ഭുവനേശ്വര്‍: ഒറീസയിലെ ജഗത്സിംഗ്‌പൂരില്‍ ബഹുരാഷ്‌ട്ര കുത്തക കമ്പനിയായ പോസ്‌കോയ്‌ക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സ്ഥലമെടുപ്പ് നിയമവിരുദ്ധമാണെന്ന് കേന്ദ്ര സംഘം പ്രഖ്യാപിച്ചു. വന നിയമം ലംഘിച്ചാണ് കേന്ദ്രം സ്ഥലമെടുപ്പ് നടത്തുന്നത് എന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും എന്ന് സംഘം പ്രഖ്യാപിച്ചിട്ടും സര്‍ക്കാര്‍ സ്ഥലമെടുപ്പ് ആരംഭിച്ചിട്ടുണ്ട്. ഗദാ കുജാംഗ് ഗ്രാമമേഖലയില്‍ വെറ്റില കൃഷി നടക്കുന്ന സ്ഥലമാണ് ഇന്നലെയേറ്റെടുത്തതെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. പ്രദേശത്തെ ജനങ്ങളെ വഴിയാധാരമാക്കിക്കൊണ്ട് ഒറീസ സര്‍ക്കാര്‍ കൊറിയന്‍ സ്റ്റീല്‍ കമ്പനിയായ പോസ്‌കോയ്‌ക്കു വേണ്ടി നടത്തുന്ന സ്ഥലമെടുപ്പിനെതിരെ സി പി ഐയുടെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭം നടക്കുന്നുണ്ട്.
കേന്ദ്ര വന്‍ പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും പട്ടിക വര്‍ഗ മന്ത്രാലയത്തില്‍ നിന്നുമുള്ള വിദഗ്‌ധ സംഘമാണ് വനനിയമം ലംഘിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥലമെടുപ്പ് നടത്തുന്നത് എന്ന് വ്യക്തമാക്കിയത്. ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് ആന്‍ഡ് അദര്‍ ട്രഡീഷണല്‍ ഫോറസ്റ്റ് ഡ്വെല്ലേഴ്‌സ് നിയമം, 2006 നഗ്‌നമായി ലംഘിച്ചുകൊണ്ടാണ് കേന്ദ്രം സ്ഥലമെടുപ്പ് നടത്തുന്നതെന്ന് സംഘത്തിലെ നാല് അംഗങ്ങളില്‍ ഒരാളായ ആശിഷ് കോത്താരി അറിയിച്ചു. പോസ്‌കോ പദ്ധതിക്ക് നല്‍കിയ ഫോറസ്റ്റ് ക്ലിയറന്‍സ് പിന്‍വലിക്കുകയോ സ്റ്റേ ചെയ്യുകയോ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് കോത്താരി പറഞ്ഞു.
സെക്ഷന്‍ 7 പ്രകാരം, ഇപ്പോള്‍ സ്ഥലമേറ്റെടുക്കലില്‍ ഏര്‍പ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടാം എന്ന് കോത്താരി ചൂണ്ടിക്കാട്ടി. മൂന്നു ദിവസത്തിനുള്ളിലാണ് സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ധിങ്കിയ, ഗദ കുജാംഗ്, നുവാഗാവ് എന്നീ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് സംഘം നിഗമനത്തിലെത്തിയത്.
1913 മുതല്‍ വെറ്റില കൃഷിചെയ്‌താണ് ഈ മേഖലയിലുള്ള ഗ്രാമീണര്‍ ജീവിക്കുന്നത് എന്നതിനാല്‍ അവരെ, പരമ്പരാഗത വനവാസികളായി പരിഗണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ഥലത്തിനുമേലുള്ള അവകാശം തെളിയിക്കുന്ന രേഖകള്‍ ഗ്രാമവാസികളുടെ കൈവശമുണ്ടെന്ന് ബോധ്യപ്പെട്ടതായും കോത്താരി അറിയിച്ചു.
സര്‍ക്കാര്‍ ബലംപ്രയോഗിച്ചാണ് സ്ഥലമേറ്റെടുക്കല്‍ നടത്തുന്നതെന്ന് സി പി ഐ ചൂണ്ടിക്കാട്ടി. പരമ്പരാഗത വനവാസികളുടെ അവകാശങ്ങള്‍ പരിപാലിക്കാതെ ബലംപ്രയോഗിച്ച് സ്ഥലമേറ്റെടുക്കുന്നതില്‍ നിന്ന് പിന്‍വാങ്ങണമെന്ന് പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്‌ഢി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സ്റ്റീല്‍ പ്ലാന്റ് നിര്‍മിക്കുന്നതിനായി പോസ്‌കോ ഇന്ത്യയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ 2005ല്‍ ഒപ്പിട്ട ഉടമ്പടി കഴിഞ്ഞ ജൂണില്‍ കാലഹരണപ്പെട്ടതായും ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നടത്തുന്നത് നിയമവിരുദ്ധ പ്രവര്‍ത്തിയാണെന്നും റെഡ്‌ഢി പറഞ്ഞു. പോസ്‌കോ കമ്പനി, ഒറീസയിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നവര്‍ക്കായി മുന്നോട്ടുവച്ച സഹായപാക്കേജ് സി പി ഐ നേരത്തെ തള്ളിയിരുന്നു. 51,000 കോടി മുതല്‍ മുടക്കി പോസ്‌കോ സ്ഥാപിക്കുന്ന സ്റ്റീല്‍ പ്ലാന്റ് കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ നിന്ന് മറ്റെങ്ങോട്ടെങ്കിലും മാറ്റണമെന്ന് പാര്‍ട്ടി സംസ്ഥാന ഘടകം തുടര്‍ച്ചയായി ആവശ്യപ്പെടുന്നുണ്ട്. |