തിരുവനന്തപുരം: പാകിസ്ഥാന്റെ ഫാസ്റ്റ് ബൗളര് മുഹമ്മദ് ആസിഫ് മലയാള സിനിമയില് അഭിനയിക്കുന്നു. കൈതപ്രം ദാമോദരന് നമ്പൂതിരി ആദ്യമായി സംവിധാന രംഗത്തേയ്ക്ക് കടക്കുന്ന സിനിമയിലൂടെയാണ് ആസിഫും അഭിനയരംഗത്തേയ്ക്ക് കടക്കാന് പോകുന്നത്.
`മഴവില്ലിന്നറ്റംവരെ' എന്ന് പേരിട്ടിരിക്കുന്ന സിനിമ സെപ്റ്റംബറില് വടക്കന് കേരളത്തില് ചിത്രീകരണം ആരംഭിക്കും. ഗാനരചനാ രംഗത്ത് നിരവധി ദേശീയ സംസ്ഥാന അവാര്ഡുകള് നേടിയിട്ടുള്ള കൈതപ്രം ദാമോദരന് മ്പൂതിരിയുടെ സംവിധാന രംഗത്തേയ്ക്കുള്ള പ്രഥമ സംരംഭമാണിത്.
ആസിഫ് ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയുടെ തിരക്കിലായതിനാല് സെപ്റ്റംബറില് കണ്ണൂരില് ഷൂട്ടിംഗ് ആരംഭിക്കാന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കൈതപ്രം വാര്ത്താ ഏജന്സിയോട് പറഞ്ഞു.
കണ്ണൂരിലെ ക്രിക്കറ്റ് ക്യാമ്പില് കോച്ചായി ആസിഫ് എത്തുന്നതുമുതലാണ് സിനിമ ആരംഭിക്കുന്നത്. ലാഹോറില്നിന്നും കേരളം വരെയുള്ള ആസിഫിന്റെ യാത്രയ്ക്ക് ചില വ്യക്തിഗത ലക്ഷ്യങ്ങളും ഉണ്ട്. യാത്രമുതല് യാത്രയുടെ ലക്ഷ്യത്തില് എത്തുന്നതുവരെയുള്ള കാര്യങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നതെന്ന് കൈതപ്രം വ്യക്തമാക്കി.
സംവിധാനത്തിന് പുറമേ കഥ, തിരക്കഥ, ഗാനരചന എന്നിവയും കൈതപ്രം തന്നെയാണ് നിര്വഹിക്കുന്നത്.
സിനിമയിലെ അഞ്ച് ഗാനങ്ങളും ഒരു ഗസലും ലണ്ടനിലെ ഒരു തിയേറ്ററില്വച്ചാണ് സങ്കലനം നടത്തുന്നത്. കെ ജെ യേശുദാസ്, ഉദിത് നാരായണ്, ശങ്കര് മഹാദേവന്, കെ എസ് ചിത്ര, ദീപാങ്കുരന്, ശ്രേയ ഘോഘല് എന്നിവരാണ് ഗാനങ്ങല് ആലപിച്ചിരിക്കുന്നത്. കണ്ണൂരില്നിന്നുള്ള ഷാര്ജ കേന്ദ്രമായി പ്രവര്ത്തിക്കുന്ന വ്യവസായി എം മുകുന്ദന് വള്ളുവന് കടവ് റിക്രിയേഷന്സ് എന്ന ബാനറിലാണ് ചിത്രം നിര്മിക്കുന്നത്. |