തിരുവനന്തപുരം: സപ്ലൈകോയുടെ മാര്‍ക്കറ്റ് ഇടപെടല്‍ പദ്ധതി പ്രകാരം ഓണ വിപണിയില്‍ ആവശ്യാനുസരണം അവശ്യ നിത്യോപയോഗ സാധനങ്ങള്‍ പരമാവധി വിലക്കുറവില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ഓണവിപണി ഇടപെടല്‍ അടുത്തമാസം 5ന് ആരംഭിക്കും. ഉത്സവ നാളുകളില്‍ പൊതുവിപണിയിലെ അമിതമായ വിലക്കയറ്റവും അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യവും പരിഹരിക്കുന്നതിനായി വമ്പിച്ച പദ്ധതികളാണ് സപ്ലൈകോ ആവിഷ്‌കരിച്ചിരിക്കുന്നത്. ഓണവിപണി ലക്ഷ്യമിട്ട് നഗരങ്ങളില്‍ അഞ്ച് മെട്രോ പീപ്പിള്‍സ് ബസാറുകള്‍, പട്ടണങ്ങളില്‍ 14 ടൗണ്‍ പീപ്പിള്‍സ് ബസാറുകള്‍, താലൂക്ക് തലത്തില്‍ ഓണച്ചന്തകള്‍ എന്നിവ കൂടാതെ എല്ലാ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളും ഓണം മിനി ഫെയറുകളായും പ്രവര്‍ത്തിക്കും. ഇത്തരത്തില്‍ 1300 ഓളം ഓണം വില്‍പ്പനകേന്ദ്രങ്ങള്‍ ഉണ്ടാകും.
എല്ലാ ഓണം പീപ്പിള്‍സ് ബസാറുകളിലൂടെയും ഫെയറുകളിലൂടെയും വില്‍പ്പനശാലകളിലൂടെയും സബ്‌സിഡി നിരക്കില്‍ അരി, പയര്‍വര്‍ഗങ്ങള്‍, സുഗന്ധവ്യഞ്‌ജനങ്ങള്‍ എന്നിവ നിശ്ചിത അളവില്‍ റേഷന്‍കാര്‍ഡുടമകള്‍ക്ക് നല്‍കും. കൂടുതല്‍ അളവില്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമായി വരുന്ന പയര്‍വര്‍ഗങ്ങള്‍, സുഗന്ധവ്യഞ്‌ജനങ്ങള്‍ എന്നിവ മാര്‍ക്കറ്റു വിലയേക്കാള്‍ ശരാശരി 20 ശതമാനം വിലക്കുറവില്‍ ലഭിക്കും.
സപ്ലൈകോയുടെ 13-ാമത് പീപ്പിള്‍സ് ബസാര്‍ തിരുവനന്തപുരത്ത് പഴവങ്ങാടിയില്‍ വൈകുന്നേരം 6.30ന് ഭക്ഷ്യവകുപ്പു മന്ത്രി സി ദിവാകരന്‍ ഉദ്‌ഘാടനം ചെയ്യും. നവീകരിച്ച് പൂര്‍ണമായും ശീതീകരിച്ച പീപ്പിള്‍സ് ബസാറില്‍ നിന്നുള്ള ആദ്യവില്‍പ്പന നിയമ-തുറമുഖ വകുപ്പുമന്ത്രി എം വിജയകുമാര്‍ നിര്‍വഹിക്കും. |