനസ്സിലാകും-
``എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും
അവിടെല്ലാം മാറ്റങ്ങള്‍ മാത്രമത്രേ''
ചില മാറ്റങ്ങള്‍ വേഗത്തില്‍ നടക്കുന്നു. മറ്റു ചിലത് സാവധാനത്തിലും. ചില മാറ്റങ്ങള്‍ താല്‍കാലികം. മറ്റു ചിലത് സ്ഥിരം. അങ്ങനെ മാറ്റങ്ങള്‍ പലവിധം. അവയെ നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും വര്‍ഗീകരിക്കുകയും ചെയ്യുക എന്നുള്ളത് ശാസ്‌ത്രപഠനത്തിന്റെ ഭാഗമാണ്.
പ്രപഞ്ചത്തിന്റെ സത്ത മാറ്റമാണ്. പ്രകൃതിയെ മനോഹരമാക്കുന്നതും ജീവന്‍ നിലനിര്‍ത്തുന്നതും ജീവിതം സുഖപ്രദമോ അസഹനീയമോ ഒക്കെ ആക്കിത്തീര്‍ക്കുന്നതും മാറ്റങ്ങളാണ്. മാറ്റമില്ലാത്ത ചുറ്റുപാടുകള്‍ വിരസമാണ്. പ്രപഞ്ചം സദാ മാറിക്കൊണ്ടിരിക്കുകയാണ്. പ്രപഞ്ചത്തിലെ മാറ്റങ്ങള്‍ നിലനില്‍പ്പിന്റെ അടിസ്ഥാനമാണ്.
നമുക്ക് ചുറ്റും നടക്കുന്ന മാറ്റങ്ങളെ സ്വന്തം ജീവിതപരിസരത്ത് നിന്ന് വീക്ഷിച്ചാല്‍ അവയില്‍ ചില മാറ്റങ്ങള്‍ താല്‍ക്കാലികമാണെന്നും മറ്റ് ചിലവ സ്ഥിരമായിട്ടുള്ളതാണെന്നും കാണാം. താല്‍ക്കാലിക മാറ്റം സംഭവിക്കുമ്പോള്‍ ഒരു വസ്‌തുവിന്റെ ഭൗതിക ഗുണങ്ങളില്‍ മാത്രമാണ് മാറ്റമുണ്ടാകുന്നത്. സ്ഥിരമായ മാറ്റങ്ങളില്‍പ്പെടുന്നവയാണ് രാസമാറ്റങ്ങള്‍. ഒരു രാസമാറ്റം നടക്കുമ്പോള്‍ പദാര്‍ഥത്തിന്റെ ഘടനയ്‌ക്ക് തന്നെ വ്യതിയാനം സംഭവിച്ച് പുതിയ പദാര്‍ഥങ്ങള്‍ ഉണ്ടാകുന്നു. ഇത്തരം രാസമാറ്റങ്ങളാണ് ഈ പ്രപഞ്ചത്തിന്റെയും ഭൂമിയുടേയും നിലനില്‍പ്പിന് ആധാരം. ഈ ഭൂമിയില്‍ ജീവന്‍ ഉണ്ടായതുതന്നെ കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍, നൈട്രജന്‍ എന്നീ മൂലകങ്ങള്‍ ചേര്‍ന്നുള്ള രാസപ്രവര്‍ത്തനത്തിന്റെ ഫലമായാണ്.
സൂര്യനില്‍ നടക്കുന്ന രാസമാറ്റത്തിന്റെ ഫലമായാണ് നമുക്ക് ചൂടും വെളിച്ചവും ലഭിക്കുന്നത്. സൂര്യപ്രകാശം ഉപയോഗിച്ച് ഹരിതസസ്യങ്ങള്‍ വീണ്ടും ഒരു രാസമാറ്റത്തിലൂടെ അന്നജം അഥവാ ആഹാരം പാചകം ചെയ്യുന്നു. ഹരിതസസ്യങ്ങള്‍ നിര്‍മിക്കുന്ന ഈ അന്നജം മറ്റു ജീവികള്‍ ആഹാരമാക്കുന്നു. ഈ ആഹാരം വിവിധങ്ങളായ ദഹന പ്രക്രിയകളിലൂടെ മാറ്റങ്ങള്‍ക്ക് വിധേയമായി ഊര്‍ജമായി മാറുന്നു. ഈ ഊര്‍ജമാണ് ഓടാനും ചാടാനും കളിക്കാനും ചിന്തിക്കാനും പഠിക്കാനും ഒക്കെ നമ്മെ സഹായിക്കുന്നത്.
