Home കായികം ചരമം പ്രവാസി Photo Gallery
 
പംക്‌തി
DATE : 2011-07-17
ശവംതീനികള്‍ ഇതാ തൊട്ടരികില്‍ എത്തി!

 ഒറ്റയടിപ്പാതകള്‍/സി രാധാകൃഷ്ണന്‍

 
മുംബൈ നഗരം വീണ്ടും പൊട്ടിത്തെറികളുടെ ദുരിതത്തിലകപ്പെട്ട വാര്‍ത്ത വരുംനേരം ടെലിവിഷനു മുന്നില്‍ എന്റെ കൂടെ അയല്‍ക്കാരനായ ഒരാളുമുണ്ടായിരുന്നു. ഒരു കൃഷിക്കാരന്‍ സുഹൃത്ത്. കൃഷി എനിക്കും ഇഷ്ടവിഷമായതിനാല്‍ ഞങ്ങള്‍ വല്ലപ്പഴും ഇങ്ങനെ ഒത്തുകൂടി മനസ്സു പങ്കുവെയ്ക്കാറുണ്ട്.
ഓര്‍ക്കാപ്പുറത്തെ കെടുവാര്‍ത്തയുടെ ആഘാതവും സംഭവത്തിന്റെ പ്രാഥമികവിവരണവും കടന്നുകിട്ടിയപ്പോള്‍ സുഹൃത്ത് നെഞ്ചത്തു കൈ വെച്ച് ഒരു നെടുവീര്‍പ്പോടെ, സാമാന്യം ഉറക്കെത്തന്നെ, അമ്പരന്നു, 'പടച്ച തമ്പുരാനേ, ഇത് ആരുടെ കൃഷി?'
ആ നെടുവീര്‍പ്പില്‍ ഞാനും പങ്കാളിയായി, 'തന്റെയാണെന്നൊ തന്റെയല്ലെന്നൊ ആര്‍ക്കും പറയാവുന്ന ഒരിനം പരിപാടി!'
'ഒളിവിലെ കൃഷി, കളവുപോലെ! എന്നാലോ, കളവുമുതലായി കള്ളന് ഒന്നും കിട്ടുന്നും ഇല്ല! പിരാന്തന്‍കളിപോലെ, പക്ഷേ, പിരാന്തുള്ള ഒരുവനും സാധിക്കാത്ത പണി! മരിച്ചവരും കൈ
കാലറ്റവരും വെറും കുഞ്ഞുകുട്ടിപരാധീനക്കാര്‍! ഇതുകൊണ്ടൊക്കെ ആര്‍ക്കെന്തു കാര്യം?'
'ഒന്നും കിട്ടാനില്ലാതെ ആരും ഒന്നും ചെയ്യില്ല എന്നു തീര്‍ച്ചയല്ലെ? ദേഹത്ത് ബോംബുവെച്ചു കെട്ടി സ്വയം പൊട്ടിക്കുന്ന ആള്‍പോലും കരുതുന്നുണ്ടാവും തനിക്ക് എന്തെങ്കിലും കിട്ടുന്നു എന്ന്. ഇവരെ ഇതിനൊക്കെ പണവും സാമഗ്രികളും കൊടുത്ത് പറഞ്ഞയയ്ക്കുന്ന ആളുകള്‍ക്കുമുണ്ടാവും കാര്യമായി എന്തെങ്കിലും കിട്ടാന്‍.'
'എന്തു കിട്ടാന്‍?'
'ഒരു വെടിക്ക് നിരവധി പക്ഷികള്‍ എന്നു വരെ ആവാം!'
'വേട്ടയിറച്ചി വാരിക്കൂട്ടുന്നത് ആരെല്ലാം?'
'അതാണ് മര്‍മ്മപ്രധാനമായ ചോദ്യം.'
'അവരെ എങ്ങനെ കണ്ടുകിട്ടും?'
'നിങ്ങള്‍ക്കോര്‍മ്മയില്ലെ നമ്മുടെ വക്കീല്‍ ഗുമസ്തന്‍ കോന്തുമ്മാനെ?'
'ഉവ്വ്, എന്തേ?'
'മൂപ്പര്‍ പറയുമായിരുന്നില്ലെ, ഒരു വേണ്ടാതീനം നടന്നാല്‍ അതിന്റെ കാരണക്കാര്‍ ആരെന്നറിയാന്‍ ആ ദുരന്തംകൊണ്ട് ആര്‍ക്ക് ഗുണമുണ്ടായെന്നു നോക്കിയാല്‍ മതി എന്ന്.'
'ഈ കൃഷികൊണ്ട് കാക്കയ്‌ക്കൊ കിളിക്കൊ തുരപ്പനൊ ഞണ്ടിനൊ ഞവിണിക്കൊ പോലും ഗുണമെന്തുണ്ട്?'
