തൃശൂര്‍: സി അച്യുതമേനോന്‍ സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ ആക്‌ഷന്‍(ആശ) 2010ലെ സി അച്യുതമേനോന്‍ അവാര്‍ഡ് വൈദ്യഭൂഷണം രാഘവന്‍ തിരുമുല്‍പ്പാടിന് നല്‍കും. പ്രമുഖ ആയുര്‍വ്വേദചികിത്സകന്‍, ആയുര്‍വ്വേദ സാഹിത്യത്തിന് മഹത്തായ സംഭാവനനല്‍കിയ എഴുത്തുകാരന്‍, ലളിതജീവിതം പിന്തുടരുന്ന ഗാന്ധിയന്‍, ദാര്‍ശനികന്‍, അധ്യാപകന്‍, വിവര്‍ത്തകന്‍, പ്രകൃതി ചികിത്സകന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ സമൂഹത്തിന് അതുല്യമായ സംഭാവനകള്‍ നല്‍കിയ പണ്ഡിതശ്രേഷ്‌ഠനാണ് കെ രാഘവന്‍ തിരുമുല്‍പ്പാടെന്ന് ചെയര്‍മാന്‍ ഡോ. കെ കെ രാഹുലന്‍, അംഗങ്ങളായ അഡ്വ. എന്‍ കെ ഗംഗാധരന്‍, പ്രഫ. കെ ബി ഉണ്ണിത്താന്‍, പി വി ഗംഗാധരന്‍, ആന്റണി വാഴപ്പിള്ളി എന്നിവരടങ്ങിയ അവാര്‍ഡ് നിര്‍ണ്ണയ സമിതി അഭിപ്രായപ്പെട്ടു.
ആശയുടെ പതിനൊന്നാമത് അവാര്‍ഡാണിത്. പൊന്നാടയും ഉപഹാരവും പ്രശസ്‌തിപത്രവും അടങ്ങുന്ന അവാര്‍ഡ് സി അച്യുതമേനോന്റെ 19-ാംചരമവാര്‍ഷികദിനമായ ഓഗസ്റ്റ് 16ന് രാവിലെ 10മണിക്ക് ചാലക്കുടി എന്‍ എസ് എസ് ഹാളില്‍ (കോവിലന്‍ നഗര്‍) വച്ച് സമ്മാനിക്കുന്നതാണെന്ന് ആശ സെക്രട്ടറി പ്രഫ. കേശവന്‍ വെള്ളിക്കുളങ്ങര അറിയിച്ചു. |