രാസമാറ്റങ്ങളെ പിന്‍തുടര്‍ന്ന് നടക്കുന്ന ഊര്‍ജമാറ്റങ്ങള്‍ നിത്യജീവിതത്തില്‍ അനേകം സന്ദര്‍ഭങ്ങളില്‍ നാം ഉപയോഗപ്പെടുത്തുന്നു. സെല്ലുകള്‍ ഉപയോഗിച്ച് നാം രാസപ്രവര്‍ത്തനത്തിലൂടെ വൈദ്യുതി നിര്‍മിക്കുന്നു. ഈ വൈദ്യുതോര്‍ജം നിരവധി ഇലക്‌ട്രോണിക്, ഇലക്‌ട്രിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇന്ധനങ്ങള്‍ കത്തിയുണ്ടാകുന്ന താപോര്‍ജം വൈദ്യുതി നിര്‍മിക്കാനും യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും ഉപയോഗിക്കുന്നു. പ്രകാശോര്‍ജം ആഗിരണം ചെയ്‌തു നടക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഫോട്ടോഗ്രാഫിയില്‍ നമ്മെ സഹായിക്കുന്നത്. അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിന് പോലും രാസമാറ്റങ്ങളിലൂടെ നടക്കുന്ന ഊര്‍ജമാറ്റത്തെയാണ് നാം ആശ്രയിക്കുന്നത്.
ആകാശത്തും വൈദ്യുത രാസപ്രവര്‍ത്തനം നടക്കുന്നുണ്ട്. ഇടിമിന്നലുണ്ടാകുമ്പോള്‍ ഉന്നത വോള്‍ട്ടേജിലുള്ള വൈദ്യുത പ്രവാഹം അന്തരീക്ഷത്തിലൂടെ കടന്നുപോകുന്നു. അപ്പോള്‍ അന്തരീക്ഷവായുവിലുള്ള നൈട്രജനും ഓക്‌സിജനും സംയോജിച്ച് നൈട്രജന്‍ ഡയോക്‌സൈഡായി മാറുന്നു. ഇത് മഴവെള്ളത്തില്‍ ലയിച്ച് ഭൂമിയില്‍ എത്തുന്നു. ചെടികള്‍ മണ്ണില്‍ നിന്നും ഈ നൈട്രജന്‍ വലിച്ചെടുക്കുന്നു. അന്തരീക്ഷത്തിലെ നൈട്രജന്‍ ചെടികള്‍ക്ക് ഉപയോഗിക്കാനാകുന്നത് ഈ വൈദ്യുത രാസപ്രവര്‍ത്തനത്തിലൂടെയാണ്.
എന്നാല്‍ എല്ലാ മാറ്റങ്ങളും അഭിലഷണീയങ്ങളല്ല. വിവിധങ്ങളായ രാസമാറ്റങ്ങളുടെ ഫലമായുണ്ടാകുന്ന പല ഉല്‍പന്നങ്ങളും ഇന്ന് മനുഷ്യജീവനും പ്രകൃതിക്കും ഭീഷണിയായിക്കൊണ്ടിരിക്കുകയാണ്. ഇന്ധനങ്ങള്‍ കത്തുമ്പോഴുണ്ടാകുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ് തുടങ്ങിയ വാതകങ്ങള്‍ അന്തരീക്ഷം മലിനമാക്കുന്നു. ഫ്രിഡ്‌ജ്, എ സി എന്നിവയില്‍ നിന്ന് പുറന്തള്ളപ്പെടുന്ന ക്ലോറോ ഫ്‌ളൂറോ കാര്‍ബണുകള്‍ ഭൂമിയുടെ സംരക്ഷണ കവചമായ ഓസോണ്‍ പാളിയില്‍ വിള്ളലുകള്‍ ഉണ്ടാക്കുന്നു. രസമാറ്റത്തിലൂടെ നിര്‍മിക്കുന്ന പ്ലാസ്റ്റിക്കിനെ നശിപ്പിക്കാന്‍ കഴിയാത്തതും പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മണ്ണ്, ജലം എന്നിവയെ പ്ലാസ്റ്റിക് വിഷലിപ്‌തമാക്കി മാറ്റുന്നു. എന്തിനേറെ, ഭൂമിയെ നശിപ്പിക്കാന്‍ കഴിവുള്ള ആറ്റം ബോംബില്‍ നടക്കുന്നതും രാസമാറ്റമാണ്. എത് മാറ്റവും ഏറ്റവും വിവേകപൂര്‍ണമായി ഉപയോഗപ്പെടുത്തിയാല്‍ അത് മാനവരാശിക്ക് ഉപകാരപ്രദമായി തീരുമെന്നതില്‍ സംശയമില്ല.
|