'നല്ലപോലെ ആലോചിച്ചു നോക്കൂ. തീവ്രവാദം മുഴുവന്‍ ഒരു മതക്കാരുടെ വക എന്നാണല്ലോ ഇവിടത്തെ സങ്കല്പം. അപ്പോള്‍, വര്‍ഗീയത വളര്‍ത്താന്‍ ഈ പരിപാടി ഉതകില്ലെ? ആ ഭൂതം ആളുകളെ ആവേശിച്ചാല്‍ എല്ലാ തല്പരകക്ഷികള്‍ക്കും നാല് വോട്ട് കൂടുതല്‍ കിട്ടില്ലെ?'
'അത്തരം തല്‍പരകക്ഷികളാണൊ പിന്നില്‍?'
'ഒത്താശക്കാരായെങ്കിലും അവരും കാണില്ലെ?'
'അധോലോകവുമുണ്ടെന്നാണല്ലൊ ഇതാ ഒരു വിദഗ്ദ്ധന്‍ ടീവിയില്‍ പറയുന്നത്? അവര്‍ക്ക് എന്തു കിട്ടാന്‍?'
'അവര്‍ വിചാരിച്ചാല്‍ എന്തും നടക്കും എന്നു വരുന്നത് അവര്‍ക്ക് ചില്ലറ നേട്ടമാണൊ! അവരുടെ എല്ലാ ബിസിനസ്സുകള്‍ക്കും അത് ഗുണം ചെയ്യില്ലെ? പക്ഷേ, യഥാര്‍ത്ഥ ആസൂത്രകര്‍ അവരുമാവില്ല. സംഘങ്ങള്‍ തമ്മില്‍ കണക്കു തീര്‍ക്കാനൊ സാമ്രാജ്യം വികസിപ്പിക്കാനൊ അല്ലാതെ അധോലോകക്കാര്‍ കൊല ചെയ്യാറില്ല, നിരപരാധികളെ കൂട്ടത്തോടെ കൊല്ലാറുമില്ല.'
'അതാ മറ്റൊരു വിദഗ്ദ്ധന്‍ പറയുന്നു, നാടു നന്നാവുന്നതില്‍ കണ്ണുകടിയുള്ള ആരോ ആവും ഇതിന്റെ പിന്നില്‍ എന്ന്.'
'നന്നാവുന്നതിലുള്ള അസൂയ എന്നതിലേറെ നന്നാകാതിരിക്കാനുള്ള മുന്‍കരുതല്‍ എന്നു പറയുന്നതാവില്ലെ കൂടുതല്‍ ശരി? നാട്ടിലെ ഭരണാധികാരത്തെ കഴിവുകെട്ടതാക്കി കാണിച്ചാല്‍ പല ഗുണങ്ങളും പുറത്തെ കച്ചവടക്കാര്‍ക്കുണ്ട്. ഈ അധികാരികളെ തീര്‍ത്തും തങ്ങളുടെ ആശ്രിതരാക്കാം. കരാറുകള്‍ ഏകപക്ഷീയമായി ഉരുത്തിരിക്കാം.'
സംസാരം ഇത്രയും എത്തിയപ്പോഴാണ് ലാസര്‍മാസ്റ്റര്‍ കയറി വന്നത്. കണിശക്കാരനായ കണക്കുമാസ്റ്ററായി റിട്ടയര്‍ ചെയ്ത ആളാണ്, 'പിന്നേം കത്തി ഒരു കമ്പക്കെട്ട്, അല്ലെ!'
ക്ലാസ്സില്‍ പഠിപ്പിച്ചിട്ടില്ല എങ്കിലും പ്രായംകൊണ്ട് സീനിയറായ അദ്ദേഹത്തെ ആദരിച്ചിരുത്തി ഞാന്‍ ചോദിച്ചു, 'ആരാവും സാര്‍ ഇതിന്റെ അണിയറക്കാര്‍?'
സാര്‍ ചിരിച്ചു, 'അതറിയാനാണൊ വിഷമം! നേരെ കൂട്ടിക്കിഴിച്ചാല്‍ ഏതു കണക്കിന്റെ ഉത്തരവും ശരി! ആകട്ടെ, ഈ പൊട്ടിത്തെറിയുരുപ്പടി കടയില്‍ നിനക്കും എനിക്കും വാങ്ങാന്‍ പറ്റ്വോ? ഇല്ല. ലോകത്തെ ഏറ്റവും നല്ല ആയുധശാലകളില്‍ ഉണ്ടാക്കുന്ന വഹകളല്ലെ? അപ്പോ, ആരോ അത് സപ്‌ളൈ ചെയ്യുന്നു എന്നു തീര്‍ച്ച. ആരാവും? ആയുധക്കച്ചവടക്കാരല്ലാതെ വേറെ ആരാവാന്‍? കുറെ കാലമായിട്ട് ഭൂമിയിലെങ്ങും വലിയ യുദ്ധങ്ങളൊന്നും ഇല്ലല്ലൊ, കച്ചവടം മോശമാകാതിരിക്കാന്‍ മറ്റൊരു വഴി കണ്ടിരിക്കുന്നു. 
