ന്യൂഡല്‍ഹി: ലൈംഗിക വിവാദത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്‌ത വെയ്‌റ്റ് ലിഫ്‌റ്റിംഗ് കോച്ച് രമേശ് മല്‍ഹോത്രയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വനിതാ വെയ്‌റ്റ്‌ലിഫ്‌റ്റര്‍മാരുടെ 16 അംഗ സംഘം ഇന്ത്യന്‍ വെയ്‌റ്റ്‌ലിഫ്‌റ്റിംഗ് ഫെഡറേഷന് കത്തയച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസിനുവേണ്ടി പട്യാലയിലെ ക്യാമ്പില്‍ പരിശീലനം നടത്തുന്ന വനിതാ വെയ്‌റ്റ്‌ലിഫ്‌റ്റര്‍മാരാണ് കത്തയച്ചിരിക്കുന്നത്. ഇന്ത്യന്‍ വെയ്‌റ്റ്‌ലിഫ്‌റ്റിംഗ് ഫെഡറേഷന്‍ സസ്‌പെന്‍ഡ് ചെയ്യുകയും ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് കര്‍ണം മല്ലേശ്വരി മല്‍ഹോത്രയ്‌ക്കെതിരെ സമാനമായ ആരോപണം ഉന്നയിക്കുകയും ചെയ്‌തതിനെ തുടര്‍ന്ന് പട്യാലയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് പരിശിലന ക്യാമ്പില്‍നിന്നും മല്‍ഹോത്രയെ തിരിച്ചുവിളിക്കാന്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് അഥോറിറ്റി നിര്‍ദേശിക്കുകയായിരുന്നു.
മല്‍ഹോ്രതയുടെ സസ്‌പെന്‍ഷന്‍ വനിതാ വെയ്‌റ്റ്‌ലിഫ്‌റ്റിംഗ് ടീമിന്റെ ആത്മവീര്യം നശിപ്പിച്ചിട്ടുണ്ട്. ഇത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അവരുടെ പ്രകടനത്തെ ബാധിക്കുകയും ചെയ്യും. അതുകൊണ്ട് രമേശ് മല്‍ഹോത്രയെ വെയ്‌റ്റ്‌ലിഫ്‌റ്റര്‍മാരുടെ ദേശീയ ക്യാമ്പിലേയക്ക് തിരിച്ചുവിളിക്കണമെന്ന് 16 താരങ്ങള്‍ ഒപ്പിട്ടിട്ടുള്ള കത്തില്‍ പറയുന്നു. ഞങ്ങളില്‍ ആരോടും ഒരു സമയത്തും അദ്ദേഹം മോശമായി പെരുമാറിയിട്ടില്ലെന്നും കത്തില്‍ പറയുന്നുണ്ട്.
16 വനിതാ വെയ്‌റ്റ്‌ലിഫ്‌റ്റര്‍ ഒപ്പിട്ട കത്ത് ലഭിച്ചതായി ഇന്ത്യന്‍ വെയ്‌റ്റ്‌ലിഫ്‌റ്റിംഗ് ഫെഡറേഷന്‍ സെക്രട്ടറി സഹദേവ് യാദവ് സ്ഥിരീകരിച്ചു. കത്ത് ഇന്നലെ ലഭിച്ചെന്നും അതിലെ ഒപ്പുകള്‍ പരിശോധിക്കുകയാണെന്നും യാദവ് പറഞ്ഞു. ചിലപ്പോള്‍ വെയ്‌റ്റ്‌ലിഫ്‌റ്റര്‍മാരെ ബലംപ്രയോഗിച്ച് ഒപ്പിടുവിച്ചതാകാമെന്നും എന്നാല്‍ അങ്ങനെ കരുതുന്നില്ലെന്നും യാദവ് വ്യക്തമാക്കി.
മൂന്ന് അംഗങ്ങളടങ്ങിയ കമ്മിറ്റി ആരോപണത്തെക്കുറിച്ച് അന്വേഷിക്കും. ഓഗസ്റ്റ് 7,8 തീയതികളില്‍ കോമണ്‍വെല്‍ത്തിനായുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഉദ്യോഗസ്ഥരെല്ലാം തിരക്കിലായതിനാലാണ് പട്യാലയില്‍പോയി വനിതാ വെയ്‌റ്റ്‌ലിഫ്‌റ്റര്‍മാരില്‍നിന്നും തെളിവുകള്‍ ശേഖരിക്കുന്നതിന് വൈകുന്നതെന്ന് യാദവ് വ്യക്തമാക്കി. അന്വേഷണ കമ്മിറ്റി ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുള്ള ത് ദീര്‍ഘിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ വെയ്‌റ്റ്‌ലിഫ്‌റ്റിംഗ് ഫെഡറേഷന്‍ വൈസ്‌പ്രസിഡന്റ് കുമ്പസി സുബ്രഹ്‌മണ്യ, മുതിര്‍ന്ന കോച്ച് പാല്‍ സിംഗ് സന്ധു, ജോയിന്റ് സെക്രട്ടറി മദന്‍ ലാല്‍ സാവ്‌ലി എന്നിവര്‍ അടങ്ങുന്നതാണ് അന്വേഷണ സംഘം.
ഒരു ദേശീയ, അന്തര്‍ദേശിയ മത്സരത്തിനു മുന്‍പായി 33 വെയ്‌റ്റ്‌ലിഫ്‌റ്റര്‍മാരെ ഉള്‍പ്പെടുത്തി ക്യാമ്പ് സംഘടിപ്പിക്കുകയും ഇതില്‍നിന്നും മികവ് തെളിയിക്കുന്നഎട്ട് പുരുഷന്‍മാരെയും ഏഴ് വനിതകളെയും ചേര്‍ത്ത് 15 അംഗ ടീമിനെ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഉദ്‌ഘാടനം ചെയ്യപ്പെട്ട ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് സെലക്ഷന്‍ ട്രയല്‍ നടക്കുന്നത്. |