കൊച്ചി: നാലുലക്ഷം മുടക്കി നിര്‍മിച്ച സിനിമ റിലീസ് ചെയ്യണമെങ്കില്‍ ഫെഫ്‌ക്കയടക്കമുള്ള സംഘടനകള്‍ക്ക് ലക്ഷങ്ങള്‍ കൊടുക്കണമെന്ന പിടിവാശിയെ തുടര്‍ന്ന് ഒരുകൂട്ടം ചെറുപ്പക്കാര്‍ ജനകീയ സിനിമാ പ്രദര്‍ശനവുമായി മുന്നോട്ടിറങ്ങുന്നു. കൊച്ചി ആസ്ഥാനമായുള്ള തിയ്യേറ്റര്‍ ഗ്രൂപ്പായ തീയ്യേറ്റര്‍ ലാബ് നാലുലക്ഷം രൂപമുടക്കി നിര്‍മിച്ച യതി ദി പോസ് ഇന്‍ ബിറ്റിവിന്‍ എന്ന സിനിമയുടെ ജനകീയ പ്രദര്‍ശനത്തിനൊരുങ്ങുന്നത്.
നാലു ലക്ഷം രൂപ മുടക്കി നിര്‍മിച്ച സിനിമ പ്രദര്‍ശിപ്പിക്കണമെങ്കില്‍ സിനിമാ മേഖലയിലെ വിവിധ സംഘടനകള്‍ക്ക് ലക്ഷങ്ങള്‍ നല്‍കണമെന്നാവശ്യമുയര്‍ന്നതിനെതുടര്‍ന്നാണ് ജനകീയ പ്രദര്‍ശനത്തിന് തീരുമാനമെടുത്തതെന്ന് സംഘാടകര്‍ പറയുന്നു. ഈ സിനിമ നിര്‍മിച്ച നിര്‍മാതാവും സംവിധായകനുള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകരും സിനിമാ മേഖലയിലെ സംഘടനകളില്‍ അംഗങ്ങളല്ലാത്തതിനാല്‍ അംഗത്വമെടുക്കുന്നതിനായും പിഴ ഇനത്തിലുമായി ലക്ഷങ്ങള്‍ നല്‍കണമെന്നാണ് ഫെഫ്‌ക്കയുള്‍പ്പടെയുള്ള സംഘടനകള്‍ ഇവരോട് ആവശ്യപ്പെട്ടത്.
ആഗസ്‌റ്റ് ഒന്നിന് മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തിലാണ് ആദ്യ പ്രദര്‍ശനം. ദുബൈയിലെ പ്രവാസി മലയാളികളുടെ നാടകകൂട്ടായ്‌മയായ പ്ലാറ്റ്‌ഫോം തിയേറ്ററിന്റെ കൂടി സഹകരണത്തോടെയാണ് തീയ്യേറ്റര്‍ലാബ് യതി നിര്‍മിച്ചിരിക്കുന്നത്. സതീഷ് മുല്ലക്കലാണ് കഥയും സംവിധാനവും. സന്തോഷ് കാര്‍ത്തികേയനാണ് നിര്‍മാണം. കൊച്ചിയിലെ പ്രദര്‍ശനത്തിനുശേഷം കോഴിക്കോട് കണ്ണുര്‍, മലപ്പുറം, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിങ്ങനെ വിവിധ ജില്ലകളില്‍ പ്രദര്‍ശനത്തിനുള്ള സാധ്യതകളുണ്ടായിട്ടുണ്ടെന്നും സംഘാടകര്‍ പറഞ്ഞു.
ആഗസ്റ്റ് ഒന്നിന് മഹാരാജാസ് കോളജ് ഓഡിറ്റേറിയത്തില്‍ നടക്കുന്ന പ്രദര്‍ശനത്തിനുമുന്നോടിയായി സിനിമയുടെ ജനാധിപത്യ വല്‍ക്കരണം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. ജോണ്‍പോള്‍ അധ്യക്ഷത വഹിക്കുന്ന സെമിനാറില്‍ ശശികുമാര്‍ വിഷയാവതരണം നടത്തും. സി എസ് വെങ്കിടേശ്വരന്‍, ഗോപന്‍സി, മ്യൂസ് മേരിജോര്‍ജ്, ഡോ. ബിജു, എം ജി ശശി തുടങ്ങിയവര്‍ സംസാരിക്കും.
|