ചെങ്ങന്നൂര്‍: കോടികള്‍ വിലവരുന്ന പഞ്ചലോഹ വിഗ്രഹം മോഷ്‌ടിച്ച കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്‌തു. വിഗ്രഹം വീട്ടുമുറ്റത്ത് കുഴിച്ച നിലയില്‍ പൊലീസ് കണ്ടെടുത്തു. തെങ്കാശി മുകുടാതിയമ്മന്‍ കോവില്‍ മോഹനന്‍പിള്ള (മോഹനന്‍-40), തെങ്കാശി കിഴപുലിയൂര്‍ നാലാംതെരുവ് കൊച്ചുമഹാളി അമ്മന്‍ കോവില്‍ അരുണാചലം (35), ഓട്ടോറിക്ഷാ ഡ്രൈവര്‍ പന്തളം ചെരിക്കല്‍ ആചാരി വിളയില്‍ തെക്കേണതില്‍ പ്രകാശന്‍ (44) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്‌ത്.
മോഹനന്‍പിള്ളയെയും അരുണാചലത്തെയും തെങ്കാശിയില്‍ വെച്ചും പ്രകാശനെ പന്തളത്തുവെച്ചുമാണ് പൊലീസ് അറസ്റ്റു ചെയ്‌തത്. കഴിഞ്ഞ 22ന് രാത്രിയിലാണ് വെണ്‍മണി കല്ലുമണ്‍ മഠം വക കുടുംബ ക്ഷേത്രമായ മഹാദേവ ക്ഷേത്രത്തിലെ ശ്രീകോവില്‍ കുത്തിത്തുറന്ന് മൂല വിഗ്രഹത്തോട് ചേര്‍ന്നിരുന്ന കോടികള്‍ വില വരുന്ന പഞ്ചലോഹ ശീവേലി വിഗ്രഹം മോഷ്‌ടിച്ചത്. വെള്ളിയാഴ്‌ച പുലര്‍ച്ചെ 4 മണിക്ക് ക്ഷേത്രമേല്‍ശാന്തി നടതുറക്കാന്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടര്‍ന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധനും പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോഴാണ് രാത്രിയില്‍ ക്ഷേത്രത്തിന് സമീപം ഒരു ഓട്ടോറിക്ഷ വന്നുപോയ നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. ഓട്ടോറിക്ഷ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.
പൊലീസ് പറയുന്നതിങ്ങനെ: മോഷണം നടന്ന ദിവസം രാത്രിയില്‍ പന്തളത്തെത്തിയ മോഹനന്‍ പിളളയും അരുണാചലവും പ്രകാശന്റെ ഓട്ടോറിക്ഷ വിളിച്ച് രാത്രി 9.45ന് ക്ഷേത്രത്തിനുസമീപം എത്തി. രണ്ടുപേരെയും ഇറക്കിയശേഷം ഓട്ടോറിക്ഷ തിരികെ പന്തളത്തിനുപോയി. രാത്രി 11 മണിവരെ ക്ഷേത്രക്കുളത്തിന് സമീപം വിശ്രമിച്ചശേഷം ക്ഷേത്രത്തിന് വടക്കുവശത്തുള്ള ചുറ്റുമതില്‍ ചാടി പ്രതികള്‍ അകത്തുകടന്നു. അകത്തുകടന്ന മോഹനന്‍പിള്ളയുടെ തോളില്‍ ചവുട്ടി അരുണാചലം ശ്രീകോവിലിന്റെ മുകളില്‍ കയറി. തുടര്‍ന്ന് കയ്യില്‍ കരുതിയ പച്ചരിയും ടോര്‍ച്ചുമായി പുരാതനമായ താഴികക്കുടത്തിന്റെ സമീപത്തെ ഓടിളക്കി. തുടര്‍ന്ന് പച്ചരി താഴികക്കുടത്തില്‍ എറിയുകയും ടോര്‍ച്ച് തെളിയിക്കുകയും ചെയ്‌തു.
ഇറീഡിയം അടങ്ങിയ താഴികക്കുടമാണെങ്കില്‍ പച്ചരിപൊടിയുകയും ടോര്‍ച്ചിന്റെ ചാര്‍ജ്ജ് കുറയുകയും ചെയ്യുമെന്ന അറിവിന്റെ അടിസ്ഥാനത്തിലായിരുന്നു പരീക്ഷണം.
താഴികക്കുടത്തില്‍ ഇറിഡിയം ഇല്ലെന്നു മനസ്സിലാക്കിയ സംഘം പിന്നീട് ശ്രീകോവില്‍ കുത്തിത്തുറന്ന് പഞ്ചലോഹ വിഗ്രഹം മോഷ്‌ടിക്കുകയായിരുന്നു. |