കൊച്ചി: പാതയോരത്തെ പൊതുയോഗം നിരോധിച്ചതിനെതിരെ കൊടുത്ത റിവ്യൂ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ മാറിനില്‍ക്കണമെന്ന അഡീഷണല്‍ സെക്രട്ടറിയുടെ പരാതി സംബന്ധിച്ച ഫയല്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍ദേശം. ഹര്‍ജി പരിഗണിക്കുന്ന ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍ നായരും പി എസ് ഗോപിനാഥനുമടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
പൊതുതാല്‍പ്പര്യമുള്ള ഉത്തരവിനെതിരെ റിവ്യൂ ഹര്‍ജി നല്‍കിയതിന് പുറമെ വിധി പറഞ്ഞ ജഡ്‌ജി റിവ്യൂ ഹര്‍ജി കേള്‍ക്കരുതെന്ന് പരാതി കൊടുക്കാന്‍ അഡീഷണല്‍ സെക്രട്ടറിയോട് നിര്‍ദേശിച്ചതാരാണെന്നും കോടതി ആരാഞ്ഞു. സര്‍ക്കാര്‍ പൊതുതാല്‍പ്പര്യ സംരക്ഷകരാകേണ്ടതിന് പകരം ഇവിടെ അതിനെതിരെ ഹര്‍ജി കൊടുക്കുകയായിരുന്നു. ഇതിന്റെ പിന്നിലുള്ള കള്ളനാണയങ്ങളെ തിരിച്ചറിയണം. സര്‍ക്കാരിനെ സാധാരണ വ്യവഹാരിയായി കാണാനാവില്ല. ജഡ്‌ജി മാറിനില്‍ക്കണമെന്ന് പറയാന്‍ മന്ത്രിസഭാ തീരുമാനമുണ്ടായിരുന്നോ, ഉണ്ടെങ്കില്‍ അതു സംബന്ധിച്ച ഫയല്‍ ഇന്നു ഹാജരാക്കണം. പരാതി കൊടുക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ നിന്നോ നിയമവകുപ്പില്‍ നിന്നോ ഉപദേശം ഉണ്ടായിരുന്നോ?
ഉത്തരവില്‍ സര്‍ക്കാരിന്റെ പരാതിയെന്താണെന്ന് മനസിലാകുന്നില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിരുത്തരവാദപരമായാണ് കാണുന്നതെന്നും കോടതി കുറ്റപ്പെടുത്തി.
ഹൈക്കോടതിയിലെ സീനിയര്‍ ജഡ്‌ജിയായ സി എന്‍ രാമചന്ദ്രന്‍ നായരെ സര്‍ക്കാര്‍ അവിശ്വസിച്ചത് ദൗര്‍ഭാഗ്യകരമായിപ്പോയെന്നും ജസ്റ്റിസ് പി എസ്. ഗോപിനാഥന്‍ ഇന്നലെ രാവിലെ മറ്റൊരു കേസില്‍ ഡയറക്‌റ്റര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് പറഞ്ഞു. ഇക്കാര്യത്തില്‍ അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ നിന്നുള്ള പെരുമാറ്റം നാണംകെട്ട തരത്തിലായെന്നും കോടതി പറഞ്ഞു. ഹര്‍ജിയില്‍ നാളെ വാദം തുടരും.
അതിനിടെ വിധിയെ ന്യായീകരിച്ച് ഹര്‍ജി നല്‍കിയ അഡ്വ. ഷെറി കെ തോമസിനെ ഹൈക്കോടതി കേസില്‍ കക്ഷി ചേര്‍ത്തു. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ വിവാദപരമായ പ്രസ്‌താവന നടത്തിയെന്നാരോപിക്കുന്ന ചടങ്ങിന്റെ സംഘാടകനായിരുന്നു ഹര്‍ജിക്കാരന്‍. |