കൊളംബൊ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്‌റ്റന്‍ ബിഷന്‍സിംഗ് ബേദി വിവാദം വില്‍ക്കുന്നയാളാണെന്നും ഒരു സാധാരണ ബൗളറായ അദ്ദേഹം ഇപ്പോള്‍ പന്തെറിഞ്ഞിരുന്നെങ്കില്‍ ഏത് ബാറ്റ്‌സ്‌മാനും അടിച്ചുതകര്‍ക്കാമെന്നും മുത്തയ്യ മുരളീധരന്‍.
ശ്രീലങ്കന്‍ സ്‌പിന്‍ ഇതിഹാസം മുരളീധരനെതിരെ കലവറയില്ലാതെ വിമര്‍ശനമുന്നയിക്കുന്നയാളാണ് ബേദി. മുരളിയെ `ചൗക്കര്‍' എന്നപേരില്‍ കളിയാക്കുന്ന ബേദി ഐ സി സി നിയമങ്ങള്‍ക്ക് വിരുദ്ധമായി മുരളി എറിയുന്ന `ദൂസര' നിരോധിക്കണെന്നും ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയ്‌ക്കെതിരെ ഗാലെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 800 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കി ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞ മുരളിയെ ബേദി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ലോകോത്തര സ്‌പിന്‍ ബൗളര്‍മാര്‍ ഇല്ലാതിരുന്ന കാലത്താണ് സാധാരണ ബൗളറായ ബേദി വളര്‍ന്നതെന്ന് മുരളി ബേദിക്ക് മറുപടി നല്‍കി. ബേദിയുടെ കാലത്തെ ചില കളികള്‍ കണ്ടിട്ടുണ്ടെന്നും ഇന്നായിരുന്നെങ്കില്‍ മോഡിയുടെ ഓരോപന്തും അടിച്ചു തകര്‍ത്തേനെയെന്നും അതുകൊണ്ടുതന്നെ ലോകോത്തര സ്‌പിന്നറായ ബേദിക്ക് മറ്റൊരാളെ പകരം വയ്‌ക്കാനാകില്ലെന്നും മുരളി പറഞ്ഞു. പ്രസന്നയുടെയും വെങ്കട്ടരാഘവന്റെയും ബൗളിംഗ് മികച്ചതാണ്. എന്നാല്‍ അവര്‍ക്കൊപ്പം ബേദിയെ കൂട്ടാന്‍ കഴിയില്ലെന്നും മുരളി പറഞ്ഞു.
ബേദി നിരന്തരം വിവാദങ്ങല്‍ സൃഷ്‌ടിക്കുന്നയാളാണ്. ലോകത്താകമാനം അയാള്‍ വിവാദങ്ങള്‍ സൃഷ്‌ടിച്ചിട്ടുണ്ട്. സ്വന്തം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനെക്കാള്‍ മറ്റുള്ളവരുടെ കാര്യം ചര്‍ച്ചചെയ്യുന്നതാണ് നല്ലതെന്നാണ് ബേദി ചിന്തിക്കുന്നതെന്ന് മുരളി കൂട്ടിച്ചേര്‍ത്തു.
സച്ചിനെയും ബ്രിയന്‍ ലാറയെയും താരതമ്യം ചെയ്യുന്നതിന് വിസമ്മതിച്ച മുരളി കണക്കുകളാണ് ഒരാളുടെ കഴിവ് വിലയിരുത്തുന്നതെന്നും അക്കാര്യത്തില്‍ സച്ചിന്‍ ഏറെ മുന്നിലാണെന്നും മുരളി പറഞ്ഞു. സച്ചിനും ലാറയും ലോകത്തെ ഏറ്റവും സ്ഥിരതയുള്ള ബാറ്റ്‌സ്‌മാന്‍ മാരാണെന്നും പോണ്ടിംഗും ഇപ്പോള്‍ ആ പട്ടികയില്‍ ഉണ്ടെന്നും മുരളി പറഞ്ഞു. |