ഒരു ഡൈവേര്‍ഷന്‍. തീവ്രവാദികള്‍ക്ക് ഉപയോഗിക്കാനുള്ള ഉരുപ്പടികളും അതോടൊപ്പം തീവ്രവാദി അക്രമങ്ങള്‍ മണത്തറിയാനും ചെറുക്കാനും ഒക്കെയുള്ള ഉപകരണങ്ങളും നിര്‍മ്മിച്ച് കച്ചോടം തിമര്‍ക്കുന്നു! ഈ രണ്ടാമത്തെ ഇനത്തില്‍ നമ്മുടെ നാടു മാത്രം ഇക്കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ എത്ര ലക്ഷം കോടിയുടെ വഹകള്‍ വാങ്ങി എന്ന് അറിയാമൊ? ചെറുതായാണെന്നാലും പത്രത്തില്‍ അതിന്റെ കണക്കും വരാറുണ്ട്. ലോകത്തെ ഏറ്റവും വലിയ കച്ചവടം ആയുധക്കച്ചവടമാണെടൊ, ഇന്നും. അതു നടക്കണമെങ്കില്‍ ലോകത്തെങ്ങും പേടി നിറയണം. അതിനായി നിരപരാധികളെ പലേടത്തുമായി നിഷ്‌കരുണം ചുട്ടുകൊല്ലുന്നു. ജനം നടുങ്ങുന്നു. 
പിന്നെ, ഭരണകൂടം എത്ര ലക്ഷം കോടിക്ക് 'തീവ്രവാദനിരോധ' ഉപാധികളും സാങ്കേതികവിദ്യകളും വാങ്ങിയാലും ആളുകള്‍ സര്‍വ്വരും ആശ്വാസത്തിന്റെ നെടുവീര്‍പ്പേ പുറപ്പെടുവിക്കൂ, മറുത്തൊന്നും പറയില്ല. മറുമരുന്നുകളെ തോല്‍പിക്കുന്ന മഹാമാരികള്‍ തീവ്രവാദികള്‍ക്ക് കച്ചവടക്കാര്‍ അപ്പപ്പോള്‍ നല്‍കുകയും ചെയ്യും!'
'ഈ ദുരന്തകാലം എന്നെങ്കിലും അവസാനിക്കുമൊ സര്‍?'
'പിന്നില്ലാതെ! ഒന്നുകില്‍ യജമാനന്‍മാരെ പട്ടികള്‍ തിരിഞ്ഞു കടിക്കുന്ന സ്ഥിതി വന്നാല്‍. ആ അവസ്ഥ ഏതാണ്ട് ആയി വരുന്നു! അല്ലെങ്കില്‍, മനുഷ്യര്‍ക്ക് സന്‍മനസ്സുണ്ടായാല്‍. അതത്ര എളുപ്പമുള്ള കൃഷിയല്ല! കണ്ടാലറിയാത്ത ഉണ്ണികള്‍ കൊണ്ടുതന്നെ പഠിക്കണം!'
ഒരു പറ്റം കുറുനരികള്‍ നടുറോട്ടില്‍ നിന്ന് കൂട്ടമായി ഓരിയിടുന്നത് ചൂണ്ടി സാര്‍ തുടര്‍ന്നു, 'കണ്ടോ? ശവമാണ് ഇവറ്റയുടെ തീറ്റ. ഇത്ര അടുത്ത് മുന്‍പെന്നെങ്കിലും ഇവ വരാറുണ്ടൊ? അത്ഭുതമായി ഇരിക്കുന്നു അല്ലെ? ഒട്ടും സംശയമില്ല, കനത്ത മുന്നറിയിപ്പാണ്.
 
Email
Feedback
 
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയിലൂടെ സാറാ അബൂബക്കര്‍ വളരെ പെട്ടെന്നാണ് കന്നഡ സാഹിത്യ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ...
 
പ്രതികരിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം: ഡോ: ബി സന്ധ്യ ഐ പി എസ്  
സംഗീതം തന്നെ ജീവിതം  
ആഴക്കടലിന്റെ തോഴി  
എണ്‍പതിന്റെ നിറവില്‍ 'മഹിളാലയം ചേച്ചി'  
ഭാഷക്കും സംസ്‌കാരത്തിനുമായി നിലകൊണ്ട കവിത